ലൈഫ് ഭവന പദ്ധതി: രണ്ടാംഘട്ട കരടുപട്ടികയെ ചൊല്ലി വിവാദം, അനർഹർ കടന്നുകൂടിയെന്ന് ആക്ഷേപം

പത്തനംതിട്ട: ലൈഫ് ഭവന പദ്ധതിയുടെ രണ്ടാംഘട്ട കരടുപട്ടികയെചൊല്ലി വിവാദമുയരുന്നു. അർഹരായവർ പുറത്തായെന്നും അനർഹർ കടന്നുകൂടിയെന്നുമാണ് ആക്ഷേപം. ഭൂമിയുള്ള ഭവനരഹിതരിൽ 9,837 അർഹരും 4,983 അനർഹരും ഭൂരഹിത ഭവനരഹിതരിൽ 9,687 അർഹരും 2,592 അനർഹരും ഉൾപ്പെടെ 14,820 അർഹരായവരും 12,279 അനർഹരായവരുടെയും കരട് ഗുണഭോക്തൃപട്ടികയാണ് ജില്ലയിൽ പ്രസിദ്ധീകരിച്ചത്.

ഫീൽഡിലെ പരിശോധനയും പുനഃപരിശോധനയും നടത്തിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ ജോലിഭാരം മൂലം ശരിയായ പരിശോധന നടന്നില്ലെന്നാണ് ആക്ഷേപം. ആക്ഷേപം ഉള്ളവർക്ക് ഹെൽപ് ഡെസ്ക് വഴി പരാതി നൽകാം. ആദ്യ തലത്തിലെ അപ്പീലിനു ശേഷമുള്ള കരടുപട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. ഇതിൻ മേലുള്ള അപ്പീൽ ജൂലൈ ഒന്നിനുശേഷം ജില്ല കലക്ടർക്ക് ഓൺലൈനായി നൽകാം. ഇവ പരിഗണിച്ചശേഷം ഗ്രാമസഭകളിലും വാർഡ് സഭകളിലും പട്ടിക പരിശോധിച്ച് അനർഹരെ ഒഴിവാക്കും.

ഭൂരഹിതരുടെ പട്ടികയിൽ ഇടംപിടിച്ചാലും വീട് ലഭിക്കണമെങ്കിൽ ഏറെനാൾ കാത്തിരിക്കണം. ഭൂമി കണ്ടെത്താനാകാത്തതാണു പ്രശ്നം. ഭൂമി കണ്ടെത്തേണ്ട ചുമതല തദ്ദേശസ്ഥാപനങ്ങൾക്കാണ്. മിക്കയിടത്തും കണ്ടെത്താനായിട്ടില്ല. ഭൂരഹിതരായവർക്ക് തദ്ദേശ സ്ഥാപനങ്ങൾ ഭൂമി കണ്ടെത്തി നൽകുന്നതിനായി 'മനസ്സോടിത്തിരി മണ്ണ്' എന്ന പേരിൽ പദ്ധതി തുടങ്ങിയിരുന്നു. ഭൂരഹിതർക്ക് വീട്വെക്കാൻ സ്വകാര്യ വ്യക്തികളിൽനിന്ന് സ്പോൺസർഷിപ്പിലൂടെയോ സൗജന്യമായോ ഭൂമി വാങ്ങണമെന്നായിരുന്നു നിർദേശം. എന്നാൽ, ഇപ്രകാരം വളരെക്കുറച്ച് സ്ഥലം മാത്രമാണു കിട്ടിയത്.

ഭൂരഹിതരിൽ അധികവും വനവാസികളും എസ്.സി വിഭാഗക്കാരുമാണ്. കരട് ഗുണഭോക്തൃ പട്ടികയിന്മേലുള്ള അപ്പീലുകളും ആക്ഷേപങ്ങളും സ്വീകരിച്ച് തീർപ്പാക്കാൻ ഒന്നാം അപ്പീൽ അധികാരി ഗ്രാമപഞ്ചായത്ത് തലത്തിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും നഗരസഭകളിൽ നഗരസഭ സെക്രട്ടറിയുമാണ്.

രണ്ടാം അപ്പീൽ അധികാരി ജില്ല കലക്ടറാണ്. ഒന്നാംഅപ്പീൽ തീർപ്പാക്കാൻ 17 വരെ അപേക്ഷ നൽകാം. ഭവന പദ്ധതിക്കായുള്ള പുതിയ അപേക്ഷകൾ ഉടനെ സ്വീകരിക്കില്ല. ആക്ഷേപങ്ങൾ ഏറെയുള്ളതിനാൽ അവ തീർപ്പാക്കി ആഗസ്റ്റിൽ അന്തിമപട്ടിക പ്രസിദ്ധീകരിക്കാനുള്ള ശ്രമം വിജയിക്കുമോ എന്ന് ഉദ്യോഗസ്ഥർക്കും നിശ്ചയമില്ല. അപ്പീലുകൾ സ്വീകരിക്കാൻ ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഹെൽപ് ഡെസ്കുകൾ ഒരുക്കിയിട്ടുണ്ട്.

അക്ഷയ കേന്ദ്രങ്ങൾ മുഖേനയും അപ്പീൽ സമർപ്പിക്കാം. അർഹത ഉറപ്പു വരുത്താനും മുൻഗണനയിൽ മാറ്റം വരുത്താനും ഭൂമിയുള്ള ഭവനരഹിതരുടെ പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഭൂരഹിത ഭവനരഹിതരുടെ പട്ടികയിലേക്കും മറിച്ചും മാറുന്നതിനും അപ്ലോഡ് ചെയ്ത രേഖകളിൽ മാറ്റം വരുത്തുന്നതിനും അപ്പീൽ സമർപ്പിക്കാം.

Tags:    
News Summary - Life Housing Project: Controversy over Phase II draft list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.