അച്ഛനൊപ്പം വനം വകുപ്പിെൻറ പാമ്പുപിടിത്ത പരിശീലനം കാണാനെത്തിയ 19കാരിക്ക് ഇപ്പോൾ പാമ്പുപിടിത്തം ഹരം. സംസ്ഥാനത്ത് പാമ്പുപിടിത്തത്തിൽ വനംവകുപ്പിെൻറ ലൈസൻസ് നേടുന്ന ആദ്യ വനിതയെന്ന പദവിയും ഈ പെൺകുട്ടിക്ക് സ്വന്തം. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ മൂന്നാം വർഷ ബി.എ മലയാളം വിദ്യാർഥിനി ആഷ്ലി ചാർലിയാണ് നാട്ടിലിറങ്ങുന്ന പാമ്പുകളെ വരുതിയിലാക്കി 'ഹീറോയിനാ'കുന്നത്.
അടൂർ മണക്കാല ആലുവിള പുത്തൻവീട്ടിൽ വി.ടി. ചാർലിയെന്ന പൊതുപ്രവർത്തകൻ ചെറുപ്രായം മുതൽ പാമ്പുകളെ പിടികൂടുമായിരുന്നു. ഇതുകണ്ടാണ് മകൾ ആഷ്ലി വളർന്നത്. അച്ഛൻ പാമ്പിനെ പിടികൂടാൻ പോകുമ്പോൾ മകളും ഒപ്പംകൂടി. മൂർഖൻ, അണലി, ശംഖുവരയൻ, ചുരുട്ട ഉൾെപ്പടെ വിഷപ്പാമ്പുകളെ അച്ഛൻ പിടികൂടുന്നത് കണ്ട് തെല്ല് ഭയമുണ്ടായിരുന്നെങ്കിലും പിന്നീടതെല്ലാം മാറി.
അങ്ങനെയിരിക്കെയാണ് സാമൂഹിക വനവത്കരണ വിഭാഗം പാമ്പ് പിടിത്തക്കാർക്ക് ലൈസൻസ് നിർബന്ധമാക്കിയത്. ഇതിനായി പരിശീലനം നൽകാനും വനപാലകർക്ക് മുന്നിൽ പാമ്പുകളെ പിടികൂടുന്നവർക്ക് ലൈസൻസ് നൽകാനും വനം വകുപ്പ് തീരുമാനിച്ചു. ഇതിെൻറ ഭാഗമായി കോന്നി ആനത്താവളത്തിൽ നടന്ന പരിശീലനത്തിൽ പങ്കെടുക്കാൻ പുറപ്പെട്ട ചാർലിക്കൊപ്പം പരിശീലനം കാണാൻ ആഷ്ലിയും ഒപ്പംകൂടി. പരിശീലനത്തിനെത്തിയ 20 പേർക്കൊപ്പം ആഷ്ലിയും കൂടിയതോടെ പാമ്പുപിടിത്ത പരിശീലനത്തിൽ പങ്കെടുക്കുന്ന ആദ്യ പെൺകുട്ടിയായി.
ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ആഷ്ലി ഒട്ടും ഭയംകൂടാതെ ഉഗ്ര വിഷകാരിയായ അണലിയെ പിടികൂടി കൂട്ടിലാക്കിയപ്പോൾ ഏവരും അദ്ഭുതപ്പെട്ടു. പിന്നീട് നടന്ന ചടങ്ങിൽ സാമൂഹിക വനവത്കരണ വിഭാഗം കൺസർവേറ്റർ സി.കെ. ഹാബിയുടെ സാന്നിധ്യത്തിൽ കോന്നി ഡി.എഫ്.ഒ ശ്യാം മോഹൻലാൽ ആഷ്ലിക്ക് പാമ്പിനെ പിടികൂടാനുള്ള അനുമതിപത്രവും ഉപകരണങ്ങളും നൽകി. ആശ പ്രവർത്തക ലവ്ലി ചാർലിയാണ് മാതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.