കോന്നി: കോന്നി നഗരത്തിൽ രാത്രികാലങ്ങളിൽ സംഘർഷങ്ങൾ പതിവാകുന്നു. കഴിഞ്ഞദിവസം രാത്രിയിലും കോന്നി കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സ്റ്റേഷൻ പരിസരത്ത് മദ്യപർ തമ്മിൽ സംഘർഷമുണ്ടായിരുന്നു.
രാത്രികാലങ്ങളിൽ പൊലീസ് പരിശോധന ശക്തമാക്കാത്തതാണ് നഗരത്തിൽ ക്രമസമാധാനം നിലനിൽക്കാത്തത് എന്നാണ് ഉയരുന്ന ആക്ഷേപം. കോന്നിയിൽ പലയിടത്തും ലഹരി മരുന്ന് ഉപയോഗവും വർധിക്കുന്നു എന്നും പറയപ്പെടുന്നു. കോന്നി കെ.എസ്.ആർ.ടി.സി പരിസരം കേന്ദ്രീകരിച്ച് വിദ്യാർഥികൾ തമ്മിലുള്ള സംഘർഷവും പതിവാണ്. കോന്നിയിൽ വിവിധയിടങ്ങളിലായി മോഷണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ നടപടി സ്വീകരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. അന്തർ സംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള സംഘർഷവും കോന്നിയിൽ വർധിക്കുന്നുണ്ട്.
കോന്നിയിൽ പല സ്ഥലങ്ങളിലും മോഷണ പരമ്പരകൾതന്നെ നടന്നിട്ടും ഒരു തെളിവും ശേഖരിക്കുന്നതിനോ പ്രതികളെ പിടികൂടുന്നതിനോ കഴിഞ്ഞിട്ടില്ല. കോന്നിയിൽ പല സ്ഥലങ്ങളിലും സംഘർഷങ്ങൾ നടക്കുന്നത് നാട്ടുകാർ അറിയിച്ചാൽ പോലും പൊലീസും ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റുകളും തിരിഞ്ഞ് നോക്കുന്നില്ല എന്നും ആക്ഷേപമുണ്ട്. സ്കൂൾ വിടുന്ന സമയങ്ങളിൽ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷങ്ങളാണ് ഏറെയും നടക്കുന്നത്.
എന്നാൽ, ഈ സമയങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ നഗരത്തിൽ ഡ്യൂട്ടിക്ക് നിയോഗിച്ച് പ്രശ്നം പരിഹരിക്കണം എന്ന നാട്ടുകാരുടെ ആവശ്യവും നടപ്പായില്ല. കോന്നി താലൂക്ക് വികസന സമിതി യോഗത്തിലും ഈ വിഷയങ്ങൾ പലതവണ ചർച്ചാവിഷയമായിരുന്നു. എന്നാൽ, മോഷണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതികളെ പിടികൂടുന്നത് സംബന്ധിച്ച ചോദ്യങ്ങൾക്ക് അന്വേഷണം നടക്കുന്നുണ്ട് എന്ന മറുപടി മാത്രമാണ് പൊലീസ് അധികാരികൾക്ക് നൽകാൻ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.