പത്തനംതിട്ട: അടിസ്ഥാന സൗകര്യമില്ലാതെ പത്തനംതിട്ടയിലെ നഴ്സിങ് കോളജ്. കോളജ് ജങ്ഷനിൽ ഒരു സൗകര്യവുമില്ലാതെ വാടകക്കെട്ടിടത്തിലാണ് പുതുതായി തുടങ്ങിയ സർക്കാർ നഴ്സിങ് കോളജ് പ്രവർത്തിക്കുന്നത്.
നഴ്സിങ് കോളജ് പ്രവർത്തിക്കാൻ ഇന്ത്യൻ നഴ്സിങ് കൗൺസിൽ ചില മാനദണ്ഡങ്ങള്‍ നിഷ്കർഷിക്കുന്നുണ്ട്. രണ്ടര ഏക്കർ സ്ഥലത്ത് കാമ്പസുണ്ടാകണം, 23,200 സ്ക്വയർ ഫീറ്റിൽ ബിൽഡപ് ഏരിയ, സയൻസ് ലാബ്, കമ്യൂണിറ്റി ഹെൽത്ത് ന്യുട്രീഷൻ ലാബ്, ചൈൽഡ് ഹെൽത്ത് ലാബ്, ക്ലിനിക്കൽ ഹെൽത്ത് ലാബ്, കമ്പ്യൂട്ടർ ലാബ്, കോമൺ റൂം, ലൈബ്രറി, സ്റ്റാഫ് റൂം എന്നിവ വേണം. 21,100 സ്ക്വയർഫീറ്റ് ഹോസ്റ്റൽ സൗകര്യവും ഉറപ്പാക്കണം, പ്രവൃത്തി പരിചയമുള്ള പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, പ്രഫസർ, രണ്ട് അസോ. പ്രഫസർമാർ, മൂന്ന് അസി. പ്രഫസർമാർ, 10 കുട്ടികൾക്ക് ഒരാൾ എന്ന നിരക്കിൽ അധ്യാപകർ വേണം എന്നിങ്ങനെയാണ് മാനദണ്ഡങ്ങള്‍. എന്നാൽ ഇവയൊന്നും ഇവിടെ പാലിച്ചിട്ടില്ല.
രണ്ടരയേക്കറിൽ കാമ്പസ് വേണമെന്നിരിക്കെ നഗരത്തിന്റെ ഒത്തനടുക്ക് റോഡുവക്കിലുള്ള വാടകക്കെട്ടിടമാണ് നഴ്സിങ് കോളജെന്ന ബോർഡുംവെച്ച് പ്രവർത്തിക്കുന്നത്. പ്രിൻസിപ്പലും രണ്ട് താൽക്കാലിക അധ്യാപകരുമാണ് ആകെയുള്ളത്. ക്ലിനിക്കൽ സൗകര്യം ഒരുക്കിയിരിക്കുന്നത് 17 കിലോമീറ്റർ അപ്പുറമുള്ള കോന്നി മെഡിക്കൽ കോളജിലാണ്. അവിടേക്ക് പോകാൻ കോളജ് ബസില്ല. നവകേരള സദസ്സിൽ തൃശൂർ മുതലിങ്ങോട്ട് 25 രക്ഷിതാക്കൾ മാറി മാറി പരാതി നൽകിയിരുന്നു.
കുട്ടികൾ സമരത്തിന് ഇറങ്ങുമെന്ന് മുന്നറിയിപ്പ് നൽകിയതോടെ പ്രിൻസിപ്പൽ ഇന്റേണൽ മാർക്ക് കുറക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായി പി.ടി.എ ഭാരവാഹികൾ പറയുന്നു. നഴ്സിങ് കൗൺസിൽ പരിശോധന സമയത്ത് പുറത്ത് നിന്ന് അധ്യാപകരെ എത്തിച്ച് പരിശോധന അട്ടിമറിക്കുകയായിരുന്നുവെന്ന് രക്ഷിതാക്കൾ വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.