തിരുവല്ല: രൂപമാറ്റം വരുത്തിയും അതിസുരക്ഷാ നമ്പർ പ്ലേറ്റിൽ കൃത്രിമത്വം കാട്ടിയും അമിത വേഗത്തിൽ അപകടകരമായ രീതിയിൽ ഓടിച്ച ന്യൂജൻ ബൈക്കുകൾ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു.വേളൂർ-മുണ്ടകം റോഡിൽനിന്ന് ശനിയാഴ്ച ഉച്ചക്കാണ് ബൈക്കുകൾ പിടികൂടിയത്. അരലക്ഷം രൂപയോളം പിഴ ചുമത്തി.
നാട്ടുകാർ നൽകിയ പരാതിയെത്തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് വേങ്ങൽ-വേളൂർ മുണ്ടകം റോഡിൽ പരിശോധന കർശനമാക്കിയത്. ലക്ഷങ്ങൾ വിലവരുന്ന ആഡംബര ബൈക്കുകളാണ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തത്.ബൈക്കിന്റെയും ടയർ മാറ്റി വീതികൂടിയ ടയർ ഇട്ടിട്ടുണ്ട്. സൈലൻസർ മാറ്റി പ്രത്യേക ശബ്ദംപുറപ്പെടുവിക്കുന്നവയാണ് പകരം വെച്ചിരിക്കുന്നത്.
അയ്യനവേലി പാലം മുതൽ കൂമ്പുംമൂട് വരെ ഏറക്കുറെ വിജനമായ ഭാഗത്ത് രാവും പകലും പുതുതലമുറ ബൈക്കുകളുമായി ചെറുപ്പക്കാർ സ്ഥിരമായി അഭ്യാസപ്രകടനം നടത്താറുണ്ട്. റോഡിനോടു ചേർന്ന ബണ്ടിൽ താമസിക്കുന്നവർക്കു വീടിനു പുറത്തേക്കിറങ്ങാൻ കഴിയാത്ത വിധം ബൈക്കുകൾ ചീറിപ്പായുന്നുവെന്നാണ് പരാതി. കൊച്ചുകുട്ടികൾ പലപ്പോഴും അപകടത്തിൽപെടാതെ കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്.
മോട്ടർ വാഹനവകുപ്പ് ജില്ല എൻഫോഴ്സ്മെന്റ് വിഭാഗം ഇൻസ്പെക്ടർ പി.വി. അനീഷിന്റെ നേതൃത്വത്തിൽ എം. ഷമീർ, മനു വിശ്വനാഥ്, സ്വാതി ദേവ്, എസ്. സാബു എന്നിവരടങ്ങിയ സംഘമാണ് വാഹനങ്ങൾ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.