പത്തനംതിട്ട: മാർച്ച് നാലിന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷക്ക് ജില്ലയിൽ 10,044 വിദ്യാർഥികൾ. കഴിഞ്ഞ വർഷം 10,214 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. കഴിഞ്ഞ തവണത്തേക്കാൾ 170 കുട്ടികളുടെ കുറവുണ്ട്. പത്തനംതിട്ട, തിരുവല്ല വിദ്യാഭ്യാസ ജില്ലകളിലാകെ 166 പരീക്ഷ കേന്ദ്രങ്ങളുണ്ടാകും. വിദ്യാഭ്യാസ വകുപ്പ് അധികൃതരും സ്കൂളുകളിലും പരീക്ഷക്കുള്ള തയാറെടുപ്പുകൾ അവസാന ഘട്ടത്തിലാണ്.
സ്കൂളുകളിൽ മോഡൽ പരീക്ഷ പൂർത്തീകരിച്ച് ഉത്തരക്കടലാസുകൾ ബുധനാഴ്ച കൈമാറും. തുടർന്ന് കൂടുതൽ ശ്രദ്ധിക്കേണ്ട വിഷയങ്ങളും പാഠഭാഗങ്ങളും സംബന്ധിച്ച് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് നിർദേശങ്ങൾ നൽകും. പരീക്ഷക്ക് ആവശ്യമായ അധ്യാപകരുടെ നിയമനങ്ങളും മറ്റും അവസാന ഘട്ടത്തിലാണ്. മാർച്ച് 25 വരെയാണ് പരീക്ഷ. ഓരോ പരീക്ഷക്ക് ശേഷവും ഒന്നും രണ്ടും ദിവസത്തെ ഇടവേളയുണ്ട്. ബുധനാഴ്ച മുതൽ ഹാൾ ടിക്കറ്റുകൾ വിതരണം ചെയ്ത് തുടങ്ങും.
പ്രതിരോധിക്കാനാകാത്ത കൊടും ചൂടിൽ വെന്തുരുകുകയാണ് വിദ്യാർഥികളും. പകൽച്ചൂടിന്റെ കാഠിന്യത്തിൽ ജില്ല പൊള്ളുകയാണ്. പത്ത്, 12 ക്ലാസുകളിലെ മോഡൽ പരീക്ഷകൾക്കിടെ വെയിലിന്റെ കാഠിന്യംമൂലം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് വിദ്യാർഥികളാണ്. പത്താം ക്ലാസ്, പ്ലസ് വൺ, പ്ലസ് ടു മോഡൽ പരീക്ഷകൾ പൂർത്തിയായി.
ഇടവേളകളിൽപോലും ക്ലാസ് മുറിക്കു പുറത്തേക്ക് കുട്ടികളെ വിടുന്നില്ലെന്ന് അധ്യാപകർ പറയുന്നു. കൊച്ചുകുട്ടികൾക്ക് പ്രത്യേക കരുതലുണ്ട്. ജലക്ഷാമമാണ് പല സ്കൂളുകളിലെയും പ്രശ്നം. സ്കൂളുകളിലെയും കുടിവെള്ള സ്രോതസ്സുകൾ വറ്റി. പൈപ്പ് വെള്ളവും ലഭിക്കുന്നില്ല.
പകൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെയെത്തി. സമീപദിവസങ്ങളിലെ ഏറ്റവും കൂടിയ ചൂടാണ് പലയിടങ്ങളിലും രേഖപ്പെടുത്തിയത്. കാലാവസ്ഥയിലുണ്ടായ മാറ്റം രോഗങ്ങൾ പടർന്നുപിടിക്കാനും കാരണമായി. പൊടിശല്യവും അതിരൂക്ഷമാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണമെന്നും ക്ലാസ് മുറികളിൽ വായുസഞ്ചാരം ലഭ്യമായിരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. പരീക്ഷാക്കാലമായാൽ പരീക്ഷ ഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. കുട്ടികളെ വിനോദസഞ്ചാരത്തിനിടെ 11 മുതല്‍ മൂന്നുവരെ നേരിട്ട് ചൂട് ഏല്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക.
അംഗൻവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതത് പഞ്ചായത്ത് അധികൃതരും ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിർദേശത്തിൽ പറയുന്നു.
എസ്.എസ്.എൽ.സി വിദ്യാർഥികൾക്കായി പ്രത്യേക ക്ലാസുകളാണ് ജില്ലയിൽ ക്രമീകരിച്ചത്. മോഡൽ പരീക്ഷയോടനുബന്ധിച്ചാണ് ഇതു ക്രമീകരിച്ചത്. രാത്രിയിലും ക്ലാസുകൾ നടത്തിയ സ്കൂളുകളുണ്ട്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കായാണ് പ്രത്യേക ക്ലാസുകൾ.
വിജയ ശതമാനത്തിൽ ഇക്കുറിയും നൂറു ശതമാനത്തിലെത്തിക്കാനുള്ള എല്ലാ തയാറെടുപ്പും സ്കൂളുകൾ നടത്തിക്കഴിഞ്ഞു. പലതവണ ക്ലാസ് പരീക്ഷകളും പ്രത്യേക ക്ലാളാസുകളും നൽകി.
വിഷയങ്ങളിൽ പിന്നാക്കമുള്ള വിദ്യാർഥികൾക്ക് പ്രത്യേകം രാത്രികാല ക്ലാസുകളും നടത്തി. കുട്ടികളെ പരീക്ഷക്ക് തയാറാക്കാൻ രക്ഷാകർത്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അധ്യാപകർ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.