പത്തനംതിട്ട: മൈലപ്ര ബാങ്കിന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന അമൃത ഫാക്ടറിയിൽ 3.94 കോടി രൂപയുടെ ഗോതമ്പ് സ്റ്റോക്കുണ്ടെന്ന് കാണിച്ച് പണം തട്ടിയ കേസിൽ മുൻ സെക്രട്ടറി ജോഷ്വ മാത്യുവിനെ സാമ്പത്തിക കുറ്റകൃത്യം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അബ്ദുൾ റഹീമിന്റെ നേതൃത്വത്തിലുള്ള സംഘം അഞ്ചക്കാലയിലെ വീട്ടിൽനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് ഒന്നിന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ഹൈകോടതി നിർദേശം ഉണ്ടായിരുന്നു.
ആരോഗ്യപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയ ജോഷ്വക്ക് കോടതി സെപ്റ്റംബർ ഏഴുവരെ സമയം നൽകി. കാലാവധി കഴിഞ്ഞിട്ടും ഹാജരാകാതെ ഒളിച്ചുകഴിയുകയായിരുന്നു. ഇതോടെയാണ് വീട്ടിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
മൈലപ്ര സർവിസ് സഹകരണ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ മൈഫുഡ് റോളർ ഫാക്ടറിയിൽ ഗോതമ്പ് വാങ്ങിയ വകയിൽ ക്രമക്കേട് നടത്തിയ കേസിലാണ് അറസ്റ്റ്. കോന്നി അസിസ്റ്റന്റ് രജിസ്ട്രാറുടെ പരാതിയിലാണ് നടപടി. പത്തനംതിട്ട പൊലീസ് എടുത്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി.
ക്രമക്കേടിൽ കൂടുതൽ പ്രതികളുണ്ടാകുമെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. മുൻ സെക്രട്ടറിയെ മാത്രം പ്രതിയാക്കിയാണ് നിലവിൽ കേസെടുത്തിട്ടുള്ളത്. ഭരണസമിതി അംഗങ്ങളും കേസിൽ പ്രതിചേർക്കപ്പെടുമെന്നും സൂചനയുണ്ട്. 86.12 കോടിയുടെ മറ്റൊരു കേസും ജോഷ്വ മാത്യുവിനെതിരെ നിലവിലുണ്ട്. പ്രസിഡന്റ് ജെറി ഈശോ ഉമ്മനാണ് രണ്ടാം പ്രതി. നിക്ഷേപകരിൽ പലർക്കും ലക്ഷങ്ങളാണ് ലഭിക്കാനുള്ളത്.
നിക്ഷേപ തുക നൽകിയില്ല എന്നതിന്റെ പേരിൽ മറ്റൊരു കേസും ഇരുവർക്കുമെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കൊട്ടാരക്കര സബ് ജയിലിലേക്ക് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.