കോന്നി: നിയമലംഘനങ്ങൾ, മോഷണങ്ങൾ, സംഘർഷങ്ങൾ എന്നിവ നിരീക്ഷിക്കാൻ കോന്നി പൊലീസും വ്യാപാരി വ്യവസായ സംഘടനകളും കോന്നി ഫിനാൻസ് അസോസിയേഷനും ചേർന്ന് നഗരത്തിൽ സ്ഥാപിച്ച നിരീക്ഷണ കാമറകൾ കാണാനില്ല. 2019ൽ നാലു ലക്ഷം രൂപ മുടക്കി 15 ക്യാമറയാണ് സ്ഥാപിച്ചത്. എന്നാൽ, ഇതിൽ അഞ്ചെണ്ണം കാണാതായി. സംസ്ഥാന പാതയിൽ ചൈനമുക്ക് മുതൽ സെൻട്രൽ ജങ്ഷൻ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, താലൂക്ക് ആശുപത്രി എന്നിവടങ്ങളിൽ സ്ഥാപിച്ചവയാണ് കാണാതെ പോയത്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാത നിർമാണവുമായി ബന്ധപ്പെട്ട് കെ.എസ്.ടി.പി കരാർ തൊഴിലാളികളെ ഉപയോഗിച്ച് കാമറകൾ പലയിടത്തുനിന്നും എടുത്തുമാറ്റിയിരുന്നു. എന്നാൽ, ഇളക്കി മാറ്റിയ അഞ്ചെണ്ണം എവിടെയെന്ന് കരാർ കമ്പനിക്കോ കെ. എസ്.ടി.പിക്കോ അറിയില്ല.
വിഷയത്തിൽ കോന്നി താലൂക്ക് വികസന സമിതിയിലും ചർച്ച ഉന്നയിക്കപ്പെട്ടിരുന്നു. എന്നിട്ടും കാമറ കണ്ടെത്താൻ പരിഹാരമായില്ല. കാമറ കണ്ടെത്താൻ കോന്നി എസ്.എച്ച്.ഒ കെ.എസ്. ടി.പിക്കും കരാർ കമ്പനിക്കും നിർദേശം നൽകിയിരുന്നു. നിരീക്ഷണ കാമറകൾ ഇല്ലാതായതോടെ വാഹന അപകടങ്ങൾ, മോഷണങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവക്ക് വ്യക്തമായ തെളിവുകൾ ഇല്ലാതെ പോകും. ചൈനമുക്കിൽ കാമറ ഉണ്ടെങ്കിലും ഇത് റോഡിലേക്ക് ചാഞ്ഞു കിടക്കുകയാണ്. മണ്ഡലകാലം ആയതിനാൽ വാഹനാപകടങ്ങൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ കാമറകൾ ഇല്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.