പത്തനംതിട്ട: നഗരത്തിലെ ജലക്ഷാമം സമ്പൂർണമായി പരിഹരിക്കുന്നതിനുള്ള പദ്ധതി തയാറാകുന്നു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സഹായത്തോടെ നടപ്പാക്കുന്ന അമൃത് പദ്ധതിക്ക് എട്ടു മുതൽ 50 കോടിയാണ് ലഭിക്കുക. മൊത്തം പദ്ധതി തുകയുടെ 10 ശതമാനമാണ് നഗരസഭ നൽകേണ്ടത്. എല്ലാ വീട്ടിലും പൈപ്പ് കണക്ഷൻ എത്തിക്കുകയാണ് ലക്ഷ്യം. കർമ പദ്ധതി തയാറാക്കുന്നതിനുള്ള വിവര ശേഖരണം പുരോഗമിക്കുകയാണ്.
ജല അതോറിറ്റിയുടെയും മറ്റ് വകുപ്പുകളുടെയും ഉന്നത ഉദ്യോഗസ്ഥരുടെ അവലോകന യോഗം നഗരസഭ ചെയർമാന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച നടന്നു. നഗരത്തിൽ 50 വർഷത്തേക്കുള്ള ആവശ്യകത മുന്നിൽക്കണ്ടാണ് പദ്ധതി തയാറാക്കി വരുന്നത്. ഇപ്പോഴത്തെ ജല സ്രോതസ്സായ അച്ചൻകോവിലാറിൽനിന്ന് ജില്ല ആസ്ഥാനത്തിന്റെ ആവശ്യകതക്ക് പൂർണമായും ജലലഭ്യത ഭാവിയിൽ ഉണ്ടാകില്ല എന്നും വിലയിരുത്തലുണ്ട്.
അതിനാൽ മണിയാർ ഡാമിൽനിന്ന് പ്രത്യേക പൈപ്പ് ലൈനിലൂടെ പത്തനംതിട്ട നഗരത്തിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള നിർദേശവും പ്രോജക്ടിലുണ്ട്. മണിയാറിലുള്ള പമ്പ ഇറിഗേഷൻ പദ്ധതിയുടെ സ്ഥലത്ത് ഇതിനാവശ്യമായ ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കും. പ്രതിദിനം 25 ദശലക്ഷം ലിറ്റർ വെള്ളമെങ്കിലും ശുദ്ധീകരിക്കാൻ ആവശ്യമായ പ്ലാന്റിനെക്കുറിച്ചുള്ള ആലോചനയാണ് ഇപ്പോഴുള്ളത്.
പത്തനംതിട്ട-കുമ്പഴ മേഖലകളിലെ ഉയർന്ന പ്രദേശങ്ങളിൽ വ്യത്യസ്ത കപ്പാസിറ്റിയിലുള്ള എട്ട് റിസർവോയർ സ്ഥാപിച്ച് അവിടേക്ക് വെള്ളം എത്തിച്ച് വിതരണം ചെയ്യാനുള്ള നിർദേശവും പദ്ധതിയിലുണ്ട്. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്കും നഗരസഭ എൻജിനീയറിങ് വിഭാഗത്തിനും പുറമെ വാട്ടർ അതോറിറ്റി റിട്ട. ചീഫ് എൻജിനീയർ സ്വാമിനാഥന്റെ സാങ്കേതിക ഉപദേശത്തോടെയാണ് റിപ്പോർട്ട് തയാറാക്കുന്നത്. റിപ്പോർട്ട് ജല കർമ പദ്ധതി ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര കമ്മിറ്റിക്ക് സമർപ്പിക്കും.
അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ പദ്ധതി കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന് അംഗീകാരത്തിനായി ഫെബ്രുവരിയിൽ തന്നെ സമർപ്പിക്കും. ഈ വർഷം തന്നെ പദ്ധതിയുടെ പ്രവർത്തനം ആരംഭിക്കുമെന്ന് നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു. കെ.എസ്.ടി.പി ഉദ്യോഗസ്ഥരുമായി ചേർന്ന് ശനിയാഴ്ച സംയുക്ത പരിശോധന നടത്തുമെന്നും കുമ്പഴ മേഖലയിൽ തകരാറുകൾ പരിഹരിക്കാൻ യുദ്ധകാല അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്നും വാട്ടർ അതോറിറ്റി എക്സി. എൻജിനീയർ യോഗത്തെ അറിയിച്ചു.
ഇന്ദിരാമണിയമ്മ, ജെറി അലക്സ്, അംബിക വേണു, കെ.ആർ. അജിത് കുമാർ, വാട്ടർ അതോറിറ്റി എക്സി. എൻജിനീയർ തുളസീധരൻ, അസി. എൻജിനീയർ സതീഭായി, മുനിസിപ്പൽ എൻജിനീയർ സുധീർ രാജ്, സ്വാമിനാഥൻ, മുനിസിപ്പൽ സെക്രട്ടറി ഷെർള ബീഗം തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.