പത്തനംതിട്ട: പുല്ലാട് കേന്ദ്രമായ ജി ആൻഡ് ജി ഫിനാൻസ് സാമ്പത്തിക തട്ടിപ്പുകേസ് പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ കടുത്ത പ്രതിഷേധം അണപൊട്ടി.
മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയിട്ടും പ്രതികളായ സിന്ധു വി. നായർ, ലേഖ ലക്ഷ്മി എന്നിവരെ അറസ്റ്റ് ചെയ്യാൻ തയാറാകാത്തിൽ പ്രതിഷേധിച്ച് ജി ആൻഡ് ജി ഇൻവേസ്റ്റേഴ്സ് വെൽഫെയർ അസോസിയേഷൻ നേതൃത്വത്തിൽ ജില്ല പൊലീസ് മേധാവിയുടെ ഓഫിസ് മാർച്ച് നടത്തി.
വ്യാഴാഴ്ച രാവിലെ കലക്ടറേറ്റ് പടിക്കൽനിന്ന് ആരംഭിച്ച മാർച്ചിൽ നിരവധി നിക്ഷേപകർ പങ്കെടുത്തു. നഗരം ചുറ്റി ജില്ല പൊലീസ് മേധാവിയുടെ ഓഫിസിന് സമീപം എത്തിയപ്പോൾ പൊലീസ് ബാരിക്കേഡുവെച്ച് മാർച്ച് തടഞ്ഞു.
പ്രതികളായ തെള്ളിയൂർ സ്വദേശി ഗോപാലകൃഷ്ണൻ നായർ, മകൻ ഗോവിന്ദ് എന്നിവർ നേരത്തേ തിരുവല്ല ഡിവൈ.എസ്.പി ഓഫിസിൽ കീഴടങ്ങിയിരുന്നു. തട്ടിപ്പിലെ പ്രധാന കണ്ണികളായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ സിന്ധുവിനെയും മരുമകൾ ലേഖ ലക്ഷ്മിയെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇവർക്ക് ഉന്നതരുടെ സഹായം ലഭിക്കുന്നതായി നിക്ഷേപകർ ആരോപിച്ചു. ഏതാനും മാനേജർമാർക്കും തട്ടിപ്പിൽ പങ്കുള്ളതായി നിക്ഷേപകർ പറഞ്ഞു. 5000ത്തോളം പേരിൽനിന്നായി 800 കോടിയോളം രൂപയാണ് തട്ടിപ്പ് നടത്തിയതെന്ന് നിക്ഷേപകർ പറയുന്നു. എന്നാൽ ഇതുവരെ ലഭിച്ച പരാതികളിൽനിന്ന് 300കോടി തട്ടിയെടുത്തതായാണ് പൊലീസ് കണക്കൂകൂട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.