മല്ലപ്പള്ളി: താലൂക്കിന്റെ കിഴക്കൻ മലയോര മേഖലയിലെ കോട്ടാങ്ങൽ, കൊറ്റനാട് പഞ്ചായത്തുകളിൽ വന്യമൃഗശല്യം രൂക്ഷമാകുന്നു.
വലിയകാവ് വനാർത്തിയോട് ചേർന്ന ഊട്ടുകുളം, നെടുമ്പാല, ഇഞ്ചാനിക്കുഴി, സർപ്പക്കാവ്, കിടാരക്കുഴി, നിർമലപുരം, പന്നയ്ക്കപ്പതാൽ, ചിരട്ടോലി, മാരംകുളം, ചട്ടുമൺ പ്രദേശങ്ങളിലാണ് പന്നി, കുരങ്ങ്, കുറുനരി എന്നിവയുടെ ശല്യം രൂക്ഷമായിരിക്കുന്നത്.
കഴിഞ്ഞ ദിവസം കോട്ടാങ്ങൽ പഞ്ചായത്തിലെ ഏഴുപേർക്ക് കുറുനരിയുടെ കടിയേറ്റിരുന്നു. കടിച്ച കുറുനരിക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. വളർത്തുമൃഗങ്ങളെയും കടിച്ചിട്ടുള്ളതിനാൽ ഭയാശങ്ക വർധിച്ചിരിക്കുകയാണ്.
നേരത്തേ കാട്ടുപന്നിയുടെ ആക്രമണമായിരുന്നെങ്കിൽ ഇപ്പോൾ കുറുനരിയുടെയും കുരങ്ങിന്റെയും വരവ് ദിനംപ്രതി വർധിക്കുകയാണ്. കാട്ടുപന്നി ശല്യം കാരണം വനാർത്തികളിൽ താമസിക്കുന്നവർക്ക് സന്ധ്യകഴിഞ്ഞാൽ വീടിനു വെളിയിൽ ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റവർ നിരവധിയാണ്.
നേരത്തേ ഇവറ്റകളുടെ ശല്യം വനമേഖലയോട് ചേർന്ന പ്രദേശത്ത് മാത്രമായിരുന്നെങ്കിൽ ഇപ്പോൾ ജനവാസ മേഖലയിലേക്കുള്ള കടന്നുകയറ്റം വ്യാപിച്ചിരിക്കുകയാണ്. കാട്ടുമൃഗങ്ങളുടെ ശല്യത്താൽ കൃഷിനാശം നേരിട്ട് നട്ടം തിരിയുന്ന പ്രദേശവാസികളുടെ ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലാണ്. വന്യജീവികളുടെ ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻപോലും അധികൃതർ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
നാല് മാസമായി ഈ ഭാഗത്ത് കാട്ടാന ശല്യം രൂക്ഷമായിട്ട്. പടക്കം പൊട്ടിച്ചും ബഹളംവെച്ചും ആനകളെ ഓടിച്ചിരുന്നു. എങ്കിൽ ഇപ്പോൾ എന്തുചെയ്താലും ആനകൾ പിന്തിരിയാൻ തയാറാകുന്നില്ലെന്നും വീട്ടുകാർ പറയുന്നു. കാട്ടാന ശല്യം രൂക്ഷമായതിനെ തുടർന്ന് പ്രദേശത്തുനിന്ന് ആളുകൾ മറ്റ് സ്ഥലങ്ങളിലേക്ക് പോകാനും തുടങ്ങിയിട്ടുണ്ട്. കുഞ്ഞുങ്ങൾ അടക്കമുള്ള വീടുകളുടെ പരിസരത്താണ് കാട്ടാനകൾ കൂട്ടമായെത്തി നാശം വിതക്കുന്നത്. രാത്രിയിൽ ഉറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയാണ് എന്നും വീട്ടമ്മമാർ പറയുന്നു.
കോന്നി: വടക്കേ മണ്ണീറയിൽ കൃഷിയിടത്തിന് സമീപം കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ദിവസങ്ങൾക്ക് മുമ്പാണ് കടുവ കാടുപിടിച്ചുകിടന്ന കൃഷിയിടത്തിൽ മ്ലാവിനെ കൊന്ന് ഭക്ഷിച്ചതായി നാട്ടുകാരുടെ ശ്രദ്ധയിൽപെടുന്നത്.
വനപാലകരെ വിവരം ധരിപ്പിച്ചതിനെ തുടർന്ന് ഇവർ സ്ഥലത്ത് എത്തുകയും കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയുമായിരുന്നു. മ്ലാവിനെ കൊന്നതിന് ശേഷം നിരവധി തവണ കടുവ ഇതിനെ ഭക്ഷിക്കാൻ എത്തിയതായി പറയുന്നുണ്ട്.
പ്രദേശത്ത് ജനവാസ മേഖലയോട് ചേർന്ന് കാടുപിടിച്ചുകിടക്കുന്ന കൃഷിയിടങ്ങൾ വന്യജീവികളുടെ സ്ഥിരം താവളമായി മാറുകയാണ് ഇപ്പോൾ. ഏക്കർ കണക്കിന് ഭൂമിയുള്ള സ്വകാര്യ വ്യക്തികൾ ഈ ഭൂമിയിലെ കാടുകൾ തെളിക്കാത്തത് മൂലം പന്നിയും മറ്റ് ജീവികളും ഈ ഭൂമിയിലാണ് സ്ഥിരവാസം. വന്യജീവികളുടെ ശല്യം രൂക്ഷമായതോടെ ആളുകൾ വീട് ഉപേക്ഷിച്ച് പോകുന്ന സംഭവങ്ങളും വർധിക്കുന്നുണ്ട്. കൊക്കാത്തോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്നതാണ് ഈ പ്രദേശം. അടുത്തിടെ കോന്നി കുളത്തുമൺ ഭാഗത്തും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.