ചുങ്കപ്പാറ: കോട്ടാങ്ങൽ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ മാലിന്യം തള്ളുന്നതായി പരാതി. മാരംകുളം-നിർമലപുരം റോഡിന്റെ പരിസരത്തും വിനോദസഞ്ചാര മേഖലയായ നാഗപ്പാറയിലും മത്സ്യമാംസവിശിഷ്ടങ്ങളും മദ്യക്കുപ്പികളും വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും മാലിന്യവും തള്ളുന്നതുമൂലം ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ദുർഗന്ധം വമിക്കുന്നതിനാൽ വീടുകളിൽപോലും ഇരിക്കാൻ കഴിയാത്ത സ്ഥിതിയായതോടെ പ്രദേശവാസികൾ അനുഭവിക്കുന്നത് ഏറെ ദുരിതമാണ്.
കഴിഞ്ഞ ദിവസം രാത്രി മാരംകുളം-നാഗപ്പാറ റോഡിലെ കൊട്ടാരംപടി, ഇലഞ്ഞിപ്പുറംപടി, നാഗപ്പാറ റോഡിന്റെ വശങ്ങളിലും മാലിന്യം തള്ളി. ഇതോടെ പ്രദേശത്ത് കുറുക്കൻ, കാട്ടുപന്നി, തെരുവുനായ്ക്കളുടെയും ശല്യം രൂക്ഷമാണ്. പക്ഷികളും മറ്റും മാലിന്യം കൊത്തിവലിച്ച് ജലസ്രോതസ്സുകളിൽ ഇടുന്നതിനാൽ ശുദ്ധജലവും മലിനമാകുന്ന സ്ഥിതിയാണ്. വിഷജന്തുകളുടെ ശല്യം കാൽ നടക്കാർക്കും ഭീഷണിയായിരിക്കുകയാണ്. നിരവധി തവണ പൊലീസിലും ബന്ധപ്പെട്ട അധികൃതർക്കും പരാതി നൽകിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
മാലിന്യം മാലിന്യം തള്ളുന്ന സാമൂഹിക വിരുദ്ധരെ കണ്ടെത്തി ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നാന്ന് നാട്ടുകാരുടെ ആവശ്യം. അധികാരികളുടെ അനങ്ങാപ്പാറ നയത്തിൽ പ്രതിഷേധിച്ച് ബഹുജനപ്രക്ഷോഭം ആരംഭിക്കുന്നതിന് നിർമലപുരം-ചുങ്കപ്പാറ ജനകീയ വികസന സമതി യോഗം തീരുമാനിച്ചു.
ഭാരവാഹികളായ കെ.യു. സോണി, ജോസി ഇലഞ്ഞിപ്പുറം, ജോയി പീടികയിൽ, ബാബു പുലിതിട്ട, ബിറ്റോ മാപ്പുര്, പ്രമോദ് ആക്കകുന്നേൽ, കെ.പി. തോമസ് കണ്ണാടിക്കൽ, സണ്ണി മോടിയിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.