പത്തനംതിട്ട: ഓണസീസൺ അടുത്തതോടെ പലവ്യഞ്ജനത്തിനും പച്ചക്കറിക്കും വില കുതിച്ചുയരുകയാണ്. വില വർധന തടയാൻ സർക്കാർ ഓണച്ചന്തകൾ പല സ്ഥലങ്ങളിലും തുറന്നെങ്കിലും പൊതുവിപണിയിൽ മിക്ക സാധനങ്ങൾക്കും വില കുതിക്കുകയാണ്.
ഇന്ധന വില വർധനയും ജി.എസ്.ടിയുമാണ് കാരണമാകുന്നത്. അരി വിലയാണ് അതിവേഗം കുതിക്കുന്നത്. രണ്ടുമാസത്തിനിടെ വിവിധയിനം അരിക്ക് കിലേക്ക് 10 രൂപയുടെ വർധനവരെയുണ്ടായി. ശരാശരി കിലോക്ക് 52.50 രൂപയാണ് കുത്തരി വില. 25 കിലോ താഴെയുള്ള ബാഗ് വാങ്ങുമ്പോൾ ജി.എസ്.ടിയും ഉപഭോക്താക്കൾ നൽകണം.
ഇതുകൂടി കൂട്ടിയാൽ പിന്നെയും വില ഉയരുന്ന സ്ഥിതിയാണ്. ജയയും പുഞ്ചയും ആന്ധ്രയിൽനിന്നാണ് എത്തുന്നത്. കർണാടകത്തിൽനിന്നും എത്തുന്ന സുരേഖക്ക് കാര്യമായ വിലവർധനയില്ല. എന്നാൽ, ജ്യോതി, മസൂരി, ഉണ്ടമട്ട തുടങ്ങിയവക്ക് ആറുരൂപ മുതൽ 10 രൂപ വരെ കൂടിയിട്ടുണ്ട്. ആന്ധ്രയിൽ ജയ നെല്ല് കിട്ടാത്തതിനാൽ ജയക്കും വില കൂടി. മുളക് വിലയും കുതിച്ചുകയറുകയാണ്.
എരിവില്ലാത്ത പിരിയൻ മുളകിന് കിലോക്ക് 450 രൂപക്ക് മുകളിലാണ് വില. ഇത് പൊടിച്ചുവരുമ്പോൾ 600 ഗ്രാം മാത്രമാണ് കിട്ടുക. ഉപഭോക്താക്കൾ ഒരുകിലോ മുളക് വാങ്ങുമ്പോൾ 700 രൂപയോളം ചെലവാക്കേണ്ടിവരുമെന്നതാണ് സ്ഥിതി.
എരിവുള്ള മുളകിന് കിലോക്ക് 380 രൂപ നൽകണം. ഇതിനിടെ മായം കലർന്ന ഭക്ഷ്യസാധനങ്ങളുടെ വിൽപനയും തകൃതിയായി നടക്കുന്നു. ഗുണനിലവാരം ഒട്ടും ഇല്ലാത്ത മോശം സാധനങ്ങൾ കൂടിയ വിലയ്ക്ക് വിൽക്കുകയും ചെയ്യുന്നുണ്ട്.
ഇതിനൊപ്പം ഇന്ധന വിലയും അടിക്കടി ഉയരുന്ന പാചകവാതക വിലയും സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിക്കുന്നു. അടുക്കള മുതൽ സമസ്തമേഖലയിലും പ്രതിഫലനമുണ്ടാക്കിയാണ് ഇവയുടെ മുന്നേറ്റം.
സാധാരണക്കാരുടെ വരുമാനത്തിെൻറ നല്ലൊരുഭാഗം ഇന്ധനത്തിലും പാചകവാതകത്തിനും മാറ്റിവെക്കേണ്ടിവരും. നാടും നഗരവും ഓണത്തിരക്കിലേക്ക് വഴിമാറുമ്പോൾ വിലക്കയറ്റത്തിൽ ജനം നട്ടംതിരിയുന്ന കാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.