പത്തനംതിട്ട: ജില്ല കേന്ദ്രത്തിലെ ജനറൽ ആശുപത്രി ഒ.പിയിൽ രോഗികൾക്ക് മണിക്കൂറോളം കാത്തുനിൽക്കേണ്ടി വരുന്നു. തിങ്കളാഴ്ച ദിവസങ്ങളിൽ രോഗികളുടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്. ഡോക്ടർമാർ വാർഡിൽപോയി തിരികെ എത്താൻ താമസിക്കുന്നതും ചില ഡോക്ടർമാർ കൂടുതൽ അവധിയെടുക്കുന്നതും രോഗികളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. എത്തുന്നതിൽ അധികവും പ്രായമായ രോഗികളാണ്.
ഒ.പിയിലെ ചെറിയ ഇടനാഴിയിൽ മണിക്കൂറോളം കാത്തുനിന്ന് വേണം ഡോക്ടറെ കാണേണ്ടത്. ഇവിടെ വയോധികർക്കായി ആവശ്യമായ ഇരിപ്പിട സൗകര്യവുമില്ല. ഡോക്ടർമാർ ഒ.പിയിൽ എത്തിയാൽ തന്നെ പരിശോധനകൾ വേഗത്തിൽ നടത്തി ഒരുമണിക്ക് മുമ്പേ സ്ഥലം വിടും. പരിശോധന ഫലങ്ങളുമായി എത്തിയാൽ തന്നെ കാണാൻ കഴിഞ്ഞെന്ന് വരില്ല. പിന്നീട് ഫീസ് നൽകി സ്വകാര്യ ചികിത്സ നടത്തുന്ന ഇടങ്ങളിൽ പോയി കാണേണ്ട അവസ്ഥയാണ്.
മലയോര മേഖലകളിൽനിന്ന് ഉൾപ്പെടെ നൂറുകണക്കിന് രോഗികളാണ് നിത്യവും ചികിത്സക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയെ ആശ്രയിക്കുന്നത്. കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും മറ്റും റഫർചെയ്ത് വരുന്ന രോഗികളും ഇവിടെയാണ് എത്തുന്നത്.
അതേസമയം, ജനറൽ ആശുപത്രിയിലെ വിവിധ സേവനങ്ങളുടെ നിരക്ക് ഇരട്ടി വർധിച്ചത് സാമ്പത്തിക പ്രതിസന്ധിയിലായ സാധാരണക്കാരെ കാര്യമായി ബുദ്ധിമുട്ടിക്കുന്നുണ്ട്. ഒ.പി ടിക്കറ്റിനും ഇരട്ടി നിരക്കാണ് വാങ്ങുന്നത്. വിവിധ സേവനങ്ങൾക്കുള്ള ബില്ല് അടക്കാനും വരിനിന്ന് രോഗികളുടെ ബന്ധുക്കൾ ബുദ്ധിമുട്ടുകയാണ്. അഡ്മിഷൻ, ലാബ്, എക്സ്റേ, സി.ടി സ്കാൻ എന്നിവയുടെ ബില്ല് വൈകുന്നേരം മുതൽ രാവിലെ വരെ ഒ.പി ടിക്കറ്റ് കൗണ്ടറിലാണ് നൽകുന്നത്. ഈ സമയത്തെ ഒ.പി തിരക്കിലെ കുറവ് പരിഗണിച്ചാണ് ഇവിടെയാക്കിയത്. അതേസമയം, പകൽ ഇതിനായി പ്രത്യേകം സജ്ജീകരിച്ച ലാബിന് സമീപത്തെ കൗണ്ടറിലാണ് പണം അടക്കുന്നത്.
എന്നാൽ, അപകടം, റഫറൽ രോഗികൾ ഉൾപ്പെടെ അടിയന്തര ചികിത്സ ആവശ്യമുള്ളവർക്ക് ലാബ് കൗണ്ടറിലെ വരിനിൽപും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഒരു രോഗിയെ അഡ്മിറ്റ് ചെയ്യാൻ അരമണിക്കൂറോളം സമയം എടുത്താണ് രേഖകൾ പൂർത്തിയാക്കുന്നത്. ഇത്രയും സമയം അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളുമായി വന്നവർക്ക് എക്സ്റേ ഉൾപ്പെടെ ബില്ല് അടക്കാൻ പിന്നിൽ കാത്തുനിൽക്കുന്നത് ദിവസവും ബഹളത്തിൽ കലാശിക്കുന്നുണ്ട്.
ഇതിനായി ലാബ്, എക്സ്റേ, സി.ടി സ്കാൻ കേന്ദ്രങ്ങളിൽ തന്നെ പണം അടക്കാൻ സൗകര്യം ഏർപ്പെടുത്തിയാൽ രോഗികൾക്ക് വേഗം ചികിത്സ ഉറപ്പാക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.