പത്തനംതിട്ട: വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ കൂടിയ നഗരസഭ കൗൺസിൽ യോഗത്തിൽ വാഗ്വാദവും ബഹളവും. ശബരിമല സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ വിവിധ വാർഡുകൾ ഇരുട്ടിലാണെന്നും തെരുവ് വിളക്കുകൾ കത്തിക്കാൻ അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ട് നഗരസഭ പ്രതിപക്ഷ നേതാവ് കെ. ജാസിം കുട്ടിയാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്. ജില്ലയുടെ പിതാവ് കെ.കെ. നായരുടെ പ്രതിമ അടിയന്തിരമായി പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലേലത്തിൽ എടുക്കാതെ പഴയ പ്രൈവറ്റ് ബസ്സ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷൻ സ്വകാര്യവ്യക്തി മാസങ്ങളായി കൈവശം വെച്ചിരിക്കുകയാണെന്നും നഗരസഭക്ക് വലിയ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും യു.ഡി.എഫ് അംഗങ്ങൾ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചർച്ചയിൽ ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ തർക്കവും വാഗ്വാദവും ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്താമെന്നും ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കാമെന്നും നഗരസഭ സെക്രട്ടറി സുധീർ രാജ് ഉറപ്പ് നൽകിയ ശേഷമാണ് ബഹളം അവസാനിച്ചത്. ഡെങ്കിപ്പനിക്കെതിരെ നടപടി വേണമെന്നും ഹരിതകർമസേനയുടെ അപാകത പരിഹരിക്കണമെന്നും യു.ഡി.എഫ് അംഗങ്ങൾ പറഞ്ഞു. വിവിധ പ്രവൃത്തികളുടെ ടെൻഡറുകൾക്ക് കൗൺസിൽ അംഗീകാരം നൽകി. ചെയർമാന്റെ അഭാവത്തിൽ വൈസ് ചെയർപേഴ്സൻ ആമിന ഹൈദ്രാലി അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ അഡ്വ. എ. സുരേഷ് കുമാർ, അഡ്വ. റോഷൻ നായർ, എം.സി. ഷെറീഫ്, സിന്ധു അനിൽ, റോസ്ലിൻ സന്തോഷ്, സി.കെ. അർജുനൻ, ആനി സജി, മേഴ്സി വർഗീസ്, അംബിക വേണു, അഖിൽ അഴൂർ, ആൻസി തോമസ്, ഷീന രാജേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.