പത്തനംതിട്ട: ആറരക്കോടി മുടക്കി ആധുനിക നിലവാരത്തില്‍ നിര്‍മിച്ച കൈപ്പട്ടൂര്‍-വള്ളിക്കോട് റോഡ് അപകട ഭീഷണിയിൽ. അമിതവേഗതയില്‍ പായുന്ന വാഹനങ്ങളില്‍ നിന്ന് കാല്‍നട യാത്രക്കാര്‍ തലനാരിഴക്കാണ് രക്ഷപ്പെടുന്നത്. റോഡിന്റെ വശങ്ങളിലൂടെ നടന്നുപോകാൻ സ്ഥലം ഇല്ലാത്തതും ഓടകള്‍ക്ക് മൂടിയില്ലാത്തതുമാണ് അപകടത്തിന് കാരണം.
കഴിഞ്ഞയാഴ്ച കാറിടിച്ച് കാല്‍നട യാത്രികന് മരിച്ചതോടെ ഇതുവഴിയുള്ള യാത്ര ഭീതിജനകമായിട്ടുണ്ട്. കഴിഞ്ഞ 12ന് രാത്രി എട്ടിന് വള്ളിക്കോട് പൈനുംമൂട് ചിറപ്പുറത്ത് ഗോപാലകൃഷ്ണനാണ് (72) കാറിടിച്ച് മരിച്ചത്. കുടുംബത്തിനൊപ്പം ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ സാധനം വാങ്ങുന്നതിന് ഗോപാലകൃഷ്ണന് കാറില്‍ നിന്ന് ഇറങ്ങുകയായിരുന്നു.
തൊട്ടടുത്ത കടയില്‍ നിന്ന് സാധനങ്ങളും വാങ്ങി റോഡരികിലൂടെ നടക്കുമ്പോള്‍ കൈപ്പട്ടൂര്‍ ഭാഗത്ത് നിന്ന് എത്തിയ കാര്‍ ഇടിക്കുകയായിരുന്നു. റോഡിന്റെ വശത്തു കൂടി നടക്കാന്‍ ഇടമില്ലാത്തതും കാറിന്റെ അമിതവേഗവുമാണ് ഗോപാലകൃഷ്ണന്റെ ജീവനെടുത്തത്. കൈപ്പട്ടൂര്‍ ഭാഗത്ത് നിന്ന് വന്ന കാര്‍ പഞ്ചായത്ത് കുളത്തിന് സമീപം ഗോപാലകൃഷ്ണനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
100 മീറ്ററോളം ഗോപാലകൃഷ്ണനെ റോഡിലുടെ വലിച്ചിഴച്ച ശേഷമാണ് കാര്‍ നിന്നത്. ഉടന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അപകടം നടന്ന ഭാഗത്ത് റോഡിന്റെ വശങ്ങള് ഇല്ലെന്ന് തന്നെ പറയാം. പൂര്‍ണമായും റോഡ് മാര്‍ക്ക് ചെയ്തിരിക്കുകയാണ്. ഇതിന്റെ ഒരു ഭാഗത്ത് മൂടിയില്ലാത്ത ഓടയാണ്. വാഹനങ്ങള്‍ വരുമ്പോള്‍ വശങ്ങളിലേക്ക് കയറി നില്ക്കാന് യാത്രക്കാര്‍ക്ക് സാധിക്കില്ല.
അവര്‍ റോഡിലേക്ക് ഇറങ്ങി വേണം നടക്കാന്‍. ഈ റോഡിന്റെ പലഭാഗങ്ങളിലും ഇത്തരം അപകടമേഖലകളുണ്ട്. ചിലയിടത്ത് റിഫ്ലക്ടറുകളോട് കൂടിയ സിഗ്നല്‍ പോസ്റ്റുകള്‍ സ്ഥാപിച്ച് അപകടഭീഷണി ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ മൂടിയില്ലാത്ത ഓടകള്‍ വാഹന-കാല്‍നട യാത്രികര്‍ക്ക് ഭീഷണിയാണ്. റോഡിന് വീതി കുറഞ്ഞ വശങ്ങളില് നടപ്പാത നിര്‍മിച്ചും ഓടകള്‍ക്ക് മൂടിയിട്ടും ഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.