പത്തനംതിട്ട: ജില്ല സ്റ്റേഡിയം നിർമ്മാണം തെരഞ്ഞെടുപ്പ് തട്ടിെപ്പന്ന് ആരോപിച്ച് പത്തനംതിട്ട നഗരസഭ കൗൺസിലിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഭരണപക്ഷമായ എൽ.ഡി.എഫ് കൗൺസിലർമാരുമായി ഏറ്റുമുട്ടൽ. വ്യാഴാഴ്ച നടന്ന യോഗത്തിലെ തർക്കം പ്രതിപക്ഷമായ യു.ഡി.എഫ് കൗൺസിലർമാരുമായി കയ്യാങ്കളിലാണ് കലാശിച്ചത്. യു.ഡി.എഫ് കൗൺസിലർമാർ കൈയിൽ കരുതിയിരുന്ന വോളിബാൾ കൗൺസിൽ ഹാളിൽ തട്ടിക്കളിച്ചത് എൽ.ഡി.എഫിന്‍റെ പ്രതിഷേധത്തിന് ഇടയാക്കി. ഇതേതുടർന്ന് തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റത്തിലും കൈയാങ്കളിയിലും എത്തുകയായിരുന്നു. തുടർന്ന് യു.ഡി.എഫ് അംഗങ്ങൾ ചെയർമാന്‍റെ ഡയസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നീട് പിരിഞ്ഞ് പോകുകയായിരുന്നു.
കെ.കെ. നായർ സ്റ്റേഡിയത്തിൻ്റെ നടത്തിപ്പ് ചുമതല പത്തനംതിട്ട നഗരസഭക്ക് നഷ്ടമായ സംഭവം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടതിനെ തുടർന്നാണ് കൗൺസിൽ യോഗം പ്രധാനമായും കൂടിയത്. ഒപ്പംവിവിധ അജണ്ടകളും ഉൾപ്പെടുത്തിയിരുന്നു. സ്റ്റേഡിയത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരെയാണ് ഏൽപ്പിച്ചതെന്നും നഗരസഭക്ക് ഇനി സ്റ്റേഡിയത്തിന്മേൽ എന്തെങ്കിലും അധികാരമുണ്ടോ എന്നും ശൂന്യവേളയിൽ യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ കെ. ജാസിം കുട്ടി ചോദ്യം ഉയർത്തി. മറുപടിയിൽ തൃപ്തരാകാതെ യു.ഡി.എഫ് അംഗങ്ങൾ കയ്യിൽ കരുതിയിരുന്ന വോളിബോളുമായി ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈന്‍റ ചേംബറിൻ്റെ മുമ്പിലെത്തി തട്ടികളിച്ച് പ്രതിഷേധിച്ചു. എൽ.ഡി.എഫ് കൗൺസിലർമാർ ബോൾ പിടിച്ചുവാങ്ങി ഹാളിന് പുറത്തേക്ക് എറിഞ്ഞതോടെ പരസ്പരം ഉന്തും തള്ളുമായി.
ബഹളം കൈയാങ്കളിയിലും എത്തി. സ്റ്റേഡിയം വിഷയം വ്യക്തമാക്കാതെ കൗൺസിൽ തുടങ്ങുവാൻ സമ്മതിക്കില്ലെന്ന് പറഞ്ഞ് യു.ഡി.എഫ് അംഗങ്ങൾ ചെയർമാൻ്റെ മുമ്പിൽ പ്രതിഷേധിച്ച് മുദ്രാവാക്യം വിളിച്ചു. പ്രതിരോധം തീർത്ത് എൽ.ഡി.എഫ് അംഗങ്ങളും നിന്നു. പ്രതിഷേധം തുടരുന്നതിനിടെ യോഗം പിരിച്ചുവിട്ടതായി പ്രഖ്യാപിച്ച ചെയർമാൻ ടി. സക്കീർ ഹുസൈൻ ഹാളിൽ നിന്നും ഇറങ്ങിപ്പോയി. യു.ഡി.എഫ് അംഗങ്ങളായ അഡ്വ. എ. സുരേഷ് കുമാർ, എം.സി. ഷെറീഫ്, സിന്ധു അനിൽ, സി.കെ. അർജുനൻ, ആനി സജി, അംബിക വേണു, ആൻസി തോമസ്, ഷീന രാജേഷ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
അതേസമയം ജില്ല സ്റ്റേഡിയം നിർമ്മാണ ഉദ്ഘാടനത്തിൽ നഗരസഭ കൗൺസിലിന് വേണ്ട പ്രാധാന്യം ലഭിച്ചില്ലെന്നുള്ള പ്രതിപക്ഷ ആരോപണം വസ്‌തുതയ്ക്ക് നിരക്കുന്നതല്ല എന്ന് ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു.
ബുധനാഴ്ച വൈകിട്ടാണ് കെ.കെ നായർ സ്പോർട്സ് കോപ്ലക്സിന്‍റെ നിർമ്മാണ ഉദ്ഘാടനം കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചത്. ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ഐസക്കിനെ ഉദ്ഘാടന ചടങ്ങിൽ പെങ്കടുപ്പിച്ചതും യു.ഡി.എഫിന്‍റെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഉദ്ഘാടന േവദിക്ക് സമീപത്തേക്ക് പ്രതിഷേധവുമായി എത്തിയതും യു.ഡി.എഫും - സി.പി.എം പ്രവർത്തകരും തമ്മിലുള്ള നേരിയ സംഘർഷത്തിന് ഇടയാക്കിയിരുന്നു.
പത്തനംതിട്ട: ജില്ല സ്റ്റേഡിയത്തിന്റെ നിർമ്മാണം സംബന്ധിച്ച് നഗരസഭയിൽ ചെയർമാൻ നൽകിയ ഉറപ്പു പാലിക്കാത്തതിൽ കൗൺസിലിൽ എസ്.ഡി.പി.ഐ കൗൺസിലർമാരും പ്രതിഷേധിച്ചു. നഗരസഭ ഭരണസമിതി അധികാരത്തിൽ വന്ന പ്രഥമ കൗൺസിൽ തന്നെ സ്റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട ധാരണ പത്രത്തിൽ ഒപ്പിടുമ്പോൾ സ്റ്റേഡിയത്തിന് മേലുള്ള അധികാരം നഗരസഭയ്ക്ക് നഷ്ടപ്പെടില്ലെന്നും കെ. കെ നായരുടെ പേര് തന്നെയായിരിക്കും സ്റ്റേഡിയത്തിന് നൽകുകയെന്നും സ്റ്റേഡിയം വാർഡിന്റെ കൗൺസിലറും കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഇതിൽ അംഗങ്ങളായിരിക്കുമെന്നും ചെയർമാൻ ടി. സക്കീർ ഹുസൈൻ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഈ വാഗ്ദാനങ്ങൾ ഒന്നും പാലിക്കാതെ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി വീണാ ജോർജ് പത്തനംതിട്ട നഗരസഭയെ അപമാനിച്ച് നിർമ്മാണ ഉദ്ഘാടനം നടത്തുകയായിരുന്നെന്ന് എസ്ഡി.പി.ഐ പാർലമെന്ററി പാർട്ടി ലീഡർ എസ്. ഷമീർ ചൂണ്ടിക്കാട്ടി. പാർട്ടി കൗൺസിലർമാരായ എസ്. ഷൈലജ, എസ്. ഷീല എന്നിവരും പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.