പത്തനംതിട്ട: ജില്ല സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കിയ സി.പി.ഐയുടെ പത്തനംതിട്ടയിലെ ജില്ല കമ്മിറ്റി ഓഫിസ് പൂട്ടി ഓഫിസിന്റെ ചുമതലയുള്ള സെക്രട്ടറി പോയതോടെ കമ്മിറ്റിക്ക് എത്തിയവർ വലഞ്ഞു.
എ.ഐ.വൈ.എഫിന്റെയും ചുമട്ടുതൊഴിലാളി സംഘടനയുടെയും കമ്മിറ്റികളാണ് ചേരാൻ തീരുമാനിച്ചിരുന്നത്. ഓഫിസ് അടഞ്ഞുകിടന്നതിനാൽ കമ്മിറ്റിക്ക് എത്തിയവർക്ക് ഏറെനേരം പുറത്തുനിൽക്കേണ്ടിവന്നു. ഓഫിസ് സെക്രട്ടറി സുന്ദരൻ കോയമ്പത്തൂരിൽ പോയതായിരുന്നു.
പാർട്ടി നടപടിയെടുത്ത ജില്ല സെക്രട്ടറി എ.പി. ജയന്റെ അനുകൂലിയാണ് ഓഫിസ് സെക്രട്ടറിയെന്നാണ് മറുപക്ഷം പറയുന്നത്. ഓഫിസ് തുറക്കാനാകാത്തതിനാൽ എ.ഐ.വൈ.എഫ് ജില്ല എക്സിക്യൂട്ടിവ് നടന്നത് ജോയന്റ് കൗൺസിൽ ഓഫിസിലാണ്. രണ്ട് മണിക്കൂറിനുശേഷം താക്കോൽ എത്തിച്ചു. സംഭവം അറിഞ്ഞ് സി.പി.ഐ ജില്ല നേതാക്കളും സ്ഥലത്തെത്തി.
എ.പി. ജയനെതിരായ നടപടിക്ക് പിന്നാലെ ജില്ലലെ സി.പി.ഐലിൽ വിഭാഗീയത രൂക്ഷമാണ്. അടൂരിൽ ജയനെ അനുകൂലിക്കുന്ന കുറച്ചുപേർ പാർട്ടിയിൽനിന്ന് രാജിവെച്ചിരുന്നു. എ.പി. ജയനെ നീക്കി ജില്ല സെക്രട്ടറിയുടെ ചുമതല മുല്ലക്കര രത്നാകാരനാണ് നൽകിയിരിക്കുന്നത്.
സംഭവം ബോധപൂർവമല്ലെന്ന് മുല്ലക്കര പറഞ്ഞു. സുന്ദരന്റെ മകൻ കോയമ്പത്തൂരിലാണ് പഠിക്കുന്നത്. പെട്ടെന്ന് അവിടേക്ക് പോകേണ്ടി വന്നു. സാധാരണ ഓഫിസ് പൂട്ടുമ്പോൾ താക്കോൽ അടുത്ത വീട്ടിൽ നൽകും.
എന്നാൽ, ഞായറാഴ്ച താക്കോൽ ബാഗിൽ ഇട്ടുപോയി. പ്രവർത്തകർ ബന്ധപ്പെട്ടപ്പോൾ വീട്ടിൽനിന്ന് താക്കോൽ ഓഫീിസിൽ എത്തിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.