പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്ത മൂന്നുപേർക്കെതിരെ കേസെടുത്ത് പൊലീസ്. തിരുവല്ല പൊലീസ് സ്റ്റേഷനിൽ രണ്ടുകേസും പത്തനംതിട്ട സ്റ്റേഷനിൽ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തത്. സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് എം. കൗളിനെ വാട്സ് ആപ്പിലൂടെ ഭീഷണിപ്പെടുത്തിയതിനും അധിക്ഷേപിച്ചതിനും ഈമാസം ആറിനെടുത്തതാണ് തിരുവല്ലയിലെ ഒരു കേസ്.
മറ്റൊരു കേസ് മാത്യു ടി. തോമസ് എം.എൽ.എയുടെ മൊഴിപ്രകാരം ഈമാസം രണ്ടിന് രജിസ്റ്റർ ചെയ്തതാണ്. ഇലക്ട്രോണിക് വോട്ടിങ് മെഷീനെ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കും വിധം ഫേസ്ബുക്കിലൂടെ വ്യാജസന്ദേശം പ്രചരിപ്പിച്ചതിന് ഏപ്രിൽ ഒന്നിന് പത്തനംതിട്ട സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണ് മൂന്നാമത്തേത്.
തിരുവല്ല പെരിങ്ങര സ്വദേശിയാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ അദ്ദേഹത്തിന്റെ ഔദ്യോഗിക വാട്സാപ്പ് നമ്പരിലേക്ക് ഭീഷണിപ്പെടുത്തുന്നതും അധിക്ഷേപകരമായതുമായ സന്ദേശങ്ങൾ ഏപ്രിൽ അഞ്ചിന് അയച്ചത്.
ഇതുസംബന്ധിച്ച് അദ്ദേഹം സംസ്ഥാന പൊലീസ് മേധാവിക്കും സൈബർ ഓപ്പറേഷൻസ് പൊലീസ് സൂപ്രണ്ടിനും പരാതി അയച്ചിരുന്നു. തുടർന്ന്, ജില്ല പൊലീസ് മേധാവി വി. അജിത് മുഖേന തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയുടെ ചാർജുള്ള പത്തനംതിട്ട ജെ.എഫ്.എം സി ഒന്ന് കോടതിയുടെ ഉത്തരവ് പ്രകാരം തിരുവല്ല പൊലീസ് ഇൻസ്പെക്ടർ ബി.കെ. സുനിൽ കൃഷ്ണൻ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
മാത്യു ടി. തോമസ് എം.എൽ.എക്കും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാർട്ടിക്കും അവമതിപ്പുണ്ടാക്കും വിധം ഒരു മൊബൈൽ നമ്പരിൽ നിന്നും എവിടെയോ നിന്നെടുത്ത അദ്ദേഹത്തിന്റെയും സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രിയുടെയും ഫോട്ടോകൾ യാഥാർഥ്യമെന്ന വ്യാജേന കൃത്രിമമായി, ബാംഗ്ലൂർ റൂറൽ മണ്ഡലത്തിൽ നിന്നുള്ള എൻ.ഡി.എ സ്ഥാനാർഥിയുടെ പ്രചാരണപോസ്റ്ററിൽ ഒട്ടിച്ച് പ്രചരിപ്പിച്ചതിനാണ് ഒരാൾക്കെതിരെ കേസെടുത്തത്.
വ്യാജ വാട്സാപ്പ് ഗ്രൂപ്പിലൂടെ മാർച്ച് 29 നാണ് പോസ്റ്റർ പ്രചരിപ്പിച്ചത്. മാത്യു ടി. തോമസും വൈദ്യുതിവകുപ്പ് മന്ത്രിയും പ്രതിനിധീകരിക്കുന്ന രാഷ്ട്രീയകക്ഷിയുടെ കേരളത്തിലെ ഘടകം ഭരണമുന്നണിയുടെ ഭാഗമായിരിക്കേ, കേന്ദ്രം ഭരിക്കുന്ന മുന്നണിയുടെ ഭാഗമാണെന്ന് വരുത്തി തെറ്റിദ്ധാരണ സൃഷ്ടിക്കാനുദ്ദേശിച്ചാണ് ഇവ പ്രചരിപ്പിച്ചതെന്ന പരാതിയെ തുടർന്ന് തിരുവല്ല പൊലീസ് കേസെടുക്കുകയായിരുന്നു.
ഇലക്ട്രോണിക് വോട്ടിങ് മെഷീനെപ്പറ്റി തെറ്റിദ്ധാരണ പരത്തും വിധം ഫെബ്രുവരി 28ന് ഫേസ്ബുക്കിലൂടെ വ്യാജസന്ദേശം പ്രചരിപ്പിച്ചയാളെ പ്രതിയാക്കി, ഏപ്രിൽ ഒന്നിന് പത്തനംതിട്ട പൊലീസ് ഇൻസ്പെക്ടർ ആർ. രഗീഷ്കുമാർ രജിസ്റ്റർ ചെയ്ത കേസാണ് മൂന്നാമത്തേത്.
സൈബർ ഓപ്പറേഷൻസ് പാലീസ് സൂപ്രണ്ട് കൈമാറിയ വിവരത്തെതുടർന്ന് ജില്ല പോലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് നടപടി. ‘ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ’ എന്നപേരിലുള്ള ഫേസ്ബുക് ഗ്രൂപ്പിലാണ് തെറ്റായ സന്ദേശം പരത്തിയത്.
ഈ ഗ്രൂപ്പിലെ സ്വകാര്യ വ്യക്തിയുടെ പേരിലുള്ള അക്കൗണ്ട് പൊലീസ് പരിശോധിച്ചപ്പോൾ ഇംഗ്ലീഷിലുള്ള വ്യാജസന്ദേശം കണ്ടെത്തുകയും, പോസ്റ്റിന്റെ ലിങ്കും പ്രൊഫൈലിന്റെ ഉടമയെയും തിരിച്ചറിഞ്ഞു കേസെടുക്കുകയുമായിരുന്നു. തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.