പത്തനംതിട്ട: ബംഗാൾ ഉൾക്കടലയിൽ രൂപപ്പെട്ട ഫിൻജാൽ ചുഴലിക്കാറ്റ് തുടർന്നുണ്ടായ കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ജില്ലയില്‍ കനത്ത മഴ. ഞായറാഴ്ച രാവിലെ മുതല്‍ മലയോര ജില്ലയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തു.
ശനിയാഴ്ചയും പലയിടങ്ങളിലും നല്ല മഴ ലഭിച്ചിരുന്നു. നദികളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയര്‍ന്നു. ഞായറാഴ്ച പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച രാവിലത്തെ കണക്കുകള്‍ പ്രകാരം ജില്ല ആസ്ഥാനമായ പത്തനംതിട്ടയിലാണ് കൂടുതല്‍ മഴ ലഭിച്ചത്. 52 മില്ലീമീറ്റര്‍ മഴ പത്തനംതിട്ടയില്‍ പെയ്തു. നിലക്കലില്‍ 50 മില്ലീമീറ്ററും കോന്നി എസ്റ്റേറ്റില്‍ 38.3 മില്ലീമീറ്ററും മഴ ലഭിച്ചു. മൂഴിയാറില്‍ 36.2, പെരുന്തേനരുവി 43 മില്ലീമീറ്ററും മഴ ലഭിച്ചു. വനമേഖലയില്‍ മഴ കുറവായതിനാല്‍ നദികളില്‍ ജലനിരപ്പ് കാര്യമായി ഉയര്‍ന്നിരുന്നില്ല.
എന്നാല്‍, ഞായറാഴ്ച പകല്‍ മുഴുവന്‍ മഴ ലഭിച്ചതോടെ പമ്പ, അച്ചന്‍കോവില്‍, മണിമല നദികളില്‍ വൈകീട്ടോടെ ജലനിരപ്പ് ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ഗ്രാമീണ മേഖലകളില്‍ തോടുകളും കൈവഴികളും നിറഞ്ഞു. മഴ തുടരുന്നത് നഗര മേഖലകളിലടക്കം റോഡുകളില്‍ വെള്ളക്കെട്ടിനും കാരണമായി. മഴക്കൊപ്പം ചിലയിടങ്ങളില്‍ കാറ്റും ഇടിമിന്നലുമുണ്ടായി. കൃഷിനാശവും ഇതേത്തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.