പത്തനംതിട്ട: മൈലപ്ര സർവിസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കോടികളുടെ ക്രമക്കേട് സംബന്ധിച്ച് സഹകരണ വകുപ്പ് അഡ്മിനിസ്ട്രേറ്റർ കമ്മിറ്റിയുടെ പ്രാഥമിക പരിശോധനകൾ പൂർത്തിയായി. 86.12 കോടി രൂപയുടെ വായ്പ തട്ടിപ്പ് സംബന്ധിച്ച ഉത്തരവാദിത്തം പിരിച്ചുവിടപ്പെട്ട ഭരണസമിതിക്കുണ്ടെന്ന പ്രാഥമിക നിഗമനത്തിലാണ് വകുപ്പ്. സി.പി.എം ഏരിയ കമ്മിറ്റി അംഗം ജെറി ഈശോ ഉമ്മന്‍ പ്രസിഡന്റായ 13 അംഗ ഭരണസമിതിയിൽ കോൺഗ്രസ് പ്രതിനിധികളും ഉണ്ടായിരുന്നു. നഷ്ടത്തിന് കാരണക്കാരായവർ ആരെല്ലാമെന്നതു സംബന്ധിച്ച് വിശദ പരിശോധന നടത്താൻ സഹകരണ രജിസ്ട്രാർ ഉത്തരവിട്ടിരുന്നു. സഹകരണ വകുപ്പ് 68 (1) പ്രകാരമുള്ള അന്വേഷണത്തിന് സഹകരണ വകുപ്പ് കോന്നി അസി. രജിസ്ട്രാറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. മുൻ സെക്രട്ടറി, ബാങ്ക് പ്രസിഡന്റ്, ഭരണസമിതി അംഗങ്ങൾ എന്നിവരെല്ലാം ക്രമക്കേടുകൾക്ക് ഉത്തരവാദികളായതിനാൽ സഹകരണച്ചട്ടം പ്രകാരം ഇവരിൽനിന്ന് തുക ഈടാക്കാനാകും.
ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ ഭരണം ഏറ്റെടുത്തതിനേ തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ ബാങ്കിൽനിന്നുള്ള പല ഇടപാടുകളിലും വ്യാപക ക്രമക്കേട് കണ്ടെത്തിയിരുന്നു. ബാങ്കിന്റെ നിയമാവലിക്ക് വിരുദ്ധമായി 89 ബിനാമി വായ്പകൾ നൽകിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
ബാങ്കുമായി ബന്ധപ്പെട്ട് നടന്ന പരിശോധനകളുടെ അടിസ്ഥാനത്തിൽ സെപ്റ്റംബർ രണ്ടാംവാരം നിക്ഷേപകരുടെ യോഗം വിളിച്ചുചേർത്ത് സാമ്പത്തിക സാഹചര്യം ബോധ്യപ്പെടുത്താനാണ് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി തീരുമാനം. ശേഷം നിക്ഷേപം തിരികെ നൽകുന്നതു സംബന്ധിച്ച തീരുമാനമുണ്ടാകും. ഇടപാടുകളുടെയും സംഘം വക സ്വത്തുക്കളുടെയും നിക്ഷേപങ്ങൾ ഉൾപ്പെടെയുള്ളവയുടെയും ബാധ്യതകളുടെയും വിവരങ്ങൾ കോടതിയെയും അറിയിക്കേണ്ടതുണ്ട്. ഇതോടൊപ്പം നിക്ഷേപം തിരികെ നൽകാനുള്ള പദ്ധതിയും തയാറാക്കുമെന്നാണ് സഹകരണ വകുപ്പ് അറിയിപ്പ്.
മാരകരോഗ ചികിത്സ പോലെയുള്ള അടിയന്തര സാഹചര്യങ്ങളിൽ നിക്ഷേപകർ ബാങ്ക് മുഖേന ഹെഡ് ഓഫിസിലോ സഹകരണ വകുപ്പിന്റെ ജില്ലതല ഓഫിസിലോ അപേക്ഷ നൽകിയാൽ പരിഗണിക്കപ്പെടുമെന്നും അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അറിയിച്ചു.
സഹകരണ വകുപ്പ് ഉദ്യോഗസ്ഥരടങ്ങുന്ന മൂന്നംഗ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിക്ക് ഭരണച്ചുമതല നൽകിയിരുന്നു. ഡെപ്യൂട്ടി രജിസ്ട്രാര്‍ വി.ജി. അജയ് കണ്‍വീനറും പ്ലാനിങ് അസി. രജിസ്ട്രാര്‍ എസ്. നസീര്‍, കോഴഞ്ചേരി അസി. രജിസ്ട്രാര്‍ ബി. ശ്യാംകുമാര്‍ എന്നിവര്‍ അംഗങ്ങളുമായ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയാണ് നിലവില്‍ വന്നത്. സഹകരണ ജോയന്റ് രജിസ്ട്രാർ എം.പി. ഹിരണാണ് നിയന്ത്രണാധികാരി. ബാങ്കുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറിയിൽ ക്രൈംബ്രാഞ്ചും ലോക്കൽ പൊലീസും വെവ്വേറെ അന്വേഷണം നടത്തി തട്ടിപ്പുകൾ പുറത്തുകൊണ്ടുവന്നിരുന്നു. ബാങ്ക് സെക്രട്ടറിയായിരുന്ന ജോഷ്വ മാത്യുവിനെതിരെ അറസ്റ്റ് വാറന്റ് ഉൾപ്പെടെ നിലനിൽക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കോടതി സ്റ്റേ അവസാനിക്കുന്നതനുസരിച്ച് ജോഷ്വ മാത്യു അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകേണ്ടിവരും.
ബാങ്കുമായി ബന്ധപ്പെട്ട് ലോക്കൽ പൊലീസ് പ്രാഥമികാന്വേഷണം നടത്തി എടുത്ത കേസിൽ തുടർ നടപടികളും തടസ്സപ്പെട്ടിരിക്കുകയാണ്. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റകൃത്യം അന്വേഷണ വിഭാഗത്തെ ഈ കേസും ഏൽപിക്കേണ്ടതാണെങ്കിലും ലോക്കൽ പൊലീസ് ഇതിനു തയാറായിട്ടില്ല. സഹകരണ ജോയന്റ് രജിസ്ട്രാറുടെ പരാതിയിലാണ് പൊലീസ് അന്വേഷണം നടന്നത്. ബാങ്ക് മുൻ സെക്രട്ടറി ജോഷ്വ മാത്യുവും പ്രസിഡന്റ് ജെറി ഈശോ ഉമ്മനുമാണ് കേസിലെ പ്രതികൾ.
ബാങ്കിന്റെ നിയമാവലി ലംഘിച്ച് സഹകരണ വകുപ്പിന്റെ അനുമതിയില്ലാതെയും ബാങ്കിന്റെ പ്രവർത്തന പരിധിക്ക് പുറത്തുള്ളവർക്ക് വായ്പ നൽകിയത് നിയമവിരുദ്ധമാണെന്ന കുറ്റമാണ് ഇതിൽ പ്രധാനം. സി.പി.എം ഏരിയ കമ്മിറ്റി അംഗമായ ജെറി ഈശോ ഉമ്മന്‍ പ്രസിഡന്റായ ബാങ്കിലെ സാമ്പത്തിക ക്രമക്കേട് മൂടിവെക്കാൻ ഉന്നതതല ഇടപെടൽ ഉണ്ടായതായി ആക്ഷേപമുയർന്നിരുന്നു. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സാധാരണക്കാർക്ക് ടോക്കൺ വെച്ച് 2000 രൂപ വീതം നൽകിയ സമയത്തും ചിലയാളുകൾക്ക് കൂടുതൽ തുക നൽകിയതും അന്വേഷണത്തിൽ കണ്ടെത്തി. ബാങ്കിന് അനുബന്ധമായി പ്രവർത്തിക്കുന്ന മൈഫുഡ് റോളർ ഫാക്ടറിയിലേക്ക് നടക്കാത്ത ഗോതമ്പ് പർച്ചേസിന്റെ പേരിൽ 3.94 കോടി തട്ടിയെന്ന കേസിൽ മുൻ സെക്രട്ടറി ജോഷ്വ മാത്യുവിനെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടിരുന്നു. ഫാക്ടറി മാനേജിങ് ഡയറക്ടറെന്ന പേരിലാണ് ജോഷ്വ മാത്യു പ്രവർത്തിച്ചുവന്നിരുന്നത്. ഫാക്ടറിയുമായി ബന്ധപ്പെട്ട് കോടികളുടെ നഷ്ടം കാണിച്ച് ബാങ്കിന്റെ പണം ഇവിടേക്ക് മാറ്റിയതായി രേഖകളുണ്ടാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.