പത്തനംതിട്ട: മൈലപ്ര സര്‍വിസ് സഹകരണ ബാങ്കില്‍ കോടികളുടെ ക്രമക്കേട് നടത്തിയ കേസില്‍ ഹൈകോടതി ഉത്തരവുണ്ടായിട്ടും പ്രതിയായ മുന്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്യാന്‍ കഴിയാതെ അന്വേഷണ സംഘം. ആഗസ്റ്റ് ഒന്നിന് അന്വേഷണ സംഘം മുമ്പാകെ ഹാജരാകാനായിരുന്നു മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിന് ഹൈകോടതി നിര്‍ദേശം നല്‍കിയത്. ആരോഗ്യപരമായ കാരണങ്ങളും പിതാവിന്റെ മരണവും ചൂണ്ടിക്കാട്ടി നല്കിയ അപേക്ഷയില്‍ കോടതി തന്നെ ജോഷ്വായ്ക്ക് സമയം അനുവദിച്ചു. സെപ്റ്റംബര്‍ ഏഴു വരെയായിരുന്നു കാലാവധി. അന്നും ഹാജരാകാതിരുന്ന ജോഷ്വായുടെ ചികില്‍സ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഇദ്ദേഹത്തിന് കാര്യമായ പ്രശ്നങ്ങളില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയെങ്കിലും ഇതിനോടകം മൂന്നാഴ്ചത്തേക്ക് കൂടി ഹാജരാകാനുള്ള സമയം നീട്ടി നല്കി.
അന്വേഷണ സംഘത്തിന് മുന്നില്‍ ജോഷ്വാ ഹാജരാകുമ്പോള്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തണമെന്നായിരുന്നു ഹൈകോടതി ഉത്തരവ്. ജോഷ്വാ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് മാതൃകയില്‍ മറ്റ് ചിലരും അകത്ത് പോകേണ്ടി വരുമെന്ന് മനസ്സിലാക്കിയതോടെ ഉന്നതതല ഇടപെടല്‍ ഉണ്ടായെന്നാണ് പറയുന്നത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അബ്ദുൽ റഹീമിന്റെ നേതൃത്വത്തിലുള്ള സംഘം അന്തിമ അന്വേഷണ റിപ്പോര്‍ട്ട് ഹൈകോടതിയില്‍ സമര്‍പ്പിച്ചതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. മൈലപ്ര സര്‍വിസ് സഹകരണ ബാങ്കിന്റെ സഹോദര സ്ഥാപനമായ മൈഫുഡ് റോളര്‍ ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയതില്‍ 3.94 കോടിയുടെ ക്രമക്കേട് കണ്ടെത്തിയ കേസിലാണ് ജോഷ്വാ മാത്യു പ്രതിയായത്.
മൂന്നു മാസം മുമ്പ് സഹകാരിയുടെ പരാതിയില്‍ 86 കോടിയുടെ മറ്റൊരു കേസ് ജോഷ്വാ മാത്യു, ബാങ്ക് മുന്‍ പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ എന്നിവര്‍ക്കെതിരെ പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ ഇവരുടെ മുന്‍കൂര്‍ ജാമ്യഹരജി തള്ളിയിരുന്നു. നിലവില്‍ ജോഷ്വാ മാത്യു ഒളിവിലാണെന്നാണ് അറിയുന്നത്. ഇയാളെ കസ്റ്റഡിയില്‍ ലഭിക്കാത്തത് കാരണം തുടരന്വേഷണം വഴിമുട്ടിയ നിലയിലാണ്. അന്വേഷണം മരവിപ്പിക്കുന്നതിന് വേണ്ടി രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. അന്വേഷണ സംഘത്തിന്റെ കൈകാലുകള്‍ കെട്ടപ്പെട്ടിരിക്കുകയാണെന്ന് ബാങ്കിലെ തട്ടിപ്പ് പുറത്തു കൊണ്ടുവന്ന മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഗീവര്‍ഗീസ് തറയില്‍ പറഞ്ഞു. ഈ രീതിയില്‍ മുന്നോട്ട് പോകാനാണ് നീക്കമെങ്കില്‍ ഇ.ഡിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ബിനാമി പേരിലും അതിര്‍ത്തി വിട്ടും ചതുപ്പുനിലങ്ങളുടെ സര്‍വേ നമ്പര്‍ ഉപയോഗിച്ചും കോടികള്‍ വായ്പ നല്‍കിയതാണ് മൈലപ്ര സര്‍വിസ് സഹകരണ ബാങ്കിനെ തകര്‍ച്ചയിലേക്ക് നയിച്ചത്. അനുബന്ധസ്ഥാപനമായ മൈഫുഡ് റോളര്‍ ഫാക്ടറിയിലേക്ക് പര്‍ച്ചേസ് നടത്തിയ വകയിലും കോടികള്‍ അടിച്ചു മാറ്റി. നല്കിയ വായ്പകളില്‍ മുതലും പലിശയുമായി തിരികെ കിട്ടാനുള്ളത് നൂറു കോടിയോളം രൂപയാണ്. നിലവിലെ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി നടത്തിയ പരിശോധനയിലാണ് വിവരങ്ങള്‍ ഓരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. 70 കോടിയോളം രൂപയാണ് വര്‍ഷങ്ങളായി വായ്പയായി നല്‍കിയിട്ടുള്ളത്. മുതലും പലിശയും കണക്കാക്കുമ്പോള്‍ തിരികെ ലഭിക്കാനുള്ളത് 100 കോടി കവിയും. കോന്നി ജോയന്റ് രജിസ്ട്രാറുടെ പരാതിയില്‍ പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്.ഐ.ആര് പറയുന്നത് 89 ബിനാമി വായ്പകളുണ്ടെന്നാണ്. ഇതില്‍ പേരെടുത്ത് പറഞ്ഞിരിക്കുന്ന പലര്‍ക്കും കോടിക്കണക്കിന് രൂപയാണ് വായ്പ നല്‍കിയിരിക്കുന്നത്. ഒരേ വസ്തു ഈടായി കാണിച്ചുകൊണ്ട് ഒന്നിലധികം പേര്‍ക്ക് വായ്പ നല്‍കിയിട്ടുണ്ട്.
നിക്ഷേപങ്ങള്‍ തിരിച്ചു നല്കാന് ബാങ്കിന്റെ ആസ്തികള്‍ വില്‍ക്കുന്ന കാര്യം അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി പരിഗണിക്കുന്നുണ്ട്. മൈഫുഡ് റോളര്‍ ഫാക്ടറി, അവിടെയുള്ള വാഹനങ്ങള്‍, അഴൂര്‍, കുമ്പളാംപൊയ്ക എന്നിവിടങ്ങളിലെ ഭൂമി, മണ്ണാറക്കുളഞ്ഞി, ശാന്തിനഗര്‍ ബ്രാഞ്ചുകള്‍ എന്നിവയുടെ മൂല്യനിര്‍ണയം നടത്താന്‍ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി തയാറെടുക്കുകയാണ്. ഭരണസമിതി പിരിച്ചു വിടുന്നതിന് മുമ്പ് ബാങ്കിന്റെ ആസ്തികള്‍ വില്‍ക്കുന്നതിന് പൊതുയോഗം അനുവാദം നല്‍കിയെന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം, കേസില്‍പ്പെട്ട് കിടക്കുന്ന ഫാക്ടറി വില്‍ക്കുന്നതെങ്ങനെ എന്ന ചോദ്യം ഉയരുന്നുണ്ട്. അതിനിടെ തട്ടിപ്പില്‍ ബാങ്കിനുണ്ടായ നഷ്ടത്തിന് ഉത്തരവാദികള്‍ ആരെല്ലാമാണെന്നും അവരുടെ ബാധ്യത എത്രയാണെന്നും കണ്ടെത്തുന്നതിനുള്ള സര്‍ചാര്‍ജ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി ജോയന്റ് രജിസ്ട്രാര്‍ ഒരു മാസം കൂടി നീട്ടി നല്കി. കോന്നി അസിസ്റ്റന്റ് രജിസ്ട്രാര്‍ ആണ് അന്വേഷണം നടത്തുന്നത്. നഷ്ടം വന്ന തുക മുന്‍ സെക്രട്ടറി, ബാങ്ക് പ്രസിഡന്റ്, ഭരണസമിതിയംഗങ്ങള്‍ എന്നിവരില്‍നിന്ന് ഈടാക്കാനുള്ള നീക്കമാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.