പത്തനംതിട്ട: ജില്ലയിൽ സി.പി.എമ്മുമായുള്ള സി.പി.ഐയുടെ പോരിന് അന്ത്യമാകുന്നില്ല. കൊടുമൺ അങ്ങാടിക്കൽ സംഘർഷത്തിലെ ഉഭയകക്ഷി തീരുമാനങ്ങൾ നടപ്പാക്കാൻ സി.പി.എം തയാറാകാത്തത് സി.പി.ഐയെ ചൊടിപ്പിച്ചിരിക്കുകയാണ്.
എൽ.ഡി.എഫ് യോഗങ്ങളിൽനിന്ന് സി.പി.ഐ വിട്ടുനിൽക്കണമെന്ന ആവശ്യം ശക്തമാണ്. കഴിഞ്ഞദിവസം ചേർന്ന ജില്ല എക്സിക്യൂട്ടിവ് യോഗത്തിൽ ഭൂരിഭാഗം അംഗങ്ങളും ഈ ആവശ്യം ഉന്നയിച്ചു. കൊടുമൺ അങ്ങാടിക്കൽ സംഘർഷം സംസ്ഥാനമാകെ ചർച്ചയായിരുന്നു. ഇതിനെ പ്രതിപക്ഷ നേതാവുപോലും പരിഹസിക്കുന്ന സാഹചര്യമുണ്ടായി. അതേതുടർന്ന് സി.പി.എം-സി.പി.ഐ സംസ്ഥാന നേതൃത്വം ഇടപെട്ട് ഉപയകക്ഷി ചർച്ച നടത്തിയിരുന്നു. ശുഭപ്രതീക്ഷയാണ് ഉള്ളതെന്നാണ് ഇരുനേതൃത്വങ്ങളും കഴിഞ്ഞമാസം വ്യക്തമാക്കിയത്. സംഘർഷമുണ്ടാക്കിയ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു സി.പി.ഐ ഉന്നയിച്ച പ്രധാന ആവശ്യം. ജനുവരി 30നുള്ളിൽ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് സി.പി.എം ഉറപ്പുനൽകിയിരുന്നു. ആ ഉറപ്പ് പാലിക്കപ്പെട്ടില്ല. കുറ്റക്കാർക്കെതിരെ ഒരു നടപടിയും നേതൃത്വം കൈക്കൊണ്ടില്ല. ഇക്കാര്യത്തിൽ സി.പിഐ പ്രവർത്തകർക്കിടയിൽ അമർഷമുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന ജില്ല എക്സിക്യൂട്ടിവ് യോഗത്തിൽ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ജെ. വേണുഗോപാലൻ നായർ ഉൾപ്പെട്ട ചർച്ചയിലാണ് എൽ.ഡി.എഫ് ബഹിഷ്കരിക്കണമെന്ന ആവശ്യമുയർന്നത്.
ജില്ലയിൽ നടക്കുന്ന സി.പി.എമ്മിന്റെ പ്രധാനപ്പെട്ട പരിപാടികളിലൊന്നുംതന്നെ പങ്കെടുക്കേണ്ട എന്നാണ് സി.പി.ഐ ജില്ല നേതൃത്വത്തിന്റെ തീരുമാനം. എൽ.ഡി.എഫ് യോഗങ്ങൾ ബഹിഷ്കരിക്കാനുള്ള തീരുമാനമൊന്നും പാർട്ടി കൈക്കൊണ്ടിട്ടില്ലെന്ന് സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.