കോഴഞ്ചേരി: കുമ്പനാടുമായി അടുത്ത ബന്ധം പുലർത്തിയ ഉമ്മൻ ചാണ്ടിയുടെ സഹായ ഹസ്തങ്ങൾക്ക് ആദരവായി അദ്ദേഹത്തിന്റെ നിയമസഭ അംഗത്വ സുവർണ ജൂബിലിയുടെ ഭാഗമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത് ഫ്രണ്ട്സ് ഓഫ് കുമ്പനാടായിരുന്നു.നിയമ സഭയിലും സംസ്ഥാനത്തിനകത്തും പുറത്തുമായി ഒട്ടനവധി ചടങ്ങുകൾ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നെങ്കിലും കേന്ദ്ര തപാൽ വകുപ്പുമായി ചേർന്ന് വ്യത്യസ്തവും ഓർമയിൽ തങ്ങിനിൽക്കുന്നതുമായ സ്റ്റാമ്പ് പുറത്തിറക്കുകയാണ് ഇവർ ചെയ്തത്. ‘50 സുവർണവർഷങ്ങൾ നിയമസഭയിൽ കുഞ്ഞുകുഞ്ഞ്’ എന്ന പേരിലായിരുന്നു ഇവർ പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്.
ഫ്രണ്ട്സ് ഓഫ് കുമ്പനാട് പ്രസിഡന്റ് സുബിൻ നീരുംപ്ലാക്കലും തപാൽ വകുപ്പ് ഉദ്യോഗസ്ഥൻ ജി. സുജിത്തും ചേർന്നാണ് സ്റ്റാമ്പ് രൂപകൽപന ചെയ്തത്. അഞ്ച് രൂപ വിലയുള്ളതായിരുന്നു സ്റ്റാമ്പ്. വിദേശമലയാളികൾ ഏറെയുള്ള കുമ്പനാട്ടുകാർക്കായി നിരവധി സഹായമാണ് ഉമ്മൻ ചാണ്ടി നൽകിയിരുന്നതെന്ന് സംഘടന ഭാരവാഹികൾ അനുസ്മരിച്ചു.
കുവൈത്ത് യുദ്ധകാലത്തും പിന്നീട് പല കാരണങ്ങളാൽ വിദേശങ്ങളിൽ ബുദ്ധിമുട്ട് അനുഭവിച്ചവർക്കും അദ്ദേഹം സഹായം നൽകിയിരുന്നു. ലോക്ഡൗൺ സമയത്ത് നിരവധി കുമ്പനാട്ടുകാർക്ക് അദ്ദേഹം സഹായം നൽകിയിരുന്നു. കോവിഡിൽ കഷ്ടത അനുഭവിക്കുന്ന വയനാട്ടിലെയും നിലമ്പൂരിലെയും കുട്ടികൾക്ക് സഹായഹസ്തവുമായി കുമ്പനാട് അക്ഷയ കേന്ദ്രവും ഫ്രണ്ട്സ് ഓഫ് കുമ്പനാടും പോയപ്പോഴും നിർദേശങ്ങൾ നൽകിയത് ഉമ്മൻ ചാണ്ടിയായിരുന്നു.
സർക്കാർ ഇതര സംഘടനകളുടെ കണക്കുപ്രകാരം സ്കൂൾ പാഠപുസ്തകങ്ങളും നോട്ട് ബുക്കുകളും നഷ്ടമായ അരലക്ഷത്തോളം കുട്ടികളാണ് വയനാട്ടിലെയും നിലമ്പൂരിലെയും ക്യാമ്പുകളിലുണ്ടായിരുന്നത്. കോവിഡ് നിയന്ത്രണ കാലത്ത് ഗുരുതരാവസ്ഥയിലായ അഞ്ചു ദിവസമായ കുഞ്ഞിനെ വെല്ലൂർ മെഡിക്കൽ കോളജിൽ എത്തിക്കുന്നതിനും ചൈനയിൽ അകപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർഥികളെ നാട്ടിൽ എത്തിക്കുന്നതിനും ഫ്രണ്ട്സ് ഓഫ് കുമ്പനാടിന്റെ അഭ്യർഥനപ്രകാരം ഉമ്മൻ ചാണ്ടി കേന്ദ്ര-സംസ്ഥാന സർക്കാറുകളുമായി ബന്ധപ്പെട്ട് സഹായം നൽകിയിരുന്നതായും സുബിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.