പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പിനായി ജില്ല പൂര്‍ണസജ്ജമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കം വിലയിരുത്താന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായ ഒരുക്കം അവസാനഘട്ടത്തിലാണ്. അഞ്ച് ശതമാനം ബൂത്തുകള്‍ വനിത പോളിങ് ബൂത്തുകളായി പ്രഖ്യാപിക്കും. വോട്ടുയന്ത്രങ്ങൾ പരിശോധിച്ച് പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രതികരണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. സമ്മതിദാനത്തിനെത്തുന്ന എല്ലാവര്ക്കും മികച്ച വോട്ടിങ് അനുഭവം സമ്മാനിക്കുന്ന തരത്തിലാകണം ക്രമീകരണം. വയോജനങ്ങള്‍ക്ക് പ്രത്യേക സജ്ജീകരണം ഏര്‍പ്പെടുത്തണം.
80ന് മുകളില്‍ പ്രായമുള്ള വോട്ടര്‍മാര്‍ക്ക് അവശ്യസൗകര്യം ലഭ്യമാക്കണം. 100 വയസ്സിന് മുകളിലുള്ള വോട്ടര്‍മാരുടെ വീടുകളില്‍ നേരിട്ടെത്തി സമ്മതിദാനാവകാശം രേഖപ്പെടുത്തണം. കുടിവെള്ളം, റാമ്പുകള്‍, ശുചിമുറി തുടങ്ങിയ അടിസ്ഥാനസൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.
അവശ്യസേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണം ഒരുക്കണം.
വോട്ടര്‍ പട്ടികയുടെ കൃത്യത ഉറപ്പുവരുത്താന്‍ ബി.എല്‍.ഒമാര്‍ പരിശോധന നടത്തി മരണപ്പെട്ടവരുടെയും ഇരട്ടിപ്പ് വോട്ടർമാരുടെയും വിവരങ്ങള്‍ ശേഖരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ കലക്ടര്‍ എ. ഷിബു, ജില്ല പൊലീസ് മേധാവി വി. അജിത്, എ.ഡി.എം സുരേഷ് ബാബു, ഡെപ്യൂട്ടി കലക്ടര്‍ പത്മചന്ദ്രക്കുറുപ്പ്, സെക്ഷന്‍ ഓഫിസര്‍ ശിവലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.