പത്തനംതിട്ട: മിഷൻ ഇന്ദ്രധനുഷ് 5.0 സമ്പൂർണ വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ല രോഗപ്രതിരോധ ടാസ്ക്ഫോഴ്സ് യോഗം നടന്നു. ഏതെങ്കിലും വാക്സിനേഷൻ ഡോസ് വിട്ടുപോയ അഞ്ച് വയസ്സ് വരെയുള്ള എല്ലാ കുട്ടികളെയും ഗർഭിണികളെയും പ്രത്യേകം ആസൂത്രണംചെയ്ത സെഷനുകളിലൂടെ വാക്സിനേഷൻ നൽകുക എന്നതാണ് ഐ.എം.ഐ 5.0ലൂടെ ലക്ഷ്യമിടുന്നത്. ഒക്ടോബര് ഒമ്പത് മുതൽ 14 വരെ നടക്കുന്ന മൂന്നാം ഘട്ടത്തിന് എല്ലാ വകുപ്പുകളുടെയും ഏകോപനവും പിന്തുണയും ആവശ്യമാണെന്ന് അധ്യക്ഷത വഹിച്ച തിരുവല്ല സബ് കലക്ടർ സഫ്ന നസറുദ്ദീൻ പറഞ്ഞു.
രണ്ട് ഘട്ടത്തിലും വാക്സിൻ എടുക്കാൻ കഴിയാത്തവർക്ക് മൂന്നാം ഘട്ടത്തിൽ വാക്സിൻ ഉറപ്പുവരുത്തും. കുത്തിവെപ്പ് എടുക്കാത്തവരുടെയും ഭാഗികമായി കുത്തിവെപ്പ് എടുത്തവരുടെയും പട്ടിക ആരോഗ്യ വകുപ്പ് തയാറാക്കിയിട്ടുണ്ട്. 2023 അവസാനത്തോടെ അഞ്ചാംപനി, റൂബെല്ല എന്നിവയടക്കമുള്ള പ്രതിരോധ കുത്തിവെപ്പ് വഴി തടയാവുന്ന രോഗങ്ങൾ ഇല്ലായ്മ ചെയ്യാനുള്ള യജ്ഞമാണ് നടക്കുന്നത്.
ജില്ല മെഡിക്കൽ ഓഫിസർ എൽ. അനിതാകുമാരി, ആർ.സി.എച്ച് ഓഫിസർ ഡോ. കെ.കെ. ശ്യാംകുമാർ, ജില്ല പ്രോഗ്രാം മാനേജർ ഡോ. എസ്. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.