പത്തനംതിട്ട: ഇടതുമുന്നണി ധാരണ പ്രകാരം സി.പി.എമ്മിലെ അഡ്വ. ഓമല്ലൂർ ശങ്കരൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രാജിവെച്ചു. ധാരണ പ്രകാരം 2023 ഡിസംബർ 30ന് രാജിവെക്കേണ്ടതായിരുന്നുവെങ്കിലും സി.പി.ഐയിലെ പടലപ്പിണക്കം അടക്കം മുതലെടുത്ത് സ്ഥാനത്ത് തുടരുകയായിരുന്നു. സി.പി.ഐ കലാപക്കൊടി ഉയർത്തുകയും ശക്തമായ സമ്മർദം ഉണ്ടാകുകയും ചെയ്തതിന് ഒടുവിലാണ് രാജി സമർപ്പിച്ചത്.
സി.പി.ഐയിയെല പടലപ്പിണക്കൾ ആയുധമാക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് തുടർന്ന ഓമല്ലൂർ ശങ്കരരെതിരെ സി.പിഐ കലാപക്കൊടി ഉയർത്തിയിരുന്നു. സി.പി.ഐ ജില്ല സെക്രട്ടറി സ്ഥാനത്തു നിന്ന് എ.പി ജയനെ പുറത്താക്കിയതിനെ തുടർന്ന് പാർട്ടിയിൽ വിഭാഗീയത ശക്തമായത് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അവകാശവാദത്തിന് തടയിട്ടു.
സ്ഥാനം ഒഴിഞ്ഞു നൽകണമെന്ന ആവശ്യം സി.പി.എം നീട്ടിക്കൊണ്ടുപോയതോടെ സി.പി.ഐയിൽ വിഷയം സംസ്ഥാന നേതൃത്വത്തിൽ വരെ എത്തി. എൽ.ഡി.എഫ് ധാരണപ്രകാരം ജില്ല പഞ്ചായത്ത് പ്രസിഡന്റു സ്ഥാനം ഒഴിയാൻ സി.പി.എം വൈകിയതിൽ സി.പി.ഐ ജില്ല കൗൺസിലിലും പാർട്ടി അണികളിലും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
ധിക്കാരപരമായ നിലപാട് സി.പി.എം തുടർന്നാൽ എൽ.ഡി.എഫ് പരിപാടികൾ ഉൾപ്പെടെ ബഹിഷ്കരിക്കണമെന്ന ആവശ്യം സി.പി.ഐയിൽ ഉയർന്നിരുന്നു. തുടർന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് പ്രസിഡന്റ് പദവി ഒഴിഞ്ഞത്.
ദിവസങ്ങൾ മുമ്പ് നടന്ന സി.പി.എം സെക്രട്ടറിയേറ്റ് യോഗത്തിൽ പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ അഡ്വ. ഓമല്ലൂർ ശങ്കരന് പാർട്ടി കർശന നിർദേശം നൽകിയിരുന്നു. ഇനി സി.പി.ഐക്കാണ് പ്രസിഡന്റ് പദവി ലഭിക്കുക. പള്ളിക്കൽ ഡിവിഷൻ അംഗം ശ്രീനാദേവി കുഞ്ഞമ്മക്കാണ് സാധ്യതയെന്നാണ് സി.പി.ഐയിൽ നിന്നുള്ള സൂചന.
ജില്ല സെക്രട്ടറി സ്ഥാനത്ത് നിന്ന് എ.പി.ജയനെ പുറത്താക്കുന്നതിനിടയാക്കിയ പരാതി നൽകിയ ശ്രീനാദേവി കുഞ്ഞമ്മയെ ജസ്ഥാനത്തേക്ക് നിർദേശിക്കുന്നതിനെ സി.പി.ഐയിൽ ഒരു വിഭാഗം എതിർക്കുന്നുണ്ട്. ആദ്യ വർഷം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന രാജി പി. രാജപ്പനെ പ്രസിഡന്റാക്കണമെന്നാണ് എ.പി.ജയനെ അനുകൂലിക്കുന്നവരുടെ ആവശ്യം.
മുന്നണി ധാരണ പ്രകാരം ആദ്യ മൂന്ന് വർഷം സി.പി.എമ്മിനും നാലാം വർഷം സി.പി.ഐക്കും അവസാന വർഷം കേരളകോൺഗ്രസ് എമ്മിനുമാണ് പ്രസിഡന്റ് സ്ഥാനം.
പത്തനംതിട്ട: ജില്ല പഞ്ചായത്ത് പ്രസിഡൻറ്, ജില്ല ആസൂത്രണ സമിതി അധ്യക്ഷൻ എന്നീ നിലകളിൽ മൂന്ന് വർഷം പ്രവർത്തിച്ച ശേഷം സംതൃപ്തിയോടെയാണ് സ്ഥാനം ഒഴിയുന്നതെന്ന് ഓമല്ലൂർ ശങ്കരൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് നൂതനമായ നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കി. കാർഷിക മേഖലയിലും സമ്പൂർണ ശുചിത്വ രംഗത്തും ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിലും നിരവധി പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞു.
സാങ്കേതിക തടസ്സങ്ങൾ മൂലം നീണ്ടുപോയ ചില പദ്ധതികൾ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യത്തെ ഒരു വർഷം കോവിഡും പ്രളയവും മൂലമുണ്ടായ കെടുതികൾക്ക് പരിഹാരമുണ്ടാക്കാൻ ശ്രദ്ധിക്കേണ്ടി വന്നതുമൂലം പിന്നീടുള്ള രണ്ടു വർഷമാണ് വികസന പദ്ധതികൾ നടപ്പാക്കാൻ സാഹചര്യമുണ്ടായത്.
ത്രിതല പഞ്ചായത്തുകളെയും നഗരസഭകളെയും ഏകോപിപ്പിച്ച് ജില്ല പ്ലാൻ എന്ന നിലയിൽ പദ്ധതികൾ രൂപവത്കരിച്ച് ജില്ല ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ നടപ്പാക്കിവരികയാണ്. ജില്ല പഞ്ചായത്തിൽ അഴിമതി രഹിതവും സുതാര്യവുമായ ഭരണം കാഴ്ചവയ്ക്കാനും എല്ലാവരെയും യോജിപ്പിച്ച് നിർത്താനും കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.