പത്തനംതിട്ട: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ നഴ്സിങ് കൗൺസിലിന്റെ അംഗീകാരം ലഭിക്കാത്തതിൽ ശക്തമായ പ്രതിഷേധം ഉയർന്ന പത്തനംതിട്ട സർക്കാർ നഴ്സിങ് കോളജിലെ പ്രിൻസിപ്പലിനെ പ്രതികാര നടപടിയുടെ ഭാഗമായി സ്ഥലം മാറ്റി. കോളജിന് ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ അംഗീകാരം ഇല്ലാതെ വന്നതോടെ വിദ്യാർഥികൾ സമരരംഗത്തേക്ക് ഇറങ്ങിയതാണ് സ്ഥലംമാറ്റത്തിന് ഇടയാക്കിയത്.
സമരത്തിൽനിന്ന് കുട്ടികളെ പിന്തിരിപ്പിച്ചില്ല എന്നതാണ് പ്രധാനകാരണമെന്ന് അറിയുന്നു. തിരുവനന്തപുരം സ്വദേശിനിയായ പ്രിൻസിപ്പൽ ഗീതാകുമാരിയെ കാസർകോട്ടേക്കാണ് മാറ്റിയത്. വിദ്യാർഥികൾ ആരോഗ്യമന്ത്രിയുടെ പത്തനംതിട്ടയിലെ ഓഫിസിലേക്ക് ഉൾപ്പെടെ സമരവുമായി ഇറങ്ങിയതോടെ വിഷയം ചർച്ച ചെയ്യാൻ മെഡിക്കൽ എജുക്കേഷൻ ഡയറക്ടർ തിരുവനന്തപുരത്ത് ജൂലൈ അവസാനം യോഗം ചേർന്നിരുന്നു.
ഈ യോഗത്തിൽ പ്രിൻസിപ്പലിനെ കുറ്റപ്പെടുത്താനാണ് അധികൃതർ ശ്രമിച്ചത്. ഒടുവിൽ പി.ടി.എയുടെ സമ്മർദത്തെ തുടർന്ന് ഒരാഴ്ചക്കകം വിദ്യാർഥികൾക്ക് ബസ് അനുവദിക്കാനും തീരുമാനമായതാണ്. എന്നാൽ, അതിനും നടപടി ആയിട്ടില്ല. സമരം ചെയ്ത വിദ്യാർഥികളെ വയനാട്, കാസർകോട് തുടങ്ങിയ സ്ഥലങ്ങളിലെ നഴ്സിങ് കോളജുകളിലേക്ക് മാറ്റാനും ആലോചന നടന്നിരുന്നു. വയനാട് ദുരന്തത്തിന്റെ സാഹചര്യത്തിൽ അത് നടക്കാതെ പോയി.
ഇപ്പോൾ അടുത്ത ബാച്ച് പ്രവേശന നടപടി നടക്കുകയാണ്. പുതിയ വിദ്യാർഥികൾ കൂടി എത്തുന്നതോടെ എല്ലാം തകിടം മറിയും. കുട്ടികൾക്ക് നിന്നുതിരിയാൻപോലും ഇവിടെ സൗകര്യമില്ല. നഴ്സിങ് കോളജ് പ്രവർത്തിക്കാൻ ഇന്ത്യൻ നഴ്സിങ് കൗൺസിൽ മാനദണ്ഡങ്ങള്‍ നിഷ്കർഷിക്കുന്നുണ്ട്. രണ്ടര ഏക്കർ സ്ഥലത്ത് കാമ്പസുണ്ടാകണം.
23,200 ചതുരശ്ര അടിയിൽ കെട്ടിട സൗകര്യം, സയൻസ് ലാബ്, കമ്യൂണിറ്റി ഹെൽത്ത് ന്യുട്രീഷ്യൻ ലാബ്, ചൈൽഡ് ഹെൽത്ത് ലാബ്, ക്ലിനിക്കൽ ഹെൽത്ത് ലാബ്, കമ്പ്യൂട്ടർ ലാബ്, കോമൺ റൂം, ലൈബ്രറി, സ്റ്റാഫ് റൂം എന്നിവ വേണം. 21,100 ചതുരശ്ര അടി ഹോസ്റ്റൽ സൗകര്യവും ഉറപ്പാക്കണം. പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, പ്രഫസർ, രണ്ട് അസോ. പ്രഫസർമാർ, മൂന്ന് അസി. പ്രഫസർമാർ, 10 കുട്ടികൾക്ക് ഒരാൾ എന്ന നിരക്കിൽ അധ്യാപകർ വേണം എന്നിങ്ങനെയാണ് മാനദണ്ഡങ്ങള്‍.
എന്നാൽ, ഇവിടെ മാനദണ്ഡങ്ങള്‍ ഒന്നും പാലിച്ചിട്ടില്ല. കാതോലിക്ക് കോളജ് ജങ്ഷനിൽ വാടകക്കെട്ടിടത്തിൽ നഴ്സിങ് കോളജെന്ന ബോർഡുംവെച്ച് പ്രവർത്തിക്കുകയാണ്. പ്രിൻസിപ്പലും രണ്ട് താ ൽക്കാലിക അധ്യാപകരുമാണ് ആകെയുള്ളത്. അനാട്ടമി ക്ലാസ് ഒരുക്കിയിരിക്കുന്നത് 17 കിലോമീറ്റർ അപ്പുറമുള്ള കോന്നി മെഡിക്കൽ കോളജിലാണ്. പ്രാക്ടിക്കൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ്. പി.ടി.എ പിരിവെടുത്താണ് അടിസ്ഥാന സൗകര്യംപോലും ഒരുക്കുന്നത്.
കോന്നി മെഡിക്കൽ കോളജിനോടുബന്ധിച്ച് നഴ്സിങ് കോളജ് പ്രവർത്തിക്കാൻ സൗകര്യം ഉണ്ടെന്നിരിക്കെ ആരോഗ്യമന്ത്രി വീണ ജോർജ് അതിന് സമ്മതിക്കുന്നില്ല. പുതിയ നഴ്സിങ് കോളജിന് ആരോഗ്യശാസ്ത്ര സർവകലാശാല അഫിലിയേഷൻ നൽകണമെങ്കിൽ സംസ്ഥാന സർക്കാറിന്റെ നിരാക്ഷേപപത്രവും ഇന്ത്യൻ നഴ്സിങ് കൗൺസിൽ, കേരള നഴ്സിങ് കൗൺസിൽ എന്നിവയുടെ അംഗീകാരവും വേണം.
നിലവിലുള്ള കോളജുക ളിൽ സീറ്റ് കൂട്ടുന്നതിനും ഇത് ആവശ്യമാണ്. സർക്കാറിന്റെ ഇടപെടലിനെ തു ടർന്നാണ് ഐ.എൻ.സിയുടെ അംഗീകാരമില്ലാതെ വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ ആരോഗ്യശാസ്ത്ര സർവകലാശാല താൽക്കാലിക അനുമതി നൽകിയത്. വൈകാതെ ഐ.എൻ.സി അംഗീകാരം നേടി കത്ത് ഹാജരാക്കണമെന്നും നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.