പത്തനംതിട്ട: കോഴഞ്ചേരി ജില്ല ആശുപത്രിയിൽ വനിത ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ലേ സെക്രട്ടറി അടക്കം മൂന്നുപേർക്ക് സസ്പെൻഷൻ. വനിത ഉദ്യോഗസ്ഥയുടെ പരാതി ഇന്റേണൽ കമ്മിറ്റി പരിഗണിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ലേ സെക്രട്ടറി കെ. ഗീത, ജൂനിയർ സൂപ്രണ്ട് എം.ബി. ബിജു, ക്ലർക്ക് ജിജി ശ്രീധർ എന്നിവരെയാണ് ആരോഗ്യ വകുപ്പ് സെക്രട്ടറി സസ്പെൻഡ് ചെയ്തത്.
ഉദ്യോഗസ്ഥയോട് ജൂനിയർ സൂപ്രണ്ടും ക്ലർക്കും അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തുവെന്നാണ് പരാതി. ഇതിൽ നടപടി വൈകിപ്പിച്ചതിനാണ് ലേ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തത്. ജില്ല വനിത ശിശു വികസന ഓഫിസറുടെ റിപ്പോർട്ട് പരിഗണിച്ച് മറ്റു രണ്ടുപേർക്കെതിരെയും നടപടി സ്വീകരിക്കുകയായിരുന്നു. ജോലി സ്ഥലത്തെ ലൈംഗികാതിക്രമം എന്ന വകുപ്പിൽ ഉൾപ്പെടുത്തി ഇന്റേണൽ കമ്മിറ്റി മുമ്പാകെ പരാതി ലഭിച്ചിരുന്നതും ഇതിൻമേൽ തുടർ നടപടി സ്വീകരിക്കാതിരുന്നതും ലേ സെക്രട്ടറിയുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയായി ഉത്തരവിൽ പരാമർശമുണ്ട്. ഇതു സംബന്ധമായ അന്വേഷണങ്ങളോട് ലേ സെക്രട്ടറി നിസ്സഹകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ജൂനിയർ സൂപ്രണ്ടിനും ക്ലർക്കിനും എതിരേ ലഭിച്ച പരാതിയിൽ അന്വേഷണം നടത്തിയ കമ്മിറ്റി ഇതിൽ വാസ്തവമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.