പത്തനംതിട്ട: ചുട്ടുപൊള്ളിയ വെയിൽ, ഇടവേളയില്ലാതെ വേനൽ മഴ, തൊട്ടുപിന്നാലെ കാലവർഷം. ജില്ലയിലെ റബർത്തോട്ടങ്ങളിൽ ടാപ്പിങ് പ്രതിസന്ധി തുടരുകയാണ്. കനത്ത ചൂടിനെ തുടർന്ന് അഞ്ച് മാസത്തോളം ടാപ്പിങ് നിർത്തിയിരുന്നു.
ചൂടിന്റെ കാഠിന്യം വരുത്തിയ നഷ്ടങ്ങൾക്കിടെയാണ് വേനൽമഴ ശക്തമായത്. സാധാരണ വേനൽ മഴക്കിടെ കുറച്ച് ദിവസങ്ങൾ ടാപ്പിങിന് ലഭിക്കുമായിരുന്നു. എന്നാൽ, ഇത്തവണ കർഷകർക്ക് തോട്ടങ്ങളിൽ ഇറങ്ങാനായില്ല. മരങ്ങളിൽ മഴ മറയിടാനും സമയം ലഭിച്ചില്ല. അന്താരാഷ്ട്ര വിപണിയിൽ റബറിന്റെ വില കുതിച്ചുയരുകയാണ്.
കിലോക്ക് മൂന്ന് ഡോളർ വരെ ലഭിക്കും. സംസ്ഥാനത്ത് കിലോക്ക് 200 രൂപയിലേക്ക് റബർഷീറ്റ് വില എത്തി. സാഹചര്യം പ്രയോജനപ്പെടുത്താൻ വിപണിയിൽ റബർ കുറവാണ്. കാലാവസ്ഥ അനുകൂലമായിരുന്നെങ്കിൽ റബറിന് നല്ല വില കിട്ടുമായിരുന്നുവെന്ന് കർഷകർ പറയുന്നു.
റെയിൻ ഗാർഡിങ്ങിന് റബർ ബോർഡ് അനുവദിക്കുന്ന സബ്സിഡിയിൽ അനിശ്ചിതത്വം നിലനിൽക്കുന്നതായി റബർ ഉത്പാദക സംഘങ്ങളും കർഷകരും പറയുന്നു. നേരത്തെ റബർ ഉൽപാദക സംഘങ്ങൾ വഴിയായിരുന്നു റെയിൻ ഗാർഡിങ്ങിനുള്ള സബ്സിഡി വിതരണം ചെയ്തിരുന്നത്. ഉൽപാദക സംഘങ്ങൾ റെയിൻ ഗാർഡിങ് വസ്തുക്കൾ വാങ്ങി കർഷകർക്ക് മൂൻകൂറായി നൽകിയിരുന്നു.
പിന്നീട് റബർ ബോർഡ് ഈ തുക ഉൽപാദക സംഘങ്ങൾക്ക് അനുവദിച്ചു നൽകുകയായിരുന്നു. എന്നാൽ കഴിഞ്ഞവർഷം നൽകേണ്ട തുക പല സംഘങ്ങൾക്കും ഇതുവരെ ലഭിച്ചിട്ടില്ല. 5.6 കോടി രൂപയാണ് ഈ ഇനത്തിൽ റബർ ബോർഡ് നൽകാനുള്ളത്.
കുടിശ്ശിക ഉള്ളതിനാൽ പല സംഘങ്ങൾക്കും ഇതിനോട് താൽപര്യമില്ല. ഇതിനിടെയാണ് റബർ ബോർഡിന്റെ നിസ്സംഗത. ഈ വർഷം മുതൽ സബ്സിഡി തുക കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകുമെന്ന സൂചനകളുമുണ്ടായിരുന്നു.
സാധാരണ മേയ് മാസം പകുതിയോടെ കേരളത്തിലെ തോട്ടങ്ങളില്‍ മരങ്ങള്‍ക്ക് ഗാര്‍ഡ് (മഴ മറ -റെയിൻ ഗാർഡിങ്) ഇടുന്ന ജോലികള്‍ തുടങ്ങുന്നതാണ്. എന്നാല്‍ ഇക്കുറി അപ്രതീക്ഷിതമായി മഴ നേരത്തെയെത്തിയതോടെ ഇത് അസാധ്യമായിട്ടുണ്ട്. ജൂണില്‍ മഴ മാറിനിന്നെങ്കില്‍ മാത്രമേ ഈ ജോലികള്‍ പൂര്‍ത്തിയാക്കി ജൂലൈയോടെ തോട്ടങ്ങള്‍ സജീവമാകൂ. ഇതിനിടെ മഴക്കാല ടാപ്പിങ്ങിനായി മഴ മറ സ്ഥാപിക്കാനുള്ള പദ്ധതിയിലും അവ്യക്തത തുടരുന്നതായി റബർ കർഷകർ പറയുന്നു. കാലവർഷം തകർത്തുപെയ്യുന്ന ജൂൺ-ജൂലൈ മാസങ്ങളിൽ മഴ മറ സ്ഥാപിച്ചാൽ മാത്രമേ ടാപ്പിങ് നടത്താൻ കഴിയൂ. ഉത്പാദനം കുറവായതിനാൽ സാധാരണ വില ഉയർന്നുനിൽക്കുന്ന സമയമാണിത്. 30 ശതമാനം കർഷകർ മാത്രമാണ് മഴ മറ സ്ഥാപിച്ചത്. മികച്ച വരുമാനം ലഭിക്കേണ്ട ഈ സമയത്ത് ടാപ്പിങ് തുടങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നും കർഷകർ പറയുന്നു.
ഒരു ഹെക്ടർ സ്ഥലത്ത് ടാപ്പിങ് തുടങ്ങണമെങ്കിൽ കള നശീകരണം, റെയിൻ ഗാർഡിങ് എന്നിവ ഉൾപ്പെടെ 40,000- 45,000 രൂപ വരെ ചെലവിടേണ്ടിവരുമെന്ന് കർഷകർ പറയുന്നു. റെയിൻ ഗാർഡിങ് മാത്രം ഏറ്റവും കുറഞ്ഞത് 12000 രൂപയോളം ചെലവുവരും. റെയിൻ ഗാർഡിങ്ങിന് ഹെക്ടറിന് 4000 രൂപയാണ് റബർ ബോർഡ് സബ്സിഡിയായി അനുവദിക്കുന്നത്. പദ്ധതി ഇത്തവണയും തുടരുമെന്ന് കേന്ദ്രം വ്യക്തമാക്കിയെങ്കിലും റബർ ബോർഡ് ഇതുവരെ പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. സബ്സിഡി വിഷയത്തിൽ വ്യക്തത വേണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.