ഭക്ഷ്യ പരിശോധന ലാബ് നോക്കുകുത്തി; വീണ്ടും മൂന്നു കോടിയുടെ ലാബ് ഒരുക്കാൻ നീക്കം

പത്തനംതിട്ട: 10 കോടി രൂപയോളം രൂപ ചെലവ് വരുന്ന ഭക്ഷ്യസുരക്ഷ പരിശോധന ലാബ് നോക്കുകുത്തിയായി തുടരവെ മൂന്നുകോടി രൂപ മുതൽ മുടക്കി വീണ്ടും ഭക്ഷ്യസുരക്ഷ ലാബ് ഒരുക്കാൻ നീക്കം. ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാര പരിശോധനക്ക് ലോകോത്തര നിലവാരമുള്ള ലാബ് കോന്നി സി.എഫ്.ആർ.ഡി (കൗൺസിൽ ഫോർ ഫുഡ് റിസർച് ആൻഡ് ഡെവലപ്മെന്‍റ്)യിലാണുള്ളത്. കേന്ദ്ര സർക്കാറിന്‍റെയും രാജ്യാന്തര തലത്തിലും അംഗീകരിക്കപ്പെടുന്ന എൻ.എ.ബി.എൽ അംഗീകാരമുള്ള സംസ്ഥാനത്തെ ഒന്നാംകിട ലാബാണിത്. ഇവിടെ പ്രതിദിനം 200 സാമ്പിളുകൾ പരിശോധിക്കാനുള്ള സംവിധാനം ഉണ്ടെങ്കിലും 20 എണ്ണം പോലും ഇവിടെ എത്തുന്നില്ല.

അതിനാൽ വിപുലമായ സജ്ജീകരണങ്ങളുള്ള ലാബ് നോക്കുകുത്തിയായ നിലയിലാണ്. അപ്പോഴാണ് ആരോഗ്യ വകുപ്പ് പത്തനംതിട്ടയിൽ മൂന്നുകോടി രൂപ മുടക്കി പുതിയ ലാബ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്. ഇത് ധൂർത്താണെന്ന ആക്ഷേപം വ്യാപകമായി ഉയരുന്നു. സംസ്ഥാനം കടക്കെണിയിലായിരിക്കെ ഇങ്ങനെ അനാവശ്യമായി പണം ചെലവഴിക്കുന്നത് ഒഴിവാക്കണമെന്ന ആവശ്യവുമുയരുന്നു. സിവിൽ സപ്ലൈസ് വകുപ്പിന്‍റെ കീഴിലാണ് കോന്നി സി.എഫ്.ആർ.ഡി ലാബുള്ളത്. ഭക്ഷ്യസുരക്ഷ വകുപ്പ് ആരോഗ്യ വകുപ്പിന്‍റെ അധീനതയിലുമാണ്. ഇരു മന്ത്രിമാരും കൂടിയാലോചിച്ച് ജില്ലയിലെ ഭക്ഷ്യസാമ്പിളുകൾ സി.എഫ്.ആർ.ഡി ലാബിൽ പരിശോധിക്കാൻ സംവിധാനം ഒരുക്കാവുന്നതേയുള്ളൂ എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പത്തനംതിട്ട ടൗണിനടുത്ത് ആനപ്പാറയിൽ 11 സെന്റ് വസ്തുവിലാണ് പുതിയ ലാബ് സജ്ജമാക്കുന്നത്. 3.1 കോടി രൂപ ചെലവഴിച്ച് മൂന്നുനിലയുള്ള ലാബ് സ്ഥാപിക്കുമെന്നാണ് മന്ത്രി വീണ ജോർജ് അറിയിച്ചിരിക്കുന്നത്. ഇതിന്‍റെ നിർമാണോദ്ഘാടനം ശനിയാഴ്ച നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവെച്ചു. നിലവിൽ പരിശോധന നടത്താൻ തിരുവനന്തപുരത്തുള്ള ഭക്ഷ്യസുരക്ഷ ലാബിലേക്കാണ് സാമ്പിളുകൾ അയക്കുന്നത്. കോന്നിയിൽ സർവസജ്ജമായ ലാബുണ്ടായിരിക്കെയാണ് തിരുവനന്തപുരത്തെ ലാബിനെ ആശ്രയിക്കുന്നത്. കോന്നിയിൽ മൈക്രോബയോളജി, കെമിക്കൽ, ഓർഗാനോ ലത്തിക് (ഇന്ദ്രിയ പരിശോധന) എന്നീ മൂന്നു പരിശോധനകൾക്ക് സംവിധാനമുണ്ട്. 15,000 ചതുരശ്ര അടിയുള്ള കെട്ടിടത്തിലാണ് കോന്നി ലാബ് പ്രവർത്തിക്കുന്നത്. പരിശോധന നടത്താനാവശ്യമായ ജീവനക്കാരും അവിടെയുണ്ട്.

ഇരു വകുപ്പിന്‍റെയും മന്ത്രിമാർ കൂടിയാലോചിച്ച് ഫുഡ് സേഫ്റ്റിയുടെ അംഗീകാരംകൂടി നൽകി പരിശോധന കോന്നിയിൽ നടത്താൻ സംവിധാനം ഒരുക്കുകയാണ് വേണ്ടതെന്ന് കോന്നി സി.എഫ്.ആർ.ഡി മുൻ ഡയറക്ടർ ഡോ. മുകുന്ദൻ 'മാധ്യമ'ത്തോട് പറഞ്ഞു.

Tags:    
News Summary - Looked at the food testing lab; Again Removal to prepare lab for Rs 3 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.