പത്തനംതിട്ട: ബൈക്ക് മറിഞ്ഞ് വെള്ളക്കെട്ടിലേക്ക് തെറിച്ചുവീണ യുവാവ് മുങ്ങി മരിച്ചു. പീരുമേട് കാരിക്കുഴി പട്ടുമുടി കല്ലുമടയിൽ സജീവ് (34)ആണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പീരുമേട് പാമ്പനാർ ലൈഫ് ടൈം എസ്റ്റേറ്റിൽ സതീഷ് (36)നെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് പത്തനംതിട്ട നഗരത്തിൽ ശബരിമല ഇടത്താവളത്തിനരികെ റോഡിൽ ബൈക്ക് മറിഞ്ഞു കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ഇവർ പോലീസിൽ അറിയിച്ചതിനെ തുടർന്ന് ആംബുലൻസെത്തി റോഡിൽ കിടന്ന സതീഷിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു.
ഏറെ നേരംകഴിഞ്ഞ് ബോധംവന്നപ്പോൾ കയ്യിൽ രണ്ട് മൊബൈൽഫോൺ കണ്ടതിനെ തുടർന്ന് ചോദിച്ചപ്പോഴാണ് ഒപ്പം മറ്റൊരാളുമുണ്ടായിരുന്നെന്ന വിവരം കിട്ടുന്നത്. നിർമ്മാണ കരാറുകരനായ സതീഷിന്റെ തൊഴിലാളിയാണ് സജീവ്. റാന്നി കേന്ദ്രീകരിച്ചാണ് ഇവർ പണികൾ നടത്തുന്നത്.
ഇവിടെ നിന്ന് തൊഴിലാളികളെ വിളിയ്ക്കാനായി ആയൂരിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. മഴയെതുടർന്ന് കണ്ണിലേക്ക് വെള്ളം കയറി ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്നാണ് സതീഷ് പറഞ്ഞത്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽകോളേജിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.