പത്തനംതിട്ട: പ്രളയക്കെടുതിയിലായ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ രക്ഷതേടിയത് മൂവായിരത്തോളം പേർ. തകർന്നത് 38 വീട്. കോടികളുടെ കൃഷിനാശം. ജില്ലയിൽ ക്യാമ്പുകളുടെ എണ്ണം 71 ആയി ഉയർന്നു. ഇവിടങ്ങളിൽ ആയിരത്തിലേറെ കുടുംബങ്ങളാണ് കഴിയുന്നത്.
മഴ ഏറ്റവും കെടുതിവിതച്ച അപ്പർകുട്ടനാട് ഉൾപ്പെട്ട തിരുവല്ല താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകളുള്ളത്. ഇവിടെ 54 ക്യാമ്പിലായി 729 കുടുംബങ്ങളിലെ 2423 പേര് കഴിയുന്നു. കോഴഞ്ചേരി താലൂക്കില്‍ എട്ടു ക്യാമ്പ് പ്രവർത്തിക്കുന്നു. 63 കുടുംബങ്ങളിലെ 232 പേരാണ് ഇവിടെയുള്ളത്. മല്ലപ്പള്ളി താലൂക്കില്‍ എട്ട് ക്യാമ്പിലായി 49 കുടുംബങ്ങളിലെ 162 പേര് കഴിയുന്നു. അടൂര്‍ താലൂക്കില്‍ പന്തളത്ത് തുറന്ന ഒരു ക്യാമ്പില്‍ നാലു കുടുംബങ്ങളിലെ ഒമ്പതു പേരെ മാറ്റിപ്പാർപ്പിച്ചു. ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് മല്ലപ്പള്ളി താലൂക്കിലെ നാലും തിരുവല്ല താലൂക്കിലെയും റാന്നി താലൂക്കിലെയും ഒരു ക്യാമ്പ് വീതവും നിർത്തി. കോന്നിയില്‍ ക്യാമ്പ് ആരംഭിച്ചിട്ടില്ല.
കോഴഞ്ചേരിയില്‍ മൂന്നും അടൂരില്‍ 11ഉം കോന്നിയില്‍ എട്ടും റാന്നിയില്‍ ഏഴും മല്ലപ്പള്ളിയില്‍ നാലും തിരുവല്ലയില്‍ അഞ്ചും വീടുകളാണ് ഭാഗികമായി തകര്‍ന്നത്.
രണ്ട് ദിവസമായി ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയാണ്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ റോഡുകളിൽ വ്യാപകമായി വെള്ളക്കെട്ടും ഗതാഗത തടസ്സവും നേരിടുന്നുണ്ട്. സംസ്ഥാന പാതകളിലും വെള്ളക്കെട്ടുണ്ട്. എം.സി റോഡിൽ പലയിടത്തും രൂപപ്പെട്ട വെള്ളക്കെട്ടിൽ ഗതാഗത തടസ്സം നേരിടുന്നു. നാട്ടുകാർ രംഗത്തിറങ്ങിയാണ് ഒരു വരിയായി വാഹനങ്ങൾ കടത്തിവിട്ടത്. നിർമാണം പുരോഗമിക്കുന്ന പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ വ്യാപകമായി വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം ബുദ്ധിമുട്ടിലാണ്. കനത്ത കാറ്റിൽ നിരവധി പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വൈദ്യുതിബന്ധം തകരാറിലായി. പലപ്രദേശങ്ങളിലും പാടത്ത് നിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ ചരിഞ്ഞ് അപകട ഭീഷണിയായിട്ടുണ്ട്. കടന്നുപോകുന്ന വൈദ്യുതി ലൈനുകളും കൈ ദൂരത്തിലെത്തിയത് ജീവന് ഭീഷണി ഉയർത്തുന്നു.
വ്യാഴം, വെള്ളി ദിവസങ്ങളിൽ മഴക്ക് അൽപം ശമനം ഉണ്ടായി. എന്നാൽ, ഇടവിട്ട് പെയ്യുന്ന കനത്ത മഴയായയതിനാൽ നദികളിലെയും തോടുകളിയെും ജലനിരപ്പ് താഴ്ന്നിട്ടില്ല. ജില്ലയിലെ ജലസംഭരണികളുടെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴയാണ്. സംസ്ഥാനത്ത് കഴിഞ്ഞദിവസവും ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ശബരിഗിരി പദ്ധതി മേഖലയിലാണ്. കക്കി-ആനത്തോട് സംഭരണികളിൽ 176 മി.മീ., പമ്പയിൽ 104 മി.മീ. മഴയും ലഭിച്ചു.
പമ്പ, മണിമല, അച്ചൻകോവിൽ നദികൾ ഇപ്പോഴും അപകട നിലയിലാണ് ഒഴുകുന്നത്. നദീതീരങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ കയറിയ വെള്ളം ഇടക്ക് ഇറങ്ങിയെങ്കിലും മഴ തുടരുന്നത് ഭീഷണിയാണ്. ഇവിടങ്ങളിൽ കൃഷിയാണ് വ്യാപകമായി നശിച്ചത്. ഓണം മുന്നിൽകണ്ട് കൃഷി ചെയ്തവരെല്ലാം വെള്ളത്തിലായി. കടം വാങ്ങിയും ബാങ്ക് വായ്പ തരപ്പെടുത്തിയും കൃഷി ചെയ്ത വാഴകർഷകർക്ക് വലിയ നഷ്ടം സംഭവിച്ചു. ജില്ലയിൽ ഏറ്റവും കൂടുതൽ പ്രളയം ബാധിച്ച അപ്പർകുട്ടനാട്ടിൽ വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിലാണ്. ക്യാമ്പുകളിൽ കഴിയുന്ന കർഷകർ തങ്ങളുടെ വളർത്തുമൃഗങ്ങളെ സംരക്ഷിക്കാനും ബുദ്ധിമുട്ടുന്നു. ഇവക്ക് നൽകാൻ മൃഗസംരക്ഷണ വകുപ്പിൽനിന്ന് ഭക്ഷ്യസാധനങ്ങൾ എത്തിച്ചുനൽകുന്നതിൽ വീഴ്ചയുണ്ടായതായി പരാതിയുണ്ട്. ഇവിടെയും ഓണം മുന്നിൽകണ്ടുള്ള കോടിക്കണക്കിന് രൂപയുടെ കൃഷിയാണ് വെള്ളത്തിലായത്. കൂടുതൽ ദിവസം വെള്ളം കെട്ടിനിന്നാൽ വാഴയും കപ്പയും ഉൾപ്പെടെ ചീഞ്ഞ് പോകും. താലൂക്കിലെ പല സ്ഥലങ്ങളും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയണ്. വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്ക് പുറംലോകവുമായി ബന്ധപ്പെടാനും കഴിയുന്നില്ല. പലയിടുത്തും ഭക്ഷ്യക്ഷാമവും നേരിടുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടുതൽ സജീവമാകണമെന്ന മുറവിളി ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.