ശബരിമല: ശബരിമലയിലെ ഭക്ഷണശാലകളിലും വിവിധ സ്റ്റാളുകളിലും നവംബർ 17 മുതൽ അഡീഷനൽ ജില്ല മജിസ്ട്രേറ്റ് നിയോഗിച്ച സ്ക്വാഡ് നടത്തിയ പരിശോധനയിൽ വ്യാഴാഴ്ച വരെ പിഴയായി ഈടാക്കിയത് ഒമ്പതുലക്ഷത്തിലധികം രൂപ. ജനുവരി മൂന്നുമുതൽ 11 വരെയുള്ള കാലയളവിലാണ് ഏറ്റവുമധികം തുക പിഴ ഈടാക്കിയത് -2,37,000 രൂപ. ഡിസംബർ 19 വരെ 4,61,000 രൂപ പിഴ ഈടാക്കിയിരുന്നു. ആകെ ആറ് ഡ്യൂട്ടി മജിസ്ട്രേറ്റുകളുടെ കീഴിലാണ് സ്ക്വാഡുകൾ പ്രവർത്തിച്ചത്.
പഴകിയ സാധനങ്ങളുടെ വിൽപന, അമിതവില, അളവിൽ കുറവുവരുത്തുക എന്നിവയുമായി ബന്ധപ്പെട്ടാണ് പിഴ. വില പ്രദർശിപ്പിക്കാത്തവർക്ക് താക്കീത് നൽകിയിട്ടുണ്ട്.
വിരിവെക്കുന്നവരിൽനിന്ന് അമിത തുക ഈടാക്കിയതിനും ശൗചാലയങ്ങൾ ഉപയോഗിക്കുന്നതിന് കൂടുതൽ തുക വാങ്ങിയവർക്കും പിഴ ചുമത്തിയിട്ടുണ്ട്. തീർഥാടകരെ ചൂഷണം ചെയ്യുന്ന വിധത്തിൽ വ്യാപാരം നടത്തുന്നതിനെതിരെ നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്. ഡ്യൂട്ടി മജിസ്ട്രേറ്റിന്റെയും എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിന്റെയും കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ട് സ്ക്വാഡാണുള്ളത്.
റവന്യൂ, ലീഗൽ മെട്രോളജി, ആരോഗ്യം, സിവിൽ സപ്ലൈസ് തുടങ്ങി വിവിധ വകുപ്പുകളിലെ ജീവനക്കാരായ 14 പേരാണ് ഓരോ സ്ക്വാഡിലുമുള്ളത്. സന്നിധാനത്തും പരിസരത്തും ശുചിത്വം ഉറപ്പാക്കുന്നതിന് സാനിറ്റേഷൻ സ്ക്വാഡുകളുടെ പ്രവർത്തനവും ഊർജിതമാണ്. മകരവിളക്കിനോടനുബന്ധിച്ച് വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരും. മാനദണ്ഡങ്ങൾ പാലിക്കാതെ സന്നിധാനത്തും പരിസരത്തും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽനിന്ന് പിഴ ഈടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.