പത്തനംതിട്ട: 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡ് വിഭജനത്തിന്റെ കരട് തയാറായി. ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ തയാറാക്കിയ കരട് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനു കൈമാറി. ജില്ലതല പരിശോധന പൂര്‍ത്തിയാക്കി തദ്ദേശ വാര്‍ഡ് ഡീലിമിറ്റേഷന്‍ കമീഷനു കൈമാറി. കമീഷന് നടത്തുന്ന പരിശോധനക്കുശേഷം നവംബര്‍ 16ന് കരട് വിഭജന പട്ടിക പ്രസിദ്ധീകരിക്കും. ഇതിന്മേല് ഡിസംബര്‍ ഒന്നുവരെ ആക്ഷേപങ്ങളും പരാതിയും സ്വീകരിക്കും. പരാതികളില്‍ അന്വേഷണ റിപ്പോര്‍ട്ട് ഡിസംബര്‍ 18ന് മുമ്പ് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനു നല്‍കണം. ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അന്വേഷണ റിപ്പോര്‍ട്ട് ഡിസംബര്‍ 26ന് മുമ്പും നല്‍കണമെന്നാണ് നിര്‍ദേശം.
ഇതിനുശേഷമാകും ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത് മണ്ഡലങ്ങളുടെ പുനര്‍വിഭജനം. 2011ലെ സെന്‍സസ് പ്രകാരമാണ് ജില്ലയിലെ ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ പുനര്വിഭജിച്ചിരിക്കുന്നത്. 2015നുശേഷം ഇപ്പോഴാണ് വാര്‍ഡുകളുടെ പുനര്‍വിഭജനം നടക്കാൻ പോകുന്നത്.
വിഭജനം ജനസംഖ്യാടിസ്ഥാനത്തില്‍
2011ലെ ജനസംഖ്യാടിസ്ഥാനത്തിലാണ് ഇത്തവണയും വാര്‍ഡ് വിഭജന നടപടികള്‍. 2015ല്‍ വാര്‍ഡുകള്‍ നിശ്ചയിച്ചതും 2011ലെ സെന്‍സസ് അടിസ്ഥാനത്തിലാണ്. കോവിഡ് മഹാമാരിക്കിടെ 2021ലെ സെന്‍സസ് നടക്കാത്ത സാഹചര്യത്തിലാണ് പഴയ കണക്കുകള്‍ വീണ്ടും എടുക്കേണ്ടിവന്നത്. വോട്ടര്‍മാരുടെ എണ്ണത്തിലുണ്ടായ വര്‍ധന കൂടി മാനദണ്ഡമാക്കിയാണ് ഇപ്പോഴത്തെ വിഭജനം.
ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡിലെയും ഒക്ടോബര്‍ ഒന്നിലെ അസസ്മെന്റ് രജിസ്റ്റര്‍ പ്രകാരമുള്ള വാസഗൃഹങ്ങളുടെ എണ്ണം കൂടി തിട്ടപ്പെടുത്തി. 2011ലെ സെന്‍സസ് പ്രകാരമുള്ള പഞ്ചായത്തിലെ ജനസംഖ്യയെ ആകെ വാസഗൃഹങ്ങളുടെ എണ്ണംകൊണ്ട് ഹരിച്ച് ഒരു വീട്ടിലെ ശരാശരി ജനസംഖ്യകണക്കാക്കും. ഓരോ നിര്‍ദിഷ്ട വാര്‍ഡിലും ഉള്‍പ്പെടുത്തേണ്ട വാസഗൃഹങ്ങളുടെ എണ്ണത്തെ ഒരു വീട്ടിലെ ശരാശരി ജനസംഖ്യകൊണ്ട് ഗുണിച്ച് വാര്‍ഡിലെ ജനസംഖ്യ തിട്ടപ്പെടുത്തിയാണ് നിര്‍ണയിക്കുന്നത്.
വാര്‍ഡുകളുടെ അതിര്‍ത്തി നിര്‍ണയവുമായി ബന്ധപ്പെട്ട് 10 വര്‍ഷം മുമ്പ് ഉപയോഗിച്ച രേഖകള്‍ പല പഞ്ചായത്തുകളിലും ലഭ്യമായിരുന്നില്ല. പുതുതായി വിഭജനം നടത്തിയപ്പോള്‍ ഡിജിറ്റല്‍ മാപ്പ് നല്‍കണമെന്ന് തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരുന്നു. സെക്രട്ടറിമാര്‍ നടത്തിയ കരടുവിഭജന റിപ്പോര്‍ട്ടിനൊപ്പം ഡിജിറ്റല്‍ മാപ് നവംബർ അഞ്ചിന് സമര്‍പ്പിച്ചിട്ടുണ്ട്.
53 ഗ്രാമപഞ്ചായത്തിലായി 48 പുതിയ വാര്‍ഡുകള്‍
ജില്ലയിലെ 53 ഗ്രാമപഞ്ചായത്തിലായി 48 പുതിയ വാര്‍ഡുകളാണ് രൂപവത്കരിക്കുന്നത്. ഒമ്പത് പഞ്ചായത്തില്‍ വാര്‍ഡുകളുടെ എണ്ണം കൂടുന്നില്ലെങ്കിലും ഇവിടങ്ങളിലും അതിര്‍ത്തികളില്‍ മാറ്റമുണ്ടാകും. 44 പഞ്ചായത്തിലാണ് അധിക വാര്‍ഡുകള്‍ രൂപംകൊള്ളുന്നത്.
ഇതില്‍ കോന്നിയില്‍ മാത്രം രണ്ട് വാര്‍ഡും മറ്റിടങ്ങളില്‍ ഓരോ വാര്‍ഡുമാണ് കൂടുന്നത്. എല്ലാ പഞ്ചായത്തുകള്‍ക്കും കുറഞ്ഞത് 14 വാര്‍ഡും ഉണ്ടാകും. പരമാവധി വാര്‍ഡുകള്‍ 24 ആയി നിജപ്പെടുത്തിയിട്ടുണ്ട്.പുതിയ വാര്‍ഡുകള്‍ രൂപവത്കരിക്കുമ്പോള്‍ സമീപത്തെ എല്ലാ വാര്‍ഡുകളുടെയും അതിര്‍ത്തികളില്‍ മാറ്റം വരുത്തിയാണ് സെക്രട്ടറിമാര്‍ കരട് തയാറാക്കിയിരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് നല്‍കിയിരിക്കുന്ന കരട് റിപ്പോര്‍ട്ട് മാനദണ്ഡങ്ങള്‍ പാലിച്ചുള്ളതാണെന്ന് ഉറപ്പാക്കുന്ന ജോലിയാണ് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍വഹിച്ചുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.