പത്തനംതിട്ട: നഗരത്തിൽ ജലവിതരണ പൈപ്പിനായി കുഴിച്ച കുഴികൾ ജില്ല ആസ്ഥാനത്ത് പൊല്ലാപ്പാകുന്നു. കലക്ടറേറ്റ്, ജനറൽ ആശുപത്രി, കോടതികൾ ഉൾപ്പെട്ട മിനി സിവിൽ സ്റ്റേഷൻ ഉൾപ്പെടെ നഗരം മുഴുവൻ പൊടിപടലത്താൽ വീർപ്പുമുട്ടുകയാണ്. വ്യാപാര സ്ഥാപനങ്ങൾ പൊടിയാൽ നിറഞ്ഞെന്നും തങ്ങൾ രോഗികളായി മാറുകയാണെന്നും വ്യാപാരി- വ്യവസായികൾ പറയുന്നു.
തിരക്കേറിയ റോഡുകളിൽപോലും പൈപ്പ് സ്ഥാപിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ടാറിങ് ചെയ്തിട്ടില്ല. തിരുവല്ല -കുമ്പഴ റോഡിന്റെ ഒരുവശം പൂർണമായും തകർന്നു. അബാൻ ജങ്ഷൻ മുതൽ കലക്ടറേറ്റ് ഭാഗം വരെ പൈപ്പിട്ട ഭാഗത്തെ മണ്ണ് ശരിയായി നികത്തിയിട്ടില്ല. മണ്ണിട്ട് മൂടിയിടത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കും സൃഷ്ടിക്കുന്നു.
മിനി സിവിൽ സ്റ്റേഷൻ ഭാഗത്ത് റോഡിൽ ഇന്റർലോക്ക് പാകിയ ഭാഗത്ത് കുഴിച്ചതോടെ റോഡിന്റെ നടുഭാഗത്തും വലിയ കുഴിയായി. റോഡിലെ മൺകൂനകൾമൂലം വാഹനങ്ങൾ കടന്നുപോകാൻ പ്രയാസപ്പെടുന്നു. വേനൽമഴ പെയ്യുന്നതോടെ കുഴികളിൽ വെള്ളം കെട്ടി റോഡ് ചളിക്കുളമായി. ജനറൽ ആശുപത്രിയിലേക്ക് വരുന്ന ആംബുലൻസുകൾ ഉൾപ്പെടെ വാഹനങ്ങൾക്ക് പൈപ്പിടാനെടുത്ത കുഴികൾ അപകടക്കെണിയാണ്. ടി.കെ റോഡിലെ പൈപ്പ് കുഴികൾക്ക് മുകളിൽ തോന്നുന്ന പോലെയാണ് മണ്ണ് കൂനകൂട്ടിയത്. ഇതോടെ ബസുകൾക്ക് സ്റ്റോപ്പിൽ കൃത്യമായി നിർത്തി ആളുകളെ കയറ്റാനും ഇറക്കാനും കഴിയാത്ത സ്ഥിതിയാണ്. ബസുകൾ റോഡിലേക്ക് കയറ്റി നിർത്തേണ്ട സ്ഥിതിയാണ്. എതിരെ വരുന്ന വലിയ വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ കഴിയാറില്ല. റോഡരികിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളുകൾക്ക് കടന്നുചെല്ലാനും പ്രയാസമാണ്.
അടുത്ത ദിവസങ്ങളിൽ സെൻട്രൽ ജങ്ഷൻ ഭാഗത്തും പൈപ്പിടാൻ കുഴിയെടുക്കും. രാത്രിയാണ് കുഴിക്കുന്നത്. ഇതോടെ ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാകാനാണ് സാധ്യത. അബാൻ മേൽപാലം നിർമാണം, തൈക്കാവ് റോഡ് പണി ഇവയൊക്കെ കാരണം നഗരത്തിൽ എറെനാളായി രൂക്ഷമാണ് ഗതാഗതക്കുരുക്ക്. പൈപ്പിട്ട ഭാഗം നന്നായി മണ്ണിട്ട് ഉറപ്പിക്കേണ്ടത് കരാറുകാരന്റെ ചുമതലയാണെങ്കിലും പല സ്ഥലത്തും ശരിയായ രീതിയിൽ ഉറപ്പിക്കാറില്ല. നഗരത്തിൽ ഒരു വർഷംമുമ്പ് പൈപ്പിടൽ പണികൾ പൂർത്തിയായ ഭാഗങ്ങളിൽപോലും റോഡ് തകർന്നിട്ടുണ്ട്. ഒരുവർഷം മുമ്പ് പൈപ്പ് സ്ഥാപിക്കാൻ കല്ലറക്കടവ് -കണ്ണങ്കര റോഡ് വെട്ടിപ്പൊളിച്ചത് നന്നാക്കാത്തതിനെ തുടർന്ന് നാട്ടുകാർ നിരവധി സമരങ്ങൾ നടത്തിയിരുന്നു.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 11.18 കോടി രൂപ ചെലവിലാണ് ജലവിതരണത്തിനായി പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നത്. 2021 സെപ്റ്റംബറിലായിരുന്നു നിർമാണോദ്ഘാടനം. പഴയ പൈപ്പുകൾ പൂർണമായും മാറ്റുകയാണ്.
മൊത്തം 23 കിലോമീറ്ററാണ് പൈപ്പ് മാറ്റുന്നത്. പാമ്പൂരിപ്പാറയിൽനിന്ന് വിവിധ ടാങ്കുകളിലേക്കുള്ള പ്രധാന പൈപ്പ് ലൈനിന് ഉപയോഗിക്കുന്നത് 500 എം.എം വ്യാസമുള്ള ഡി.ഐ പൈപ്പാണ്. വിതരണ ശൃംഖലക്ക് 110 എം.എം വ്യാസമുള്ള പി.വി.സി പൈപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.