കോന്നി: കോന്നിയിൽ വ്യാപാരനികുതിയും തൊഴിൽ കരവും വർധിപ്പിക്കുന്ന വിഷയത്തിൽ വ്യാപാരികളും കോന്നി ഗ്രാമ പഞ്ചായത്ത് അധികൃതരും തമ്മിൽ രൂക്ഷമായ തർക്കം. കോന്നിയിലെ വിവിധ വ്യാപാരി വ്യവസായി സമിതികളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തർക്കം രൂക്ഷമായത്. ലൈസൻസ് ഫീസ്, തൊഴിൽ കരം എന്നിവ ക്രമാതീതമായി വർധിപ്പിച്ചാണ് കോന്നി ഗ്രാമ പഞ്ചായത്ത് ഇപ്പോൾ വ്യാപാരികളിൽ നിന്നും വാങ്ങുന്നത്. ഇതാണ് തർക്കത്തിന് പ്രധാന കാരണം.
വ്യാപാരികളുടെ വരുമാനം കണക്കാക്കി നികുതി വാങ്ങണമെന്നും തൊഴിൽ കരം വർധിപ്പിക്കുമ്പോൾ വ്യാപാരികളുടെ വരുമാനം വർധിക്കുന്നുണ്ടോയെന്ന് പഞ്ചായത്ത് പരിശോധിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ വ്യാപാര മേഖലയെ പ്രോത്സാഹിപ്പിക്കുമ്പോൾ പഞ്ചായത്ത് ഇല്ലാതാക്കുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്നും വ്യാപാരികൾ കുറ്റപ്പെടുത്തി. ഫീസ് കൂട്ടി വാങ്ങുന്നത് സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പഞ്ചായത്തിന്റെ വാദത്തെത്തെയും വ്യാപാരികൾ എതിർത്തു.
വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിൽ ആളുകൾ വാഹനം പാർക്ക് ചെയ്ത് സാധനങ്ങൾ വാങ്ങുമ്പോൾ പൊലീസും മോട്ടോർ വാഹന വകുപ്പും പിഴ നൽകുന്നതായും ഇത് കച്ചവടത്തെ ഏറെ ബാധിക്കുന്നു എന്നും വ്യാപാരികൾ പറഞ്ഞു. ഗതാഗത ഉപദേശക സമിതി യോഗം ചേർന്ന് തീരുമാനിച്ച വിഷയം ആണെന്നും പൊലീസിനും മോട്ടോർ വാഹന വകുപ്പിനുമാണ് ഉത്തരവാദിത്വമെന്നും പഞ്ചായത്ത് അധികൃതർ മറുപടി നൽകി.
വഴിയോര കച്ചവടം വ്യാപാരികളെ സാരമായി ബാധിക്കുന്ന വിഷയമാണെന്നും ഇതിൽ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും വ്യാപാരികൾ കുറ്റപ്പെടുത്തി. പഞ്ചായത്തിൽ നികുതി അടക്കാൻ വരുന്ന വ്യാപാരികളോട് ജീവനക്കാർ മോശമായി പെരുമാറുന്നുവെന്ന പരാതിയിൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് ഉറപ്പ് നൽകി. ലൈസൻസ് ഇല്ലാത്ത കടകൾ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ പരിശോധിക്കും.
വ്യാപാരികൾ ഉന്നയിച്ച വിഷയങ്ങളിൽ പഞ്ചായത്ത് ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. മണിക്കൂറുകൾ നീണ്ട ചർച്ചക്കൊടുവിൽ സ്ലാബ് അടിസ്ഥാനത്തിൽ വ്യാപാരികളിൽ നിന്ന് ഫീസ് ഈടാക്കാനും യോഗം തീരുമാനിച്ചു. കോന്നി പഞ്ചായത്ത് പ്രസിഡന്റ് ആനി സാബു യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം സിന്ധു അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് റോജി എബ്രഹാം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.എച്ച് ഫൈസൽ, കെ.ജി ഉദയകുമാർ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ദീപു, വ്യാപാരി വ്യവസായി സമിതി പ്രതിനിധികളായ അനിൽ നെപ്റ്റൂൺ, സന്തോഷ് മാത്യു, റോയ്, സുരേഷ് കുമാർ, വ്യാപാരി വ്യവസായി സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.