പന്തളം: മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ അയൽവാസിയുടെ തെങ്ങിൻ മുകളിൽ കയറി എട്ടര മണിക്കൂർ പിന്നിട്ടിട്ടും താഴെയിറക്കാനായില്ല. ഞായറാഴ്ച രാത്രി വൈകിയും അനുനയിപ്പിക്കാൻ ശ്രമം തുടരുകയാണ്. പന്തളം കടയ്ക്കാട് വടക്ക് പുത്തയത്ത് പടിഞ്ഞാറ്റിയത് രാധാകൃഷ്ണനാണ് (38) 80 അടിയോളം ഉയരമുള്ള തെങ്ങിന്റെ മുകളിൽ കയറി ഇരിക്കുന്നത്. അയൽവാസിയായ അനിലിന്റെ വീട്ട് പറമ്പിലെ തെങ്ങിൽ ഞായറാഴ്ച ഉച്ചക്ക് 12.30യോടെയാണ് കയറിപ്പറ്റിയത്. ഇയാൾ തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു.
മാനസിക വിഭ്രാന്തിയുള്ള ഇയാളെ ആശുപത്രിയിൽ എത്തിക്കാൻ ബന്ധുകൾ ആംബുലൻസ് എത്തിച്ചപ്പോൾ വീട്ടിൽനിന്ന് ഇറങ്ങിയോടി തെങ്ങിൽ കയറുകയായിരുന്നു.
നാട്ടുകാർ സംഘടിച്ച് തെങ്ങിൽനിന്ന് ഇറക്കാൻ ശ്രമിച്ചെങ്കിലും രാധാകൃഷ്ണൻ വഴങ്ങിയില്ല. പന്തളം പൊലീസും അടൂർ, പത്തനംതിട്ട എന്നിവിടങ്ങളിൽനിന്ന് രണ്ട് യൂനിറ്റ് അഗ്നിരക്ഷ സേനയും സ്ഥലത്തെത്തി. തെങ്ങിനു ചുറ്റും വലകെട്ടിയിരിക്കുകയാണ്. ഇതിനിടെ 40 അടി ഉയർച്ചയുള്ള ഏണി ഉപയോഗിച്ചും താഴെയിറക്കാനുള്ള ശ്രമവും വിജയിച്ചില്ല. പ്രദേശത്ത് വൻ ജനക്കൂട്ടം തമ്പടിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.