പത്തനംതിട്ട: തെരഞ്ഞെടുപ്പിൽ ഇക്കുറി രാജ്യമൊട്ടുക്കും സാമ്പത്തികം പ്രധാന ചർച്ചവിഷയമാണ്. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ സമ്പത്തും സാമ്പത്തിക സ്രോതസ്സും മരവിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക പരാധീനതകളുടെ ആരോപണ പ്രത്യാരോപണങ്ങളിൽ കിഫ്ബിയും മസാലബോണ്ടും പ്രധാന്യത്തോടെ ഇടംപിടിച്ചിരിക്കുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് പിന്നാലെ കൂടിയിരിക്കുന്ന മുൻ ധനമന്ത്രി സ്ഥാനാർഥിയായ പത്തനംതിട്ട ഇത്തരുണത്തിൽ ദേശീയ തലത്തിലേക്ക് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. സഹകരണ ബാങ്കുകളിലെ വായ്പതട്ടിപ്പുകളും പൊതുതെരഞ്ഞെടുപ്പിൽ മേടച്ചൂടിന് മേൽ കത്തിക്കയറി. നിക്ഷേപകരുടെ പണം തിരികെ നൽകാൻ കഴിയാത്ത സംസ്ഥാനത്തെ 12 സഹകരണ ബാങ്കുകൾ ഇ.ഡിയുടെ നിരീക്ഷണത്തിലാണ്.
തൃശൂർ കരുവന്നൂർ, തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കുകളിലെ വായ്പതട്ടിപ്പുകളുടെ സമാന രീതിയിൽ പരാതികളുയർന്ന സ്ഥാപനങ്ങളെ കുറിച്ച് കേന്ദ്രധനമന്ത്രാലയത്തിനും റിസർവ് ബാങ്കിനും നൽകിയ റിപ്പോർട്ടിലാണ് ജില്ലയിലെ രണ്ടെണ്ണവും ഇടം പിടിച്ചിരിക്കുന്നത്. മൈലപ്ര സർവിസ് സഹകരണ ബാങ്ക്, കോന്നി റീജനൽ സഹകരണ ബാങ്ക് എന്നിവയാണ് ഇ.ഡിയുടെ നിരീക്ഷണത്തിൽ ഉൾപ്പെട്ടത്. കേസെടുത്ത് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലായതോടെ തെരഞ്ഞെടുപ്പിൽ ഈരണ്ട് സഹകരണ ബാങ്കുകളിലെ തട്ടിപ്പുകൂടി ചർച്ചയിൽ ഇടംപിടിച്ചു. വിഷയത്തിൽ ആരോപണ പ്രത്യാരോപണവുമായി എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും കളം നിറച്ചു.
കോന്നി മണ്ഡലത്തിൽ പ്രവർത്തിക്കുന്ന ഇരു സഹകരണ സംഘങ്ങളും വർഷങ്ങളായി ഭരിച്ചിരുന്നത് സി.പി.എമ്മാണ്. ഇതിനു പുറമെ ഓമല്ലൂർ, നെടുമ്പ്രം തുടങ്ങിയ നിരവധി സഹകരണ ബാങ്കുകളിൽനിന്ന് നിക്ഷേപം പിൻവലിക്കാനാകാതെ ജനം ബുദ്ധിമുട്ടുന്നതും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. നിക്ഷേപകരെ രംഗത്തിറക്കി യു.ഡി.എഫും എൻ.ഡി.എയും പ്രചാരണ ആയുധമാക്കുമ്പോൾ മറുപടിയുമായി എൽ.ഡി.എഫും രംഗത്തുണ്ട്. സ്വകാര്യ ധനകാര്യ സ്ഥാനപങ്ങളുടെ നിക്ഷേപതട്ടിപ്പും ചിട്ടിതട്ടിപ്പുംവഴി കോടികളാണ് ജില്ലയിൽനിന്ന് നഷ്ടപ്പെട്ടിരിക്കുന്നത്. നിയമത്തിന്റെ പഴുതിൽ സ്ഥാപനങ്ങൾ നടത്താൻ അധികൃതർ അനുമതി നൽകിയതും വോട്ടർമാർ ചോദ്യമായി ഉയർത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.