പത്തനംതിട്ട: വോട്ടെടുപ്പ് സമാധാനപരമെങ്കിലും യന്ത്രം വ്യാപകമായി പണിമുടക്കിയത് മണ്ഡലത്തിൽ സുഗമമായ വോട്ടെടുപ്പിന് തടസ്സമായി. അതുകൊണ്ട് തന്നെ വോട്ടെടുപ്പ് സമയപരിധിയായി ആറു മണി കഴിഞ്ഞും നിരവധി ബൂത്തുകളിൽ തുടർന്നു. എല്ലാവിധ പരിശോധനകളും പൂർത്തിയാക്കി പ്രവർത്തനക്ഷമത ഉറപ്പാക്കിയാണ് വോട്ടുയന്ത്രങ്ങൾ എത്തിച്ചതെങ്കിലും വോട്ടിങ് തുടങ്ങിയപ്പോൾ തന്നെ പല സ്ഥലത്തും തകരാർ കാണിച്ചു. നഗരത്തിലെ സെന്റ് മേരീസ് സ്കൂളിലെ 271 ാം നമ്പർ ബൂത്തിലും കുമ്പഴ വടക്ക് എൽ.പി സ്കൂളിലും അരമണിക്കൂർ വൈകിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. അടൂർ ടൗൺ ഗവ.യു.പി സ്കൂളിലെ 85ാം നമ്പർ ബൂത്തിലെ വോട്ടുയന്ത്രം തുടക്കം തന്നെ തകരാറിലായി. ഇവിടെ അര മണിക്കൂറിനു ശേഷമാണ് വോട്ടുചെയ്യാനായത്. ആനന്ദപ്പള്ളി ഗവ.എൽ.പി.സ്കൂളിലെ 82ാം നമ്പർ ബൂത്തിൽ അരമണിക്കൂർ യന്ത്രം പണിമുടക്കി. നെടുമൺ ഗവ.എൽ.പി സ്കൂളിൽ 194, 198 ബൂത്തുകളിൽ യന്ത്രങ്ങൾ പണിമുടക്കി.
ഏഴംകുളം ആർഷ വിദ്യാജ്യോതി പബ്ലിക് സ്കൂളിലെ 201ാം നമ്പർ ബൂത്തിലും തൃച്ചേന്ദമംഗലം ഹൈസ്കൂളിലെ 115ാം നമ്പർ ബൂത്തിലും തുവയൂർ വടക്ക് ഗവ.എൽ.പി.എസിലെ 168ാം നമ്പർ ബൂത്തിലേയും യന്ത്രങ്ങൾ പണിമുടക്കി. വോട്ടിങ് മന്ദഗതിയിലായതിനാൽ നിരവധി സ്ഥലങ്ങളിൽ ആറു മണി കഴിഞ്ഞും പോളിങ് തുടർന്നു. വൈകുന്നേരം അഞ്ചുവരെയും നാൽപതോളം യന്ത്രങ്ങളാണ് മാറ്റി സ്ഥപിക്കേണ്ടി വന്നത്. കോന്നി: കോന്നി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ വോട്ടുയന്ത്രവും വിവി പാറ്റ് യന്ത്രവും തകരാറിലായി. കോന്നി ഐരവൺ പി.എസ്.വി.പി.എം എച്ച്.എസ് എസിലെ 205, 206 ബൂത്തുകളിലെ വോട്ടുയന്ത്രങ്ങളാണ് ആദ്യം തകരാറിൽ ആയത്. 7.45ഓടെയാണ് 206ാം ബൂത്തിൽ വോട്ടുയന്ത്രം തകരാറിൽ ആയത്.
ആദ്യത്തെ വോട്ടുയന്ത്രത്തിന്റെ തകരാർ അരമണിക്കൂർ എടുത്താണ് പരിഹരിച്ചത്. ഇതിനുശേഷം 205ാം ബൂത്തിലെ മെഷീനും തകരാറിലായി. ഇതിന്റെ തകരാർ പരിഹരിക്കാനും ഒരു മണിക്കൂർ വേണ്ടിവന്നു. ഈ സമയം വോട്ട് രേഖപെടുത്താൻ എത്തിയ പകുതി ആളുകളും തിരികെ മടങ്ങി. പ്രമാടം ഗ്രാമപഞ്ചായത്തിലെ ളാക്കൂർ ജി.എൽ.പി.എസിൽ 108 ാം നമ്പർ ബൂത്തിലെ മെഷീൻ തകരാർ നേരിട്ടത് മൂലം ഒന്നേകാൽ മണിക്കൂർ സമയം വോട്ടിങ് നിർത്തിവെച്ചു.
പ്രമാടം പഞ്ചായത്തിൽ കൂടുതൽ ആളുകൾ വോട്ട് ചെയ്ത ബൂത്ത് ആയിരുന്നു ഇത്. അട്ടച്ചാക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് സ്കൂളിലെ 86ാം നമ്പർ ബൂത്തിൽ വോട്ടുയന്ത്രം തകരാറിലായത് വോട്ടിങ്ങിനെ സാരമായി ബാധിച്ചു. ഇത് മാറ്റി സ്ഥാപിച്ചതിന് ശേഷമാണ് വോട്ടിങ് തുടർന്നത്. 22ാം ബൂത്തിൽ വിവി പാറ്റ്മെഷീനും തകരാറിൽ ആയിരുന്നു. മലയാലപ്പുഴ ജി.എൽ.പി.എസിലെ 11 ആം നമ്പർ ബൂത്തിലും മെഷീൻ തകരാറിലായി. അരുവാപ്പുലം മുതുപേഴങ്കൽ ബൂത്തിലും മെഷീൻ തകരാറിലായി. കൂടുതൽ പോളിങ് രേഖപ്പെടുത്തിയ സമയങ്ങളിലായിരുന്നു വോട്ടുയന്ത്രങ്ങൾ തകരാറിൽ ആയത് എന്നതാണ് ശ്രദ്ധേയമായ കാര്യം. പന്തളം: വോട്ടുയന്ത്രം വ്യാപകമായി പണിമുടക്കി. വോട്ടിങ് ആരംഭിച്ച അരമണിക്കൂർ പിന്നിട്ടപ്പോൾ ചേരിയക്കൽ ഗവ. എസ്. വി.എൽ.പി സ്കൂളിലും മങ്ങാരം ഗവ. യു.പി.എസ് സ്കൂളിലും തോന്നലൂർ ഗവ. യു.പി സ്കൂളിലും വോട്ടിങ് മെഷീൻ പണിമുടക്കി. മിക്ക ബൂത്തുകളിലും തെരഞ്ഞെടുപ്പ് തടസ്സപ്പെടുകയും ചെയ്തു. പിന്നീട് വോട്ടുയന്ത്രം മാറ്റി സ്ഥാപിച്ചാണ് തെരഞ്ഞെടുപ്പ് പുനരാരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.