പത്തനംതിട്ട: മാർത്തോമ്മാ സഭയുടെ കീഴിലെ അയിരൂർ ജെ.എം. ആൻഡ് എം.എം മെമ്മോറിയൽ സെന്‍റർ ഫോർ ഹോളിസ്റ്റിക് ഡെവലപ്മെന്‍റ് നേതൃത്വത്തിൽ നിർമ്മിച്ച 21 സ്നേഹവീടുകളുടെ സമർപ്പണവും താക്കോൽദാനവും 10ന് വൈകിട്ട് മൂന്നിന് നടക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഭൂരഹിതർക്ക് വീട് വെച്ചു നൽകുന്നതിന് എഴുമറ്റൂർ പഞ്ചായത്തിലെ ഇരുമ്പുകുഴിയിൽ 1.73 ഏക്കർ ഭൂമി ഒരു സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയിരുന്നു. അർഹരായ 21 കുടുംബങ്ങളെ കണ്ടെത്തി 5 സെന്റ് വീതം നൽകിയാണ് വീടുകൾ പണിതത്.
സംസ്ഥാന ഹൗസിങ് ബോർഡിന്റെ ഗൃഹശ്രീ പദ്ധതി, മാർത്തോമ്മാ സഭയുടെ അഭയം എന്നീ പദ്ധതികൾ പ്രകാരം സ്നേഹവീടിന്‍റെ പ്രവർത്തനം 10 മാസം മുമ്പാണ് ആംഭിച്ചത്. 563 ച. അടി വിസ്തൃതിയുള്ള 21 കോൺക്രീറ്റ് വീടുകളാണ് നിർമ്മിച്ചത്. ഒരു വീടിന് 7 ലക്ഷത്തോളം രൂപ ചെലവായി. കൂടാതെ കമ്മ്യൂണിറ്റി സെന്ററും പൂർത്തീകരിച്ചു. സ്നേഹവീട് നഗറിലേക്കുള്ള റോഡിന് ആന്റോ ആന്റണി എം.പി 15 ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റ് ചെയ്തു. കുടിവെള്ളത്തിനു വേണ്ടി 1 സെന്റ് സ്ഥലം വിട്ട് നൽകിയതിനെ തുടർന്ന് 7 ലക്ഷം രൂപ ജലസംഭരണി നിർമ്മിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചു. കൂടാതെ ഒരു അംഗൻവാടിക്കു വേണ്ടി 5 സെന്റ് സ്ഥലം സെന്റർ പഞ്ചായത്തിന് നൽകി. വീടുകൾക്ക് ആവശ്യമായ ഫർണീച്ചർ ലഭ്യമാക്കിയിട്ടുണ്ട്.
വീടുകളുടെ താക്കോൽ ദാനം ഇരുമ്പുകുഴിയിൽ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തായും തോമസ് മാർ തിമൊഥെയോസ് എപ്പിസ്കോപ്പായും ചേർന്ന് നിർവഹിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ താക്കോൽ ദാനം മന്ത്രി വീണ ജോർജ് നിർവഹിക്കും.
വാർത്താ സമ്മേളനത്തിൽ അയിരൂർ ജെ.എം. ആൻഡ് എം.എം മെമ്മോറിയൽ സെന്‍റർ ഫോർ ഹോളിസ്റ്റിക് ഡെവലപമെന്‍റ് ഡയറക്ടർ ഫാ. വി.എസ്. സ്കറിയ, പബ്ലിസിറ്റി കൺവീനർ സാംകുട്ടി അയ്യക്കാവിൽ, ട്രഷറർ പി.പി അച്ചൻകുഞ്ഞ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.