പത്തനംതിട്ട: അരിവില കുത്തനെ ഉയർന്നതോടെ കുടുംബ ബജറ്റ് താളംതെറ്റി. പച്ചക്കറി, പലവ്യഞ്ജനങ്ങള്‍ക്കും വിലക്കയറ്റം രൂക്ഷമാണ്. ഹോട്ടൽ ഉടമകളും ഇതോടെ പ്രതിസന്ധിയിലാണ്. ശബരിമല സീസൺ തുടങ്ങുന്നതോടെ അരിക്ക് ചെലവ് കൂടുതലുള്ള ദിവസങ്ങളാണ്. മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ജ്യോതി അരിയുടെ വില കിലോക്ക് 38ൽ നിന്ന് 62ൽ എത്തി. റോസ് വടി അരിക്ക് 56 രൂപയും റോസ് ഉണ്ട അരിക്ക് 40 രൂപയുമാണ് മൊത്തവില. മറ്റു ബ്രാന്‍ഡുകള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. ആന്ധ്ര, കർണാടക, തമിഴ്നാട് സംസഥാനങ്ങളിൽനിന്നുള്ള അരിയുടെ വരവ് കുറഞ്ഞു. കൂടാതെ ജി.എസ്.ടിയും വില്ലനായി. മില്ലുകള്‍ പ്രവര്‍ത്തിക്കാത്തതാണ് ആന്ധ്രയില്‍നിന്ന് അരിവരവ് നിലക്കാന് കാരണം.
വിളവെടുപ്പില്‍ കുറവുണ്ടായതാണ് അരിവില കൂടാന്‍ കാരണമെന്നാണ് മില്ലുടമകള്‍ പറയുന്നത്. മില്ലുടമകള്‍ വില കൂട്ടി ചോദിക്കുന്നതിനാല്‍ പല കടയുടമകളും പുതിയ സ്റ്റോക്ക് എടുക്കാത്ത സ്ഥിതിയാണ്. സ്ഥിതി തുടര്‍ന്നാൽ വരും ദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമാകും.
വറ്റൽ മുളക്, ചെറിയുള്ളി എന്നിവക്കും വില വർധിച്ചിട്ടുണ്ട്. ചെറിയുള്ളി കിലോ 100 രൂപയിലെത്തിനിൽക്കുന്നു. ആറുമാസം മുമ്പ് 150 രൂപ വില ഉണ്ടായിരുന്ന പിരിയൻ മുളകിന് 425 രൂപക്ക് മുകളിലാണ് വില. മറ്റ് നിത്യോപയോഗ സാധനങ്ങൾക്കും വില വർധിച്ചിട്ടുണ്ട്.
ഓണം കഴിഞ്ഞപ്പോൾ മുതൽ സർക്കാറിന്റെ സപ്ലൈകോ, നീതി സ്റ്റോറുകളിൽ മിക്ക സാധനങ്ങളും ലഭ്യമല്ല. ഇതോടെ പൊതുജനങ്ങൾ പൊതുവിപണിയെയാണ് ആശ്രയിക്കുന്നത്.
ഹോട്ടലുകളിൽ ഊണ് നൽകുന്നതിനുപോലും നിയന്ത്രണമുണ്ട്. വിപണിയിൽ മോശം അരി ശേഖരിച്ച് കളർ ചേർത്ത് വിൽപന നടത്തുന്നതായുള്ള പരാതികളും വ്യാപകമാണ്. കഴുകുമ്പോഴാണ് ഇത് മനസ്സിലാകുക.
അരിവില കൂടിയതോടെ ഉപോൽപന്നങ്ങളായ അവൽ, പച്ചരി, അരിപ്പൊടികൾ, അരിമാവ് എന്നിവക്കും വില വർധിച്ചു.
ബിസ്കറ്റ്, സോപ്പ് തുടങ്ങിയവക്കെല്ലാം കമ്പനികൾ യഥേഷ്ടം വില കൂട്ടിക്കൊണ്ടിരിക്കുകയാണ്. പച്ചക്കറിയടക്കം പലതിന്റെയും വില കയറ്റുന്നത് ഇടനിലക്കാരും കച്ചവടക്കാരും ചേർന്നാണെന്ന് വ്യക്തമാണ്. ഇവരെയൊന്നും നിയന്ത്രിക്കാൻ ചെറുവിരൽ അനക്കാതെ സർക്കാർ ഉറക്കം നടിക്കുകയാണ്.
ജില്ലയിൽ നെല്ല് ഉൽപാദനം വർധിപ്പിക്കുന്ന പദ്ധതികൾ ഫലപ്രദമാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്. കാർഷിക മേഖലയിൽ ജില്ല പഞ്ചായത്ത് പല പദ്ധതികളും വിഭാവനം ചെയ്തെങ്കിലും നടപ്പായിട്ടില്ല. നെൽകൃഷിയിലേക്ക് കർഷകരെ ആകർഷിക്കാനും വരുമാനം നേടാനും ജനങ്ങൾക്ക് സുരക്ഷിത ഭക്ഷണം ലഭ്യമാക്കാനുംവേണ്ടി കൊടുമണ്ണിൽ മാത്രമാണ് കുറെ പ്രവർത്തനങ്ങൾ നടക്കുന്നത്. കഴിഞ്ഞ നാലുവർഷംകൊണ്ട് അരിയുടെ പേരിൽ നാലുപേരറിയുന്ന പഞ്ചായത്തായി വളർന്ന് തരിശ് നിലങ്ങൾ കൃഷിയോഗ്യമാക്കുന്നതിനു തീവ്രയജ്ഞ പരിപാടി കൃഷിഭവന്റെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ പിന്തുണയോടെ നടക്കുന്നുണ്ട്. 400 ഏക്കറോളം സ്ഥലത്ത് കൃഷിയിറക്കി കൊടുമൺ റൈസ് വിപണിയിൽ എത്തിക്കാൻ കഴിഞ്ഞത് നേട്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.