പത്തനംതിട്ട: കോന്നി കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള റോഡ് നിർമാണം തടസ്സപ്പെടുത്തി കൃഷി വകുപ്പ്. കേന്ദ്രീയ വിദ്യാലയത്തിന്റെ പുതിയ കെട്ടിട നിർമാണം പൂർത്തീകരിച്ച് കുട്ടികൾ പുതിയ കെട്ടിടത്തിലേക്ക് മാറാനിരിക്കേയാണ് ന്യായീകരണമില്ലാത്ത നടപടിയുമായി കൃഷിവകുപ്പ് രംഗത്തെത്തിയത്. കോന്നി മെഡിക്കൽ കോളജ് റോഡിൽ നിന്നും കേന്ദ്രീയ വിദ്യാലയത്തിലേക്ക് നിലവിലുള്ള റോഡാണിത്.
റോഡ് ഭൂരിഭാഗവും കടന്നുപോകുന്നത് കൃഷിവകുപ്പിന്റ വസ്തുവിലൂടെയാണ്. എന്നാൽ പഞ്ചായത്ത്രജിസ്റ്ററിൽ ഉൾപ്പെട്ട റോഡണിത്. എന്നിട്ടും റോഡ് നിർമാണത്തിന് എൻ.ഒ.സി നൽകാതെ തടസ്സ വാദങ്ങൾ ഉന്നയിച്ച് നിർമാണം തടസ്സപ്പെടുത്തുകയാണ് കൃഷി വകുപ്പ് ചെയ്തത്.
കൃഷിവകുപ്പിന്റെ അധീനതയിലുണ്ടായിരുന്ന പഴയ കോന്നി മുളകുകൊടിത്തോട്ടമാണ് മെഡിക്കൽ കോളജ് കാമ്പസിനായി കൈമാറിയത്. ഇതിലൊരു ഭാഗം കൈമാറി കേന്ദ്രീയ വിദ്യാലയത്തിന്റെ കെട്ടിട നിർമാണം തുടങ്ങുകയായിരുന്നു. എന്നാൽ റോഡിനുവേണ്ടി സ്ഥലം കൈമാറിയിട്ടിയിെല്ലന്ന സാങ്കേതിക ന്യായമാണ് കൃഷിവകുപ്പ് ഇപ്പോൾ ഉന്നയിക്കുന്നത്. അനുമതി നൽകാനാവില്ലെന്ന് ക്യഷി വകുപ്പ് അറിയിച്ചതോടെ റോഡ് പണി മുടങ്ങി.
കേന്ദ്രീയ വിദ്യാലയത്തിലേക്ക് വാഹനങ്ങൾ കടന്നുപോകണമെങ്കിൽ റോഡ് അത്യാവശ്യമാണ്. കൂടാതെ നാട്ടുകാരും ഉപയോഗിക്കുന്ന റോഡാണിത്. രാജ്യത്തെ ഏറ്റവും വലിയ കേന്ദ്രീയ വിദ്യാലയമാണ് കോന്നിയിലേത്. 29 കോടി രൂപ ചെലവഴിച്ച് കോന്നി മെഡിക്കൽ കോളജിന് സമീപമുള്ള എട്ട് ഏക്കറിലാണ് പുതിയ കേന്ദ്രീയവിദ്യാലയം നിർമിച്ചത്. രാജ്യാന്തര നിലവാരത്തിലുള്ള കെട്ടിട സമുച്ചയമാണിത്.
പുതിയ കെട്ടിടത്തിലേക്ക് കുട്ടികളെ പ്രവേശിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുകയാണ്. 4500 ചതുരശ്ര മീറ്ററിൽ 24 ആധുനിക ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. ജീവനക്കാർക്കായി 17 ക്വാർട്ടേഴ്സുകളും കാമ്പസിലുണ്ട്. മൾട്ടി പർപസ് ഇൻഡോർ ഹാൾ, ബാസ്കറ്റ്ബാൾ, ഫുട്ബാൾ കോർട്ടുകൾ, ഓഡിറ്റോറിയം എന്നിവയും പുതിയ കേന്ദ്രീയ വിദ്യാലയ സമുച്ചയത്തിലുണ്ട്.
ജില്ലയിലെ മൂന്നാമത്തെ കേന്ദ്രീയ വിദ്യാലയമാണ് കോന്നിയിലേത്. അടൂർ, ചെന്നീർക്കര കേന്ദ്രീയവിദ്യാലയങ്ങളാണ് മറ്റ് രണ്ട് എണ്ണം. അട്ടച്ചാക്കൽ സെൻറ് ജോർജ് സ്കൂൾ കേന്ദ്രീകരിച്ചാണ് നിലവിൽ കോന്നി കേന്ദ്രീയ വിദ്യാലയത്തിന്റെ പ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.