പത്തനംതിട്ട: നഗരസഭയിലെ കായികതാരങ്ങൾക്കും കലാകാരന്മാർക്കും ജില്ല കേരളോത്സവത്തിൽ പങ്കെടുക്കാൻ കഴിയാതെപോയതിന് കാരണക്കാരായ നഗരസഭ അധികാരികൾക്കെതിരെ അന്വേഷണം നടത്താൻ നഗരകാര്യ വകുപ്പ് തയാറാകണമെന്ന് കൗൺസിലറും ഡി.സി.സി വൈസ് പ്രസിഡന്റുമായ അഡ്വ.എ. സുരേഷ്കുമാർ ആവശ്യപ്പെട്ടു.
നഗരസഭ കേരളോത്സവത്തിൽ വിജയിച്ച കായികതാരങ്ങളുടെ പേര് ജില്ല കേരളോത്സവത്തിൽ രജിസ്റ്റർ ചെയ്യാൻ യഥാസമയം നഗരസഭക്ക് കഴിയാതെവന്നതിനാലാണ് ഇവർക്ക് പങ്കെടുക്കാൻ കഴിയാതെപോയത്. നഗരസഭ ചെയർമാൻ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. കായികതാരങ്ങളോടും കായിക മേഖലയോടും ഇടതുപക്ഷ ഭരണസമിതിയുടെ നിഷേധാത്മക സമീപനമാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്.
നഗരസഭയിലെ കായികതാരങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യാൻ യു.ഡി.എഫിന്റെ ഭരണസമിതികൾ ശ്രദ്ധിച്ചിരുന്നു. എല്ലാ വർഷവും രജിസ്ട്രേഷനുള്ള ക്ലബുകൾക്ക് സ്പോർട്സ് സാധനങ്ങൾ നൽകുമായിരുന്നു.
എന്നാൽ, കഴിഞ്ഞ രണ്ടുവർഷമായി ഇത് നടക്കുന്നില്ല. സ്റ്റേഡിയം വാണിജ്യ ആവശ്യങ്ങൾക്ക് നൽകി തകർത്തിട്ട് ഉത്തരവാദികളിൽനിന്ന് നഷ്ടപരിഹാരം വാങ്ങി നന്നാക്കാൻ നടപടി എടുത്തില്ല. കേരളോത്സവത്തിൽപോലും ശ്രദ്ധചെലുത്തിയില്ല. കായിക മേഖലയെ തകർക്കുന്ന സമീപനത്തിൽനിന്ന് നഗരസഭ പിന്മാറണമെന്നും സുരേഷ് കുമാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.