പത്തനംതിട്ട: പട്ടികജാതി യുവാവായ പന്തളം തെക്കേക്കര ചെന്നായ്ക്കുന്ന് വടക്കേ ചരുവിൽ അജയന്റെ ദുരൂഹ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് സംയുക്ത സമര സമിതി ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം 22നാണ് അജയനെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഒരു ചെറിയ മരമായിരുന്നു ഇത്. മൃതദേഹം കണുമ്പോള്‍ മൂത്രനാളിയിലൂടെ രക്തം വാര്‍ന്നൊഴുകുന്ന നിലയിലായിരുന്നു. മൃതദേഹം കാണുന്ന ഏതൊരാള്‍ക്കും പ്രഥമദൃഷ്ട്യ കൊലപാതക ലക്ഷണം തോന്നുമായിരുന്നു.
അടുത്ത ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട പരാതി പൊലീസിന് നല്‍കിയിരുന്നു. എന്നാൽ പൊലീസ് യാതൊരുവിധ അന്വേഷണവും നടത്തിയില്ല. തുടര്‍ന്ന് ഈ കേസുമായി ബന്ധപ്പെട്ട് പോലീസിനെ സമീപിക്കുമ്പോൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടാൻ വൈകുന്നതുകൊണ്ടാണ് അന്വേഷണം താമസിക്കുന്നതെന്ന മറുപടിയാണ് ലഭിച്ചത്.
എന്നാൽ പോസ്റ്റ്മോർട്ടം നടന്ന ചെങ്ങന്നൂർ ഗവ. ആശുപത്രിയിൽ അന്വേഷിച്ചപ്പോൾ റിപ്പോർട്ട് തയ്യാറായിട്ടുെണ്ടന്നും റിപ്പോർട്ടിനായി പൊലീസ് സമീപിച്ചിട്ടില്ലെന്നുമുള്ള വിവരമാണ് അറിയാന്‍ കഴിഞ്ഞത്. സംഭവം നടന്ന രാത്രിയിൽ ചിലർ പ്രദേശത്തുകൂടി ഓടുന്നതും പിടിവലി നടക്കുന്നത് കണ്ടതായും സമീപ വീട്ടിലെ ഒരു കുട്ടി പൊലീസിന് മൊഴി നൽകുകയുണ്ടായി. ആ വഴിക്കും പോലീസ് അന്വേഷിച്ചില്ല. തൂങ്ങിമരണം നടന്ന മരത്തിന്റെ തൊട്ടുമുകളിലത്തെ സ്ഥലത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ടെന്ന വിവരം അറിയിച്ചപ്പോൾ അവിടം സന്ദർശിക്കാനും പൊലീസ് തയ്യാറായില്ല.
ഇതോടെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന ആവശ്യമുയർന്നത്. അജയന്റെ അമ്മ രോഗിയും മാനസിക വൈകല്യമുള്ളയാളുമാണ്. അമ്മൂമ്മ കിടപ്പുരോഗിയാണ്. അജയനായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. പൊലീസിന്റെ അനാസ്ഥയ്ക്കെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി, പൊലീസ് മേധാവി അടക്കുമുള്ളവർക്ക് പരാതി നൽകുമെന്നും സമരസമിതി ഭാരവാഹികള്‍ അറിയിച്ചു.
വാർത്താ സമ്മേളനത്തില്‍ സമരസമിതി കണ്‍വീനര്‍ അജയന്. ജി, വിജയന് മാമ്മൂട്, മേലൂട് ഗോപാലകൃഷ്ണന്, മരിച്ച അജയന്റെ ജ്യേഷ്ഠ സഹോദരന് ജയന് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.