അടൂർ: അടൂരിൽനിന്ന് കാന്തല്ലൂരിലേക്ക് പുതിയ കെ.എസ്.ആർ.ടി.സി ബസ് സർവിസ് അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. മൂന്നാർ വഴി കാന്തല്ലൂരിലേക്ക് നോൺ എ.സി സൂപ്പർഫാസ്റ്റാണ് അടൂരിനായി അനുവദിച്ചത്.
തട്ട, പത്തനംതിട്ട, എരുമേലി, ഈരാറ്റുപേട്ട, തൊടുപുഴ, അടിമാലി, മൂന്നാർ, മറയൂർ വഴിയാണ് സർവിസ് ക്രമീകരിച്ചിട്ടുള്ളത്. ഉച്ചക്ക് 12.30ന് അടൂരിൽനിന്ന് പുറപ്പെടുന്ന ഈ സർവിസ് എട്ട് മണിക്കൂർ 45 മിനിറ്റ് സമയമെടുത്ത് രാത്രി 9.15ഓടെ കാന്തല്ലൂരിൽ എത്തും.
കാന്തല്ലൂരിൽനിന്ന് രാവിലെ ഏഴിന് പുറപ്പെട്ട് വൈകീട്ട് 3.45ന് അടൂരിൽ തിരിച്ചെത്തുന്ന തരത്തിലാണ് സർവിസ്. ദേശീയ ടൂറിസം ഭൂപടത്തിൽ ഇതിനകം ശ്രദ്ധേയമായി മാറിക്കഴിഞ്ഞ ജൈവവൈവിധ്യ മേഖലയായ കാന്തല്ലൂരിലേക്കുള്ള സർവിസ് വിനോദസഞ്ചാരികൾക്കും ഏറെ പ്രയോജനപ്രദമാകും. പ്രാദേശിക, ഔദ്യോഗിക ക്രമീകരണങ്ങൾ പൂർത്തീകരിക്കുന്നതോടെ സർവിസ് ഫ്ലാഗ്ഓഫ് ചെയ്യുമെന്നും ചിറ്റയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.