പത്തനംതിട്ട: മൈലപ്രയിൽ വ്യാപാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം. വ്യാഴാഴ്ച രാവിലെ തെളിവെടുപ്പിനായി മൈലപ്ര പോസ്റ്റോഫീസ് ജംഗ്ഷനിലെ കടയിൽ എത്തിച്ചപ്പോഴാണ് നാട്ടുകാരുടെ പ്രതിഷേധം ഉയർന്നത്. ധാരാളം പേർ അവിടെ തടിച്ചുകൂടിയിരുന്നു.
കേസിൽ ഒരു പ്രതി കൂടി പിടിയിലാകാനുണ്ട്. പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ നാട്ടുകാർ അടുത്തു കൂടിയത് പൊലീസിനും തലവേദനയായി. പ്രതികളുടെ മുഖം മറച്ചു കൊണ്ടുവന്നത് നാട്ടുകാർ ചോദ്യം ചെയ്തു. മുഖം മൂടി മാറ്റണമെന്ന് നാട്ടുകാർ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഏറെ പണിപ്പെട്ടാണ് പോലീസ് തെളിവെടുപ്പു പൂർത്തിയാക്കിയത്. ഡിസംബർ 30ന് ഉച്ചകഴിഞ്ഞാണ് ജോർജ് ഉണ്ണൂണ്ണിയെന്ന വ്യാപാരിയെ കടയിൽ വച്ച് കൈകാലുകൾ കൂട്ടിക്കെട്ടി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. മാലയും പണവും പ്രതികൾ കവർന്നു. സി.സി.ടി.വി ഹാർഡ് ഡിസ്ക് എടുത്തു മാറ്റിയിരുന്നു.
തെങ്കാശിയിൽ നിന്നാണ് തമിഴ് നാട്ടുകാരായ രണ്ട് പ്രതികളെ പിടികൂടിയത്. മറ്റ് രണ്ട് പേർ വലഞ്ചുഴി സ്വദേശികളാണ്. മുത്തുകുമാറിനെ ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല . ഈ മാസം 18 വരെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്.
അടുത്ത ദിവസങ്ങളിലും പ്രതികളെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.