സമാന്തര അക്ഷയ കേന്ദ്രങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ജില്ല ഭരണകൂടം

പത്തനംതിട്ട: അക്ഷയകേന്ദ്രങ്ങളുടെ ലോഗോയും സമാന്തര പേരും നിറവും ഉപയോഗിച്ച് ജില്ലയില്‍ വ്യാപകമായി സ്വകാര്യ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ 0പ്രവർത്തിക്കുന്നതായി പരാതി.

പൊതുജനങ്ങളെ അക്ഷയകേന്ദ്രങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ച് അനധികൃതമായി സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ള ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ അറിയിച്ചു. ഇത്തരം കേന്ദ്രങ്ങളിലൂടെ പൗരന്‍മാരുടെ സര്‍ട്ടിഫിക്കറ്റുകളും രേഖകളും ദുരുപയോഗം ചെയ്യുന്നതായ പൊലീസ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടും നിലവിലുണ്ട്.

സമാന്തര ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെ നല്‍കേണ്ട സേവനങ്ങള്‍ ലഭ്യമാക്കുന്നില്ലെന്ന് ജില്ലതല ഉദ്യോഗസ്ഥരും വകുപ്പ് മേധാവികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഉറപ്പുവരുത്തേണ്ടതാണ്. സംസ്ഥാന സര്‍ക്കാറിന്‍റെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ലഭ്യമാക്കിയിട്ടുള്ള സേവനങ്ങള്‍ ഓണ്‍ലൈനായി നല്‍കുന്നതിനുള്ള അംഗീകൃത കേന്ദ്രങ്ങള്‍ അക്ഷയ കേന്ദ്രങ്ങളായിരിക്കെ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഇത്തരം സ്വകാര്യ ഓണ്‍ലൈന്‍ കേന്ദ്രങ്ങളിലെത്തി പൊതുജനങ്ങള്‍ വഞ്ചിതരാകാന്‍ പാടില്ല. ഇത്തരം ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ ഇ-ജില്ല അപേക്ഷ കൈകാര്യം ചെയ്യുന്നതായും അമിത ഫീസ് ഈടാക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

പുതിയ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കിയ ലൈസന്‍സില്‍ പരാമര്‍ശിച്ച സേവനങ്ങള്‍ മാത്രമാണോ നല്‍കുന്നത് എന്ന് പരിശോധിക്കേണ്ടതാണ്.

ലൈസന്‍സ് നല്‍കുമ്പോള്‍ അക്ഷയക്ക് സമാനമായ പേര്, കളര്‍കോഡ്, ലോഗോ എന്നിവ ഉപയോഗിക്കുന്നില്ലെന്നും ഉറപ്പുവരുത്തേണ്ടതാണ്.അക്ഷയ കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ ഫീസ് നിരക്ക് നിശ്ചയിച്ചിട്ടുള്ളതും ഇത് നിരീക്ഷിക്കുന്നതിന് സംവിധാനം ഉള്ളതുമാണ്. അമിത ഫീസ് ഈടാക്കുന്നവര്‍ക്കെതിരെ അന്വേഷണം നടത്തി ആവശ്യമായ ശിക്ഷാനടപടി സ്വീകരിച്ചുവരുന്നുണ്ട്. എന്നാല്‍, നിയമത്തിന്‍റെ പരിധിയില്‍ അല്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരെ നിരീക്ഷണ, നിയന്ത്രണ സംവിധാനം നിലവിലില്ല. ഇതുമായി ബന്ധപ്പെട്ട് തഹസില്‍ദാര്‍മാര്‍ ഇത്തരം ഓണ്‍ലൈന്‍ കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി നടപടി സ്വീകരിക്കേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു. അതേസമയം, അക്ഷയ കേന്ദ്രങ്ങളുടെ ചൂഷണം വ്യാപകമായതാണ് സമാന്തര സ്ഥാപനങ്ങൾ കൂണുപോലെ മുളച്ചുപൊന്താൻ കാരണമെന്നും പറയുന്നുണ്ട്.

വിവിധ സേവനങ്ങളുടെ നിരക്ക് എഴുതി പ്രദർശിപ്പിക്കാൻ അക്ഷയകേന്ദ്രങ്ങൾ തയാറാകുന്നില്ല. ആവശ്യങ്ങളുമായി എത്തുന്നവരോട് തോന്നിയപോലെയാണ് പലയിടത്തും ഫീസ് ഇടാക്കുന്നത്. പരാതി വ്യാപകമാണെങ്കിലും നടപടി അപൂർവമാണ്.

Tags:    
News Summary - District administration issues warning against parallel Akshaya centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.