പന്തളം: പന്തളത്തും സമീപത്തും മോഷ്ടാക്കളും അക്രമികളും വിലസുന്നു. പൊലീസ് നിഷ്ക്രിയമായതിനാൽ ജനങ്ങളും ഭീതിയിലാണ്. തിങ്കളാഴ്ച കുളനട പനങ്ങാട് കീഴേടത്തുതാഴേതിൽ പ്രസന്നകുമാരിക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. രാത്രി ഏഴരയോടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് ആക്രമണം നടത്തിയത്. ബഹളംവെച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ അക്രമി വിറകുകമ്പുകൊണ്ട് പ്രസന്നയുടെ തലക്കടിച്ചുവീഴ്ത്തി. പരിക്കേറ്റ പ്രസന്നകുമാരി പത്തനംതിട്ടയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
അന്നു തന്നെ മാന്തുക ശിവപാർവതി ക്ഷേത്രത്തിൽ വഞ്ചി കുത്തിത്തുറന്ന് മോഷണം നടന്നു. പന്തളം കടയ്ക്കാട് ശ്രീഭദ്രകാളി ക്ഷേത്രത്തിലെ വഞ്ചിയിലെ പണം ഞായറാഴ്ച രാത്രി മോഷ്ടിച്ചിരുന്നു. മേയ് 29ന് കുളനടയില്‍ നാലുകടയില് മോഷണവും നാലിടത്ത് മോഷണശ്രമവും നടന്നു. കടകളുടെ ഓടു പൊളിച്ചിറങ്ങിയ മോഷ്ടാക്കൾ 40,000 രൂപയോളം മോഷ്ടിച്ചിരുന്നു. 27ന് രാത്രി പന്തളം മുട്ടാര്‍ കവലയിലെ അയ്യപ്പക്ഷേത്രത്തിലും മോഷണം നടന്നു. മതിലുകളില്‍ സ്ഥാപിച്ചിരുന്ന രണ്ടുവഞ്ചിയുടെ പൂട്ടുകള്‍ പൊളിച്ചായിരുന്നു കവര്‍ച്ച. ഇവിടെ നിന്ന് 20,000 രൂപ മോഷ്ടിച്ചു.
മുട്ടാർ ക്ഷേത്രത്തിൽ കവർച്ച നടത്തിയ ആളുടെ വ്യക്തമായ ദൃശ്യം ഇവിടെ സ്ഥാപിച്ച സി.സി ടി.വിയിൽനിന്ന് ലഭിച്ചിട്ടുണ്ട്. മോഷണം നടന്നതിനെക്കുറിച്ച് ഭാരവാഹികൾ പന്തളം പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, അന്വേഷണം നടത്താനോ സി.സി ടി.വി ദൃശ്യം പരിശോധിക്കാനോ പോലും പൊലീസ് ഇതുവരെ തയാറായിട്ടില്ലെന്നാണ് ആക്ഷേപം. പന്തളത്ത് അന്തർസംസ്ഥാന തൊഴിലാളികളുൾപ്പെടെ ലഹരിമരുന്നുകളും നിരോധിത പുകയില ഉൽപന്നങ്ങളും വ്യാപകമായാണ് വിൽപന നടത്തുന്നത്.
ഒരാഴ്ച മുമ്പ് അടൂരിൽ നിന്നെത്തിയ എക്സൈസ് സംഘം പന്തളം പൊലീസിന്റെ മൂക്കിനുകീഴിൽ നിന്ന് കഞ്ചാവുമായി രണ്ടു ബംഗാളി തൊഴിലാളികളെ പിടികൂടിയിരുന്നു. ഇവരിൽനിന്ന് 675 ഗ്രാം കഞ്ചാവും പിടികൂടിയിരുന്നു. മോഷണവും മറ്റും വ്യാപകമായതോടെ ഇതേക്കുറിച്ച് അന്വേഷിക്കാൻ വേണ്ടി ബന്ധപ്പെടാൻ ശ്രമിച്ചാൽ പന്തളം എസ്.എച്ച്.ഒ, എസ്.ഐ എന്നിവർ തങ്ങളുടെ ഔദ്യോഗിക മൊബൈൽ ഫോൺപോലും എടുക്കാൻ തയാറാകുന്നില്ലെന്നും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.