പത്തനംതിട്ട: പത്തനംതിട്ട സര്‍വിസ് സഹ.ബാങ്ക് ഭരണം പിടിക്കാന്‍ വ്യാപക കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവുകൾ പുറത്തായി. എസ്.എഫ്.ഐ ജില്ല ഭാരവാഹികള്‍ കള്ളവോട്ട് രേഖപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വെട്ടിലായത് സി.പി.എമ്മാണ്. ഭരണം പിടിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, ആരോപണത്തെ പ്രതിരോധിക്കാനും സി.പി.എമ്മിന് ഇനി സമയം കണ്ടെത്തേണ്ടിവരും.
അതേസമയം, കള്ളവോട്ടിലൂടെയാണ് ഭരണം പിടിച്ചതെന്ന് അവകാശപ്പെട്ട് ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എ. സുരേഷ് കുമാർ നടത്തിയ പ്രസംഗം പുറത്തുവന്നതോടെ യു.ഡി.എഫും വെട്ടിലായി. ഭരണസമിതിയിലെ ഒന്നൊഴികെ എല്ലാ സീറ്റിലും യു.ഡി.എഫാണ് വിജയിച്ചത്. നഗരസഭ വൈസ് ചെയർമാൻ സി.പി.എമ്മിലെ കെ.ആർ. അജിത് കുമാറാണ് എൽ.ഡി.എഫ് പാനലിലിലെ ഏകവിജയി. ഇദ്ദേഹം മുമ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. നഗരസഭയിലെ 25 വാർഡിൽനിന്നുള്ള ബാങ്ക് അംഗങ്ങൾക്ക് മാത്രമാണ് വോട്ട് ചെയ്യാനുള്ള അവകാശം.
ഞായറാഴ്ച നടന്ന വോട്ടെടുപ്പുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ്, യു.ഡി.എഫ് നേതാക്കൾ പരസ്പരം വ്യാപക കള്ളവോട്ട് ആരോപണം ഉന്നയിച്ചിരുന്നു. വോട്ടെടുപ്പ് തുടങ്ങിയത് മുതൽ സംഘർഷം ഉടലെടുത്തതിനെ തുടർന്ന് പലതവണ പൊലീസിന് ലാത്തിവീശേണ്ടി വന്നു. ഇതിനിടെയാണ് എസ്.എഫ്.ഐ ജില്ല സെക്രട്ടറിയും തിരുവല്ല സ്വദേശിയുമായ കെ.എസ്. അമൽ അടക്കം കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.
അമൽ അഞ്ചു പ്രാവശ്യം പോളിങ് ബൂത്തിൽ പ്രവേശിച്ച് വോട്ടു ചെയ്യുകയായിരുന്നു. ഇയാൾ വോട്ടർമാർക്കൊപ്പം ക്യൂവിൽ നിൽക്കുന്നതും തിരിച്ചറിയൽ രേഖ പരിശോധനക്കായി നൽകുന്നതും ബാലറ്റുമായി നീങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനിടെ ഒരു ബൂത്തിൽ സംശയം ഉന്നയിച്ച ഉദ്യോഗസ്ഥരോട് തർക്കിച്ച് ബാലറ്റ് വാങ്ങി വോട്ട് ചെയ്യുന്നതും കാണാം. വോട്ട് ചെയ്യുന്നതിനിടെ സമീപത്ത് വോട്ട് ചെയ്യുന്ന മറ്റൊരു സ്ത്രീക്ക് ബാലറ്റ് കൈമാറുന്നതും കാണാം.
ഒരു പോളിങ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോൾ ഇയാളെ തിരിച്ചറിഞ്ഞിട്ടും തടയാതെ ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനും ദൃശ്യങ്ങളിൽ പെട്ടിട്ടുണ്ട്. ഇതേപോലെ എസ്.എഫ്.ഐ കൊടുമൺ എരിയ പ്രസിഡന്റ് കിരൺ, ഡി.വൈ.എഫ്.ഐ മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റി അംഗം ജോയേഷ് പോത്തൻ, സി.പി.എം പെരിങ്ങനാട് ലോക്കൽ സെക്രട്ടറി അഖിൽ ഉൾപ്പെടെ കള്ളവോട്ട് ചെയ്തതിന്റെ ദൃശ്യങ്ങളാണ് കോൺഗ്രസ് പുറത്തുവിട്ടത്.
എൽ.ഡി.എഫ് വ്യാപകമായി കള്ളനോട്ട് ചെയ്തുവെന്ന യു.ഡി.എഫ് ആരോപണത്തിന് ഇത് അടിവരയിടുന്നു. തെളിവുകൾ സഹിതം ഹൈകോടതിയെ സമീപിക്കാനാണ് കോൺഗ്രസ് തീരുമാനം. അതേസമയം, തെരഞ്ഞെടുപ്പ് പാനലിനായി ആരും കള്ളവോട്ട് ചെയ്തെന്ന് ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് യു.ഡി.എഫ് നടത്തിയ പ്രകടനത്തിനുശേഷം പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എ. സുരേഷ് കുമാർ നടത്തിയ പ്രസംഗമാണ് ഇവർക്കെതിരായും കള്ളവോട്ട് ആരോപണം ഉയർത്തുന്നത്.
‘‘ഞാൻ കോൺഗ്രസ് പ്രവർത്തകരോട് പറയുകയാണ്. ഇവിടെ ഈ തെരഞ്ഞെടുപ്പ് കണ്ടു പഠിക്കണം. കള്ളവോട്ടും തെമ്മാടിത്തരവും കാണിക്കാൻ ഇവൻമാർക്ക് മാത്രമല്ല, ഞങ്ങൾക്കും അറിയാം എന്നത് വളരെ വ്യക്തമായി കാണിച്ചുകൊടുത്തിരിക്കുകയാണ്’’ എന്നായിരുന്നു സുരേഷ് കുമാർ പ്രസംഗിച്ചത്. എന്നാൽ, ജയിച്ചതിന്റെ ആവേശത്തിൽ പറഞ്ഞുപോയതാണെന്നും ജനാധിപത്യ രീതിയിലാണ് തങ്ങൾ തെരഞ്ഞെടുപ്പിനെ സമീപിച്ചതെന്നും യു.ഡി.എഫ് നേതാക്കൾ പറയുന്നു.
ഭരണം പിടിക്കാൻ ഇടത് -വലതു പക്ഷങ്ങൾ കള്ളവോട്ട് ചെയ്തുവെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ സ്വമേധയാ സഹകരണ വകുപ്പിന് നടപടി സ്വീകരിക്കാവുന്നതാണെന്ന് നിയമ വിദഗ്ധർ പറയുന്നു. എന്നാൽ, കള്ളവോട്ടും തിരിമറിയും സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സഹകരണ വകുപ്പ് പത്തനംതിട്ട ജോയന്റ് രജിസ്ട്രാർ വ്യക്തമാക്കിയത്. ഇരുകൂട്ടരും കള്ളവോട്ട് ചെയ്തുവെന്ന് വ്യക്തമായ സാഹചര്യത്തിൽ നിയമനടപടിയിലേക്ക് നീങ്ങാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.